എഡിറ്റര്‍
എഡിറ്റര്‍
ബാംഗ്ലൂരില്‍ യുവതി ആക്രമിക്കപ്പെട്ട സംഭവം: പ്രതിക്കായി ഊര്‍ജിത അന്വേഷണം
എഡിറ്റര്‍
Wednesday 20th November 2013 9:26am

banguluru-atm

ബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ മലയാളി യുവതി എ.ടി.എം കൗണ്ടറില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി.

അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി ബാംഗ്ലൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ രാഘവേന്ദ്ര ഔരാധ്കര്‍ അറിയിച്ചു.

എ.ടി.എം കൗണ്ടറിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നു പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

ബാങ്ക് ഉദ്യോഗസ്ഥയായ ജ്യോതി ഉദയ എന്ന മലയാളിയാണ് ആക്രമണത്തിന് ഇരയായത്. ഇവരുടെ പിതാവ് തിരുവനന്തപുരം സ്വദേശിയും മാതാവ് കര്‍ണാടകക്കാരിയുമാണ്.

എല്‍.ഐ.സി ബില്‍ഡിങ്ങിന് സമീപമുള്ള എ.ടി.എം കൗണ്ടറില്‍ രാവിലെ ആയിരുന്നു സംഭവം. മുപ്പത്തിയെട്ടുകാരിയായ ജ്യോതിയെ അക്രമി വെട്ടിപ്പരിക്കേല്‍പിക്കുന്ന ദൃശ്യങ്ങള്‍ സിസി ടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

യുവതി പണമെടുക്കാനായി എ.ടി.എമ്മില്‍ കയറിയ ഉടനെ ഇയാളും കയറുകയായിരുന്നു. ഷട്ടറടച്ചതിന് ശേഷം യുവതിയോട് പണമെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. വിസമ്മതിച്ച യുവതിയെ ഇയാള്‍ വെട്ടുകയും തുടര്‍ന്ന് പുറത്തിറങ്ങി ഷട്ടറിടുകയുമായിരുന്നു.

എ.ടി.എം കൗണ്ടറിന് പുറത്ത് ചോരപ്പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ്  വെട്ടേറ്റ് അവശനിലയിലായ ജ്യോതിയെ കണ്ടെത്തിയത്.

തുടര്‍ന്ന് പൊലീസും നാട്ടുകാരും ചേര്‍ന്ന് യുവതിയെ ആശുപത്രിയിലാക്കി. യുവതിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

Advertisement