Administrator
Administrator
സ്‌പൈഡര്‍മാനെ അനുകരിക്കാന്‍ ശ്രമിച്ച മലയാളി ബാലന്‍ ബെല്‍റ്റ് കുരുങ്ങി മരിച്ചു
Administrator
Thursday 6th October 2011 10:32am

ഷാര്‍ജ:സ്‌പൈഡര്‍മാനെ അനുകരിക്കാന്‍ ശ്രമിച്ച മലയാളി ബാലന്‍ കരാട്ടെ ബെല്‍റ്റ് കഴുത്തില്‍ കുരുങ്ങി മരിച്ചു. ഷാര്‍ജ ദല്‍ഹി പ്രൈവറ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയും കൊച്ചി പാലാരിവട്ടം സ്വദേശികളായ ബേബി കുര്യാക്കൊസിന്റെയും വത്സമ്മ ജോസിന്റെയും മകനുമായ ദാനിയല്‍ ബേബി (11 ) യാണ് അപകടത്തില്‍ പെട്ടത് . ഞായറാഴ്ച മാതാപിതാക്കള്‍ ജോലിക്ക് പോയ സമയം മൈസലൂനിലെ വീട്ടില്‍ ഒറ്റയ്ക്ക് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടി വാതിലിനു മുകളില്‍ കൊളുത്തിയ കരാട്ടെ ബെല്‍റ്റ് കഴുത്തില്‍ മുറുക്കി മരിക്കുകയായിരുന്നു.

ഇഷ്ട കാര്‍ടൂണ്‍ കഥാപാത്രമായ സ്‌പൈഡര്‍മാനെ പോലെ വായുവില്‍ ഉയര്‍ന്നു നിന്ന് കസേരയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്നാണ് നിഗമനം . മാതാവ് ജോലി കഴിഞ്ഞെത്തിയപ്പോള്‍ മുറിയുടെ വാതില്‍ അകത്തു നിന്ന് അടച്ച നിലയിലായിരുന്നു. സമീപ വാസികളുടെ സഹായത്തോടെ മുറി തുറന്നപ്പോഴാണ് വാതിലിനു പിറകില്‍ കാല്‍ തറയില്‍ കുത്തിയ നിലയില്‍ കാണപ്പെട്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ചെറുപ്പം മുതല്‍ കരാട്ടെ അഭ്യസിക്കുന്ന ദാനിയലിന്റെ വേര്‍പാട് സഹാപാടികള്‍ക്കും സുഹ്രത്തുക്കള്‍ക്കും വലിയ ആഘാതമായി മാറി.

സ്വകാര്യ ഷിപ്പിംഗ് സ്ഥാപനത്തില്‍ അക്കൗണ്ടന്റായ ബേബിയുടെയും നഴ്‌സായ വത്സമ്മയുടെയും ഏക പുത്രനായിരുന്നു ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന ദാനിയല്‍. സംഭവത്തെ കുറിച്ചു പോലീസ് അന്വേഷണം ആരംഭിച്ചു.മൃതദേഹം ഷാര്‍ജ പോലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കരാട്ടെ പഠിക്കുന്ന കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ വീട്ടില്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു

Advertisement