Administrator
Administrator
ജീവകാരുണ്യത്തിന്റെ വിപണനമൂല്യവും അമൃതാനന്ദമയിയും
Administrator
Tuesday 30th October 2012 7:54am

നവസമ്പന്നവര്‍ഗം തങ്ങളുടെ സാംസ്‌കാരികവും മൂല്യപരവും ധൈഷണികവുമായ അധമബോധത്തെ മറച്ചുവയ്ക്കുന്നതിന് കണ്ടെത്തിയ മാര്‍ഗങ്ങള്‍ ക്ഷേത്രദര്‍ശനം, മന്ത്രവാദ-പൂജാദികര്‍മങ്ങള്‍, സിദ്ധരെയും മതാചാര്യരെയും ആദരിക്കല്‍, പൊട്ടുതൊടല്‍, ഏലസുകളും ജപച്ചരടുകളും കെട്ടുക, ബ്രേയ്‌സ്‌ലെറ്റുകളും മോതിരങ്ങളും മാലകളും ധരിക്കുക, പുണ്യതീര്‍ഥാടനം തുടങ്ങിയവയാണ്.

ഭാഗം രണ്ട്‌


എസ്സേയ്‌സ് /ജെ. രഘു


നവസമ്പന്നരുടെ അപകര്‍ഷത

J Raghuമലയാളികളില്‍ ഗണ്യമായൊരു വിഭാഗത്തെ ആകര്‍ഷിക്കാന്‍ അമൃതാനന്ദമയിക്ക് കഴിയുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കുന്നതിന് ഈ വിഭാഗത്തിന്റെ മനോനിലയെക്കുറിച്ച് പരിശോധിക്കേണ്ടതാവശ്യമാണ്. അമൃതാനന്ദമയിയുടെ ഭക്തരില്‍ ഭൂരിപക്ഷവും സവര്‍ണമധ്യവര്‍ഗങ്ങളാണ്. സമീപകാലത്ത് പണക്കാരായി മാറിയ ഈ വിഭാഗം പക്ഷെ, ആനുപാതികമായ മൂല്യസംസ്‌കാരികപരിവര്‍ത്തനത്തിലൂടെ കടന്നുപോയിട്ടില്ല.

കഴിഞ്ഞ മൂന്നു നാലു ദശകങ്ങള്‍ക്കുള്ളില്‍ കേരളത്തിലുണ്ടായ സാമ്പത്തികാഭിവൃദ്ധി ആന്തരികമായ പരിവര്‍ത്തനങ്ങളുടെ ഫലമായിരുന്നില്ല. ഗള്‍ഫ് നിക്ഷേപവും നാണ്യവിളകളുടെ വിലയിലുണ്ടായ വര്‍ധനവും ആഗോളവത്കരണം സൃഷ്ടിച്ച സാധ്യതകളും ദല്ലാള്‍-മാഫിയ പ്രവര്‍ത്തനങ്ങളും മൂല്യശുഷ്‌കരും ചിന്താശൂന്യരുമായ പണക്കാരുടെ പുതിയൊരു വിഭാഗത്തിനു ജന്മം നല്‍കുകയുണ്ടായി.

Ads By Google

മൂല്യപരവും സാംസ്‌കാരികവും സൗന്ദര്യപരവുമായ ഭാവുകത്വപരിണാമങ്ങളിലൂടെയൊന്നും കടന്നുപോകാതെതന്നെ ഇവരുടെ ഭൗതികജീവിതത്തില്‍ അഭൂതപൂര്‍വമായ മാറ്റങ്ങളുണ്ടായി. ഈ നവസമ്പന്നവര്‍ഗം തങ്ങളുടെ സാംസ്‌കാരികവും മൂല്യപരവും ധൈഷണികവുമായ അധമബോധത്തെ മറച്ചുവയ്ക്കുന്നതിന് കണ്ടെത്തിയ മാര്‍ഗങ്ങള്‍ ക്ഷേത്രദര്‍ശനം, മന്ത്രവാദ-പൂജാദികര്‍മങ്ങള്‍, സിദ്ധരെയും മതാചാര്യരെയും ആദരിക്കല്‍, പൊട്ടുതൊടല്‍, ഏലസുകളും ജപച്ചരടുകളും കെട്ടുക, ബ്രേയ്‌സ്‌ലെറ്റുകളും മോതിരങ്ങളും മാലകളും ധരിക്കുക, പുണ്യതീര്‍ഥാടനം തുടങ്ങിയവയാണ്.

ഇത്തരം പ്രവൃത്തികളിലൂടെ ഇവര്‍ സ്വന്തം സമ്പന്നതയുടെ ആന്തരികമായ ക്ഷുദ്രതയേയും ജ്ഞാനശൂന്യതയെയും പുണ്യവത്കരിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ ആധുനികോത്തരമായ സമ്പന്നതയ്‌ക്കൊപ്പം വിശുദ്ധവത്കരിക്കപ്പെട്ട സാംസ്‌കാരികപകര്‍ഷതയും വളരുകയാണുണ്ടായത്. ആന്തരികമായ അധമത്വങ്ങള്‍ക്ക്, നിസ്സാരതകള്‍ക്ക്, ധിഷണാശൂന്യതയ്ക്ക്, മൂല്യശുഷ്‌കതയ്ക്ക് ഈ പണക്കാര്‍ ആത്മീയ പരിവേഷം നല്‍കി. എന്നാല്‍ ഈ ആത്മീയ പരിവേഷത്തിനു മനശാസ്ത്രപരമായ പ്രഭാവമുണ്ടാകണമെങ്കില്‍ അത് ഏതെങ്കിലുമൊരു വ്യക്തിയിലൂടെ മൂര്‍ത്തരൂപം ആര്‍ജിക്കേണ്ടതുണ്ട്.

ഇത്തരമൊരു ചരിത്രസന്ധിയാണ് അമൃതാനന്ദമയിയെ സാധ്യമാക്കിയത്. ഇവര്‍ക്ക് വിദ്യാഭ്യാസമില്ല, പാണ്ഡിത്യമില്ല, മൂല്യശിക്ഷണമില്ല, ഉയര്‍ന്ന ചിന്താശക്തിയില്ല, സൗന്ദര്യമില്ല. നവസമ്പന്നവര്‍ഗത്തിന്റെ ആന്തരികവ്യക്തിത്വത്തിന്റെ എല്ലാ ലക്ഷണങ്ങളുടെയും ആള്‍രൂപമായി മാറാന്‍ അമൃതാനന്ദമയിയ്ക്കുകഴിഞ്ഞു. ഭക്തി-ഭജനഗാനാലാപനോന്മാദം ഇവരുടെ ആത്മീയമായ ആകര്‍ഷണീയത വര്‍ധിപ്പിക്കുകയും ചെയ്തു. പ്രാദേശികമായി ആവിര്‍ഭവിച്ച ഈ പ്രതിഭാസത്തെ അമൃതാനന്ദമയിയായും അമ്മയായും വളര്‍ത്തിയെടുക്കുന്നതില്‍ കേരളത്തിലെ മാധ്യമ മീഡിയോക്രിറ്റി വഹിച്ച പങ്ക് നിസ്സാരമല്ല.

ശുഭ്രവസ്ത്രധാരിയായ ഈ അമ്മ ഓരോ ഭക്തന്റെയും ഭക്തയുടെയും അധമമായ ആന്തരികതയെ ആശ്ലേഷത്തിലൂടെ വാത്സല്യപൂര്‍വം ആത്മീയവത്കരിക്കുന്നു. തങ്ങളുടെ ആന്തരിക ക്ഷുദ്രതയെക്കുറിച്ചുള്ള അപകര്‍ഷബോധത്തില്‍നിന്ന് ഭക്തര്‍ക്ക് ആശ്ലേഷ നിമിഷങ്ങളിലെങ്കിലും ശാന്തി ലഭിക്കുന്നു. കേരളത്തിലെ പുത്തന്‍പണക്കാരുടെ ആന്തരികമായ അപകര്‍ഷതയുടെ മൂര്‍ത്തീരൂപമാണ് അമൃതാനന്ദമയി.

ഈ പുത്തന്‍പണക്കാര്‍ക്ക് തങ്ങളുടെ ആന്തരികാപകര്‍ഷതയെ സ്വയം ആശ്ലേഷിക്കാനുള്ള മനശാസ്ത്രപരമായ വാഞ്ചയുണ്ടാവും. പക്ഷെ, സ്വയം ആശ്ലേഷിക്കുക അസാധ്യവുമാണ്. അതിനാല്‍ ഇവര്‍ സ്വന്തം ആന്തരികാധമത്വത്തെ പ്രതിനിധീകരിക്കാന്‍ കഴിയുന്ന ഒരു ശുഷ്‌കവ്യക്തിത്വത്തെ തേടുന്നു. അമൃതാനന്ദമയിയുടെ ആശ്ലേഷം അവര്‍ക്ക് ആത്മാശ്ലേഷത്തിന്റെ മനോവിശ്രാന്തി നല്കുന്നു. പ്രബുദ്ധമായ സമൂഹത്തിനുമുന്നില്‍ ആത്മ സങ്കോചം മാത്രം അനുഭവിക്കുന്ന ഇവരെ ‘മോനെ മോളെ’ വിളികള്‍ കൊണ്ട് അമൃതാനന്ദമയി സാന്ത്വനിപ്പിക്കുകയും ചെയ്യുന്നു.

ശരാശരി മലയാളികള്‍ അവികസിത മനസ്സിനെ വഹിക്കുന്ന ആധുനിക ശരീരങ്ങളാണ്. ആധുനിക ശാസ്ത്രീയ-സാങ്കേതിക വൈദഗ്ധ്യത്തിന്റെ പ്രത്യേകത അതിനാധാരമായ ശാസ്ത്രീയ മനസ്സില്‍നിന്ന് അതിനു സ്വതന്ത്രമായി നില്‍ക്കാന്‍ കഴിയുന്നു എന്നതാണ്. ശാസ്ത്രീയമനോഘടന ആര്‍ജിച്ചിട്ടില്ലാത്ത അവികസിത മനസ്സിന്റെ ഉടമകള്‍ക്കും ശാസ്ത്രീയ വൈദഗ്ധ്യം സ്വായത്തമാക്കാനും പ്രയോഗിക്കാനും കഴിയുന്നത് അതുകൊണ്ടാണ്. തേങ്ങയുടച്ച് റോക്കറ്റ് വിക്ഷേപിക്കുന്ന ബഹിരാകാശ സാങ്കേതിക വിദഗ്ധനും എല്ലാം ദൈവത്തിന്റെ കൈയിലാണെന്ന് ആശ്വസിപ്പിക്കുന്ന ന്യൂറോളജിസ്റ്റും പ്രതീകവത്കരിക്കുന്നത് ആധുനിക ശരീരവും അവികസിത മനസ്സുമായി ജീവിക്കുന്ന മലയാളിയുടെ വൈപരീത്യത്തെയാണ്.

ആധുനിക ശാസ്ത്രീയ മനസ്സിനെ നിരാകരിക്കുകയും ആധുനികസാങ്കേതികതയെ സ്വീകരിക്കുകയും ചെയ്യുന്നു എന്നതാണ് മലയാളിയുടെ പ്രത്യേകത. അന്ധവിശ്വാസങ്ങളിലും ജാതകപ്പൊരുത്ത-ദോഷങ്ങളിലും പൊങ്കാലയിലും രോഗശാന്തിശുശ്രൂഷയിലും തിരുമുടിയിലും ഹജ്ജ് തീര്‍ഥാടനത്തിലും അമൃതാനന്ദമയ ഭക്തിയിലും ആരാധനാലയ നിര്‍മാണത്തിലും ആമഗ്നരായ മലയാളിയുടെ അവികസിത മനസ്സിന്, ആധുനികത ഒരു ഉപഭോഗ വസ്തുമാത്രമാണ്.ആധുനികതയെ ഒരു ചിന്താരീതിയായും സാംസ്‌കാരികമൂല്യവ്യവസ്ഥയായും അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന മലയാളികള്‍ക്ക് അതിന്റെ ഭൗതിക പ്രയോജനത്തെ ആശ്ലേഷിക്കാന്‍ യാതൊരു മടിയുമില്ല.

കേരളം ഒരു ആധുനിക സമൂഹമാണ് എന്നു പറയുമ്പോള്‍ അര്‍ത്ഥമാക്കേണ്ടത് പിരമിതമായ ആധുനിക ഭൗതികസമൂഹം എന്നു മാത്രമാണ്. ചിന്താപരമായി കേരളത്തെ ഒരു ആധുനികസമൂഹം എന്നു വിശേഷിപ്പിക്കാനാവില്ല. മാനസികമായ അവികസിതാവസ്ഥയും ആധുനികമായ ഉപഭോഗവും തമ്മിലുള്ള വിടവ് സൃഷ്ടിക്കുന്ന അഗാധമായ അരക്ഷിതത്വത്തിന്റെ, ഭയത്തിന്റെ, അപകര്‍ഷതയുടെ, സൃഷ്ടിയാണ് പെരുകിക്കൊണ്ടിരിക്കുന്ന മതാത്മകത. ഇന്നു കേരളത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഭക്തി-ആത്മീയതാ പ്രകടനങ്ങള്‍ ഒരുതരം ‘സ്‌കൈസോയ്ഡ്’ പ്രവണതകളുടെ ബാഹ്യപ്രകാശനങ്ങളാണ്.

അമൃതാനന്ദമയിയെപ്പോലുള്ളവരുടെ നവയുഗ ആത്മീയതയ്ക്ക് മതാത്മകമല്ലാത്ത പ്രതിച്ഛായ ആര്‍ജിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും അത് ഈ അവികസിത മനസ്സിന്റെ സൃഷ്ടി തന്നെയാണ്. ഉന്നത സാങ്കേതിക വിദഗ്ധരും ന്യായാധിപന്മാരും രാഷ്ട്രീയനേതാക്കളും അമൃതാനന്ദമയിയിലേക്ക് ആകര്‍ഷിക്കപ്പെടുന്നതിനു കാരണം അവരുടെ മാനസികമായ അവികസിതാവസ്ഥയാണ്. ആശ്ലേഷത്തിലൂടെ പരിലാളനതയിലൂടെ ഈ അവികസിതാവസ്ഥയെ പുണ്യവത്കരിക്കുകയും സാധൂകരിക്കുകയും ചെയ്യുന്ന ധര്‍മമാണ് അമൃതാനന്ദമയി നിര്‍വഹിക്കുന്നത്.
അടുത്ത പേജില്‍ തുടരുന്നു

Advertisement