മനാമ: ബഹറിനില്‍ പ്രക്ഷോഭകാരികളെ അടിച്ചമര്‍ത്തുന്ന നടപടി കൂടുതല്‍ ശക്തമായി. പ്രക്ഷോഭമേഖലകളിലൊന്നായ ബുദയയില്‍ മലയാളി വെടിയേറ്റു മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. പത്തനം തിട്ട സ്വദേശി സ്റ്റീഫന്‍ എബ്രഹാം ആണ് മരിച്ചത്. അല്‍മെയ്ഡ് കമ്പനിയുടെ കീഴില്‍ അവാല്‍ ഡെയറിയിലാണ് അബ്രഹാം ജോലിചെയ്തിരുന്നത്.

ബഹ്‌റിനില്‍ പ്രകടനം നടത്തുന്നവരെ അതിദാരുണമായാണ് സൈന്യം നേരിടുന്നതെന്നാണ് റിപ്പോര്‍ട്ട്. ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സിലിന്റെ പിന്തുണയോടെ എത്തിയ സൈന്യം ടാങ്കുകളും കവചിത വാഹനങ്ങളും ഉപയോഗിച്ച് പ്രക്ഷോഭകാരികളെ അടിച്ചമര്‍ത്തുകയാണ്.

തലസ്ഥാനമായ മനാമയിലാണ് പ്രക്ഷോഭം ശക്തമായിട്ടുള്ളത്. ഷിയ പ്രതിഷേധക്കാര്‍ക്കുനേരെ സൈന്യം നടത്തിയ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതിനിടെ ബഹ്‌റിനിലെ അരക്ഷിതാവസ്ഥയില്‍ അമേരിക്ക ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്്. പ്രക്ഷോഭകാരികളെ അടിച്ചമര്‍ത്തുന്നത് ന്യായീകരിക്കാനാവില്ലെന്നും പ്രശ്‌നത്തില്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ ആവശ്യപ്പെട്ടു.