ജിദ്ദ: വ്യാജ വിസയില്‍ എത്തി വഞ്ചിതരായ മലയാളി യുവാക്കള്‍ 8 മാസത്തിന് ശേഷം നാട്ടിലേക്ക് മടങ്ങി. ഫറോക്കിനടുത്ത മണ്ണൂര്‍ സ്വദേശി അത്തിപറമ്പത്ത് മുനീര്‍, കൊണ്ടോട്ടി ഓമാനൂര്‍ സ്വദേശി എം പി മുഹമ്മദ് കുട്ടി എന്നിവരാണ് വന്‍ കട ബാധ്യതയുമായി കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരിച്ചെത്തിയത്.
ഒന്നര ലക്ഷത്തിലധികം രൂപ കൊടുത്താണ് ഇവര്‍ വിസ വാങ്ങിയത്. സൗദിയില്‍ എത്തിയപ്പോഴേക്കും വിസ നല്‍കിയ മലയാളി ഏജന്റ് ഏതോ കേസില്‍ കുടുങ്ങി ജിദ്ദയിലെ ബുറൈമാന്‍ ജയിലില്‍ അകപ്പെട്ടിരുന്നു. തുടര്‍ന്ന് ഇഖാമയെടുക്കാനായി സ്പാണ്‍സറെ സമീപിച്ചു. അപ്പോഴാണ് സ്‌പോണ്‍സര്‍ അറിയാതെയാണ് സര്‍വ്വീസ് ഓഫീസ് നടത്തുന്ന സൗദിയും മലയാളി ഏജന്റും ചേര്‍ന്ന് അദ്ദേഹത്തിന്റെ പേരില്‍ വ്യാജ വിസ ഉണ്ടാക്കുകയായിരുന്നുവെന്ന് മനസ്സിലായത്. തട്ടിപ്പ് വെളിച്ചത്തായതോടെ വ്യാജ വിസയുണ്ടാക്കിയ ഓഫീസ് ഉടമക്കെതിരെ സ്‌പോണ്‍സര്‍ കേസു കൊടുത്തു. കേസില്‍ കുടുങ്ങിയതിനാല്‍ ഇഖാമയും ജോലിയും ഇല്ലാതെ മുനീറും മുഹമ്മദ് കുട്ടിയും ദുരിതത്തിലായി. ചില സുമനസ്സുകളുടെ സഹായത്തോടെയാണ് ഇതുവരെ പട്ടിണിയില്ലാതെ കഴിഞ്ഞതെന്ന് ഇവര്‍ പറയുന്നു. ഇതിനിടെ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകര്‍ മുഖേന ഇവര്‍ ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പരാതി നല്‍കി. കോണ്‍സുലേറ്റ് വെല്‍ഫെയര്‍ വിഭാഗം ഇവരുടെ കാര്യത്തില്‍ പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ജിദ്ദ ലേബര്‍ കോടതിയെ സമീപിച്ചു. തുടര്‍ന്ന് മുനീറിനെയും മുഹമ്മദ് കുട്ടിയെയും നാട്ടിലേക്ക് തിരിച്ചയക്കാന്‍ കോടതി സ്‌പോണ്‍സറോട് ഉത്തരവിടുകയായിരുന്നു. എക്‌സിറ്റ് ലഭിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി അവര്‍ നാട്ടിലേക്ക് മടങ്ങി.
തങ്ങളുടെ പ്രശ്‌നത്തില്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കിയ ജിദ്ദ കോണ്‍സുലേറ്റിലെ വെല്‍ഫെയര്‍ കോണ്‍സല്‍ എസ്.ഡി മൂര്‍ത്തി, ബദറുദ്ദീന്‍, ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകര്‍ എന്നിവരോടെല്ലാം മുനീറും മുഹമ്മദ് കുട്ടിയും നന്ദി അറിയിച്ചു.