ബാംഗ്ലൂര്‍:  മലയാളി യുവതിയെ ബാംഗ്ലൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗുരുവായൂര്‍ സ്വദേശിനി റോഷ്‌നി ആണ് മരിച്ചത്. മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

Ads By Google

ഇവര്‍ താമസിക്കുന്ന കോറമംഗലത്തെ വീട്ടിനുളളിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവരുടെ വീട്  പൂട്ടിയിട്ട നിലയിലായിരുന്നു.

വീട്ടിനുള്ളില്‍ നിന്നു ദുര്‍ഗന്ധം വമിക്കുന്നതായി അയല്‍വാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാത്രി പൊലീസെത്തി വീട് തുറന്നപ്പോഴാണ്   മൃതദേഹം കണ്ടെത്തിയത്. രണ്ട് മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് മരണം നടന്നതെന്നാണ് കരുതുന്നത്.

ഭര്‍ത്താവ് ഹരിദാസിനൊപ്പമാണ് റോഷ്‌നി താമസിച്ചിരുന്നത്. സ്വകാര്യകമ്പനിയില്‍ ഡ്രൈവറായ ഹരിദാസിനെ കുറിച്ച് പൊലീസിന് വിവരമൊന്നും ലഭിച്ചിട്ടില്ല. എട്ടുവര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം.

സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. റോഷ്‌നിയുടെ ഭര്‍ത്താവിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായി പോലീസ് അറിയിച്ചു.