ന്യൂദല്‍ഹി: ഹരിയാനയിലെ ഫരീദാബാദില്‍ രണ്ട് ആശുപത്രികളിലായി നാനൂറോളം മലയാളി നേഴ്‌സുമാര്‍ നടത്തുന്ന സമരം ഒരുമാസം പിന്നിട്ടു.  വേതനപരിഷ്‌കരണവും മറ്റ് ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് മെയ് ഏഴിനാണ് സമരം തുടങ്ങിയത്. ക്യു.ആര്‍.ജി സെന്‍ട്രല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിലെയും ഏഷ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെയും നേഴ്‌സുമാരാണ് സമരം തുടങ്ങിയത്.

സമരം അടിച്ചമര്‍ത്താന്‍ ആശുപത്രി മാനേജിന്റെ ഭാഗത്തുനിന്നും ശക്തമായ ശ്രമങ്ങളുണ്ട്.  സമരം ചെയ്തതിന് 36 പേരെ മാനേജ്‌മെന്റുകള്‍ പുറത്താക്കി. ശനിയാഴ്ച ക്യു.ആര്‍.ജിയിലെ എല്‍ദോ എന്ന നേഴ്‌സിനെ ആശുപത്രി സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദിച്ചു. എല്‍ദോയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പിടിച്ചുമാറ്റാന്‍ ചെന്ന വനിതാ നേഴ്‌സുമാരും അക്രമത്തിനിരയായി. അക്രമത്തെതുടര്‍ന്ന് പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നേഴ്‌സുമാര്‍ ദേശീയ മനുഷ്യാവകാശ കമീഷനെ സമീപിച്ചിരിക്കുകയാണിപ്പോള്‍.

ഇവിടെയുള്ള മലയാളി നഴ്‌സുമാരില്‍ ഭൂരിപക്ഷവും സ്ത്രീകളാണ്. ‘ഞങ്ങളൊക്കെ വിദ്യാഭ്യാസ വായ്പ എടുത്ത് പഠിച്ചവരാണ്. ജീവിക്കാനുള്ള പണംപോലും തരാന്‍ മാനേജ്‌മെന്റ് തയ്യാറല്ല. പിന്നെങ്ങനെ വിദ്യാഭ്യാസ വായ്പ അടയ്ക്കാനാകും. ഞങ്ങള്‍ ജപ്തി ഭീഷണിയിലാണ്’ സമരം ചെയ്യുന്ന നഴ്‌സുമാരിലൊരാള്‍ പറഞ്ഞു.

‘ഒരുമാസമായി സമരം തുടരുന്നതിനാല്‍ പലരുടെയും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. എന്നാല്‍, മാനേജ്‌മെന്റിന്റെ ചൂഷണവും നീതികേടും അംഗീകരിക്കില്ല. സമരം ചെയ്തതിന് പുറത്താക്കപ്പെട്ട ബേസില്‍ പറഞ്ഞു.

ഹരിയാനയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയായ ഹരിയാന സര്‍വകര്‍മചാരിസംഘ്, ദല്‍ഹി മലയാളികളുടെ സാംസ്‌കാരിക സംഘടനയായ ജനസംസ്‌കൃതി, മലയാളീസ് വെല്‍ഫെയര്‍ അസോസിയേഷന്‍ എന്നീ സംഘടനകള്‍ സമരത്തിന് പിന്തുണയുമായുണ്ട്.