റിയാദ് :സൗദി ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലെ അല്‍ ഖസ്സിം പ്രവിശ്യയിലെ ഖിബ ആശുപത്രിയിലെ മലയാളി നഴ്സ് നേഴ്‌സ് കൂത്താട്ടുകുളം സ്വദേശി ജിന്‍സി മത്തായി(23) മരണപ്പെട്ടു.

ദല്‍ഹിയില്‍ സ്ഥിരതാമസക്കാരായ കൂത്താട്ടുകുളം കോലത്തേല്‍ വീട്ടില്‍ കെ. വി. മാത്യു ജോളി ദമ്പതികളുടെ മകളാണ്. കുളിമുറിയില്‍ വീണ് തലയ്ക്കു ക്ഷതം സംഭവിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.

രണ്ടാഴ്ച മുന്‍പാണ് അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും മടങ്ങി എത്തിയത്. ഖിബ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

ഖസ്സിം പ്രവാസി സംഘം പ്രവര്‍ത്തകരായ പര്‍വീസ് തലശ്ശേരി, ഷാജഹാന്‍ ഹംസ, അഡ്വക്കേറ്റ് സന്തോഷ് കുമാര്‍ എന്നിവര്‍ ബുറൈദയില്‍ നിന്നും ഖിബയില്‍ എത്തി ആശുപത്രി മേധാവി, ഖിബ പോലീസ് മേധാവി എന്നിവരുമായി നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള ചര്‍ച്ച നടത്തി.

ജിന്‍സിയുടെ ബന്ധുക്കളുടെ അഭ്യര്‍ഥനപ്രകാരം ഭൗതികശരീരം നാട്ടില്‍ എത്തിക്കാനുള്ള ചുമതല ഖസിം പ്രവാസി സംഘം ഏറ്റെടുക്കുകയും അതിനുള്ള പവര്‍ ഓഫ് അറ്റോണി ഖസ്സിം പ്രവാസി സംഘം സെക്രട്ടറി പര്‍വീസ് തലശ്ശേരിയുടെ പേരില്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.

റിപ്പോര്‍ട്ട് :റിയാദ് ബ്യുറോ