കൊല്‍ക്കൊത്ത: ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ടതിന്റെ പേരില്‍ 686 നഴ്‌സുമാരെ പിരിച്ചുവിട്ടു. ഇതില്‍ പ്രതിഷേധിച്ച്  ആശുപത്രിയിലെ 900 നഴ്‌സുമാര്‍ രാജിവെച്ചു. കൊല്‍ക്കത്ത മുകുന്ദാപൂര്‍ രവീന്ദ്രനാഥ ടാഗോര്‍ ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കാര്‍ഡിയാക് സയന്‍സിലാണ് സംഭവം.

ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് 15 ദിവസം മുന്‍പ് ആശുപത്രി അധികൃതര്‍ക്ക് നഴ്‌സുമാര്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ തീരുമാനമുണ്ടാകാത്ത സാഹചര്യത്തില്‍ നഴ്‌സുമാര്‍ രാജിസന്നദ്ധത അറിയിക്കുന്നതിനായി മാനേജ്‌മെന്റിനെ സമീപിച്ചപ്പോള്‍, 24 മണിക്കൂറിനുള്ളില്‍ രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് സന്നദ്ധതപത്രത്തില്‍ ബലമായി ഒപ്പിടുവിക്കുകയായിരുന്നെന്ന്് നഴ്‌സുമാര്‍ പറയുന്നു. പിരിച്ചുവിട്ട 686 നഴ്‌സുമാരില്‍ ഏറെയും മലയാളികളാണ്. പഞ്ചിംഗ് കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും പിടിച്ചുവെച്ചതായും നഴ്‌സുമാര്‍ പറയുന്നു.

Subscribe Us:

ആശുപത്രിയിലെ മലയാളി ജീവനക്കാര്‍ക്കു നേരെ നിരന്തരം പീഡനം അഴിച്ചുവിടുന്ന മനോഭാവമാണ് മാനേജ്‌മെന്റിനുള്ളതെന്ന് മലയാളി നഴ്‌സുമാര്‍ പ്രതികരിച്ചു. 1200 ജീവനക്കാരുള്ള ഈ ആശുപത്രിയില്‍ 900 പേരും മലയാളികളാണ്. സമരം തുടരാന്‍ തന്നെയാണ് നഴ്‌സുമാര്‍ തീരുമാനിച്ചിരിക്കുന്നത്.

മുംബൈയിലെ ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടില്‍ മലയാളി നഴ്‌സുമാര്‍ സമരം നടത്തിയതിന് പിന്നാലെയാണ് കൊല്‍ക്കത്തയിലും സമരം ആരംഭിച്ചിരിക്കുന്നത്. സര്‍ട്ടിഫിക്കറ്റുകള്‍ ആശുപത്രി അധികൃതര്‍ പിടിച്ചുവെച്ചതില്‍ മനംനൊന്ത് മലയാളി നഴ്‌സ് ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നായിരുന്നു മുംബൈയില്‍ നഴ്‌സുമാരുടെ സമരം. നാലുദിവസം നീണ്ടുനിന്ന സമരം സര്‍ട്ടിഫിക്കറ്റുകള്‍ ഉപാധികളില്ലാതെ തിരികെ നല്‍കാമെന്ന് അധികൃതര്‍ സമ്മതിച്ചതിനെത്തുടര്‍ന്നാണ് അവസാനിച്ചത്.