കോഴിക്കോട്:ഓണത്തിന് മാഹാബലിക്ക് അല്ല പ്രാധാന്യം നല്‍കേണ്ടത് വാമനനാണെന്ന സംഘപരിവാര്‍ പ്രചരണങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ മലയാളികളുടെ ഹാഷ് ടാഗ് പ്രചരണം ശക്തമാവുന്നു.
മലയാളികളുടെ മഹാബലിടാ (#MahabaliDa) എന്ന ഹാഷ്ടാഗ് പ്രചരണം ഇതിനോടകം വൈറലായി കഴിഞ്ഞു. തങ്ങളുടെ രാജാവായ മഹാബലിയെ ചവിട്ടിത്താഴ്ത്താന്‍ വന്ന ഉത്തരേന്ത്യന്‍ ഗോസായി ബ്രാഹ്മണന്‍ വാമനനെ മലയാളിക്ക് വേണ്ട എന്നാണ് പോസ്റ്റുകളില്‍ പറയുന്നത്.

മലയാളികളുടെ ദേശീയ ഉത്സവമായി കൊണ്ടാടുന്ന ഓണം നീതിമാനായിരുന്ന അസുര ചക്രവര്‍ത്തി മഹാബലിയുമായി ബന്ധപ്പെടുത്തിയാണ് ആഘോഷിക്കുന്നത്.

എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി ഓണം മഹാബലിയുടെതാല്ല ആഘോഷിക്കേണ്ടതെന്നും അത് മഹാവിഷ്ണുവിന്റെ ബ്രാഹ്മണാവതാരമായ വാമനന്റെ ജന്മദിനമായണ് ആഘോഷിക്കേണ്ടതെന്നും സംഘപരിവാറിന്റെ വ്യാപക പ്രചരണമുണ്ട്. ഇതിന്റെ ഭാഗമായി ആര്‍.എസ്.എസിന്റെ മുഖപുസ്തകമായ കേസരിയില്‍ ലേഖനങ്ങളും വന്നിരുന്നു. ഇതിന് പിന്നാലെ ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ ശശികല ടീച്ചറും വാമനജയന്തിയെ ഉയര്‍ത്തി കാട്ടി രംഗത്തെത്തിയിരുന്നു.


Also read അമൃതാനന്ദമയി സാമ്രാജ്യം പടുത്തുയര്‍ത്തിയത് ആര്‍.എസ്.എസ് പിന്തുണയില്‍; ആള്‍ദൈവങ്ങള്‍ക്കെതിരെ സി.പി.ഐ.എം മുഖപത്രം


കഴിഞ്ഞ വര്‍ഷം ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായും വാമനജയന്തി നേര്‍ന്ന് കൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. അതിനെതിരെ ഉയര്‍ന്ന വ്യാപക പ്രതിഷേധത്തെതുടര്‍ന്ന് പിന്നീട് ഓണാശംകളും അദ്ദേഹം നേര്‍ന്നിരുന്നു.

കഴിഞ്ഞ ദിവസം തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രത്തില്‍ മഹാബലിയുടെ സ്മൃതി മണ്ഡപം സ്ഥാപിക്കുന്നതിനെതിരെ ഹിന്ദു ഐക്യവേദി കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.