കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ കൊലക്കേസ് പ്രതിയായ മലയാളി പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു.മോഹനകൃഷ്ണ്‌നെയാണ് (25) ഏറ്റുമുട്ടലില്‍ പോലീസ് വധിച്ചത്. വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് മോഹനകൃഷ്ണന്‍.

തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെ ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ജീപ്പില്‍വെച്ച് റിവോള്‍വര്‍ തട്ടിയെടുത്ത് വെടിയുതിര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ നടന്ന ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. കോയമ്പത്തൂര്‍ സിറ്റിപോലീസ് ഇന്‍സ്‌പെക്ടര്‍ അണ്ണാദുരൈയാണ് വെടിവെച്ചത്.

ഒക്ടോബര്‍ 29ന് കോയമ്പത്തൂരിലെ വസ്ത്രവ്യാപാരിയുടെ മക്കളായ ഋത്വിക് (8), മസ്‌കിന്‍ ജയിന്‍(13) എന്നിവവരെ മോഹനകൃഷ്ണന്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. മറ്റൊരു പ്രതിയായ മനോഹരന്റെ സഹായവും ഇയാള്‍ക്ക് ലഭിച്ചു. തുടര്‍ന്ന് ഉദുമല്‍പേട്ടയില്‍വച്ച് മസ്‌കിനെ മാനഭംഗപ്പെടുത്തുകയും ഇരുവരെയും കൊലപ്പെടുത്തി കനാലില്‍ ഉപേക്ഷിക്കുകയുമായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടെ മോഹനകൃഷ്ണനെയും മനോഹരനെയും പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു.