മലയാളി പ്രേക്ഷക മനസ്സില്‍ ഇടം നേടിയ ശരണ്യാമോഹന്‍ ഇനി ബോളീവുഡിലേക്ക്. വെണ്ണിലാ കബഡികുഴു എന്ന തമിഴ് ചിത്രത്തിന്റെ ഹിന്ദി പതിപ്പിലാണ് ശരണ്യ ബോളീവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്.

Ads By Google

തമിഴിലും തെലുങ്കിലും ഈ ചിത്രത്തിന്റെ നായിക ശരണ്യ തന്നെയായിരുന്നു. തെലുങ്കില്‍ ഭീംലി കബഡി ജാട്ടു എന്നായിരുന്നു ചിത്രത്തിന്റെ പേര്.

തമിഴിലും തെലുങ്കിലും ചിത്രം ഹിറ്റായിരുന്നു. അത്‌കൊണ്ട് തന്നെയാണ് ബദ്‌ലാപുര്‍ ബോയ്‌സ് എന്ന് പേരിട്ടിരിക്കുന്ന ബോളിവുഡ് ചിത്രത്തിലും ശരണ്യയെ തന്നെ നായികയാക്കാന്‍  സംവിധായകന്‍ തീരുമാനിച്ചത്.’

ഈ ചിത്രത്തിന്റെ മൂന്ന് ഭാഷകളിലും അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഭാഷകളുടെ വ്യത്യാസമനുസരിച്ച് ചെറിയതരത്തിലുള്ള മാറ്റങ്ങള്‍ ചിത്രത്തില്‍ കാണാം.

തമിഴില്‍ ചിത്രം ഷൂട്ട് ചെയ്തത് തനി ഗ്രാമത്തില്‍ ആയിരുന്നു. തെലുങ്കിലും ഹിന്ദിയിലും ഇതിന് മാറ്റം ഉണ്ട്. ബോളിവുഡില്‍ ചിത്രം കൂടുതല്‍ മികച്ചതാവും -ശരണ്യ പറഞ്ഞു.

ബോളിവുഡില്‍ ശരണ്യയുടെ നായകനായി എത്തുന്നത് കന്നട താരം നിഷാന്‍ ആണ്. ഋതു എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ അറിയുന്ന നിഷാന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ് ബദ്‌ലപുര്‍ ബോയ്‌സ്.

മലയാളിയായ ശരണ്യ മലയാളത്തില്‍ അഭിനയിച്ചുവെങ്കിലും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

തനിക്ക് അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങള്‍ തമിഴില്‍ നിന്നാണ് കൂടുതല്‍ ലഭിക്കുന്നതെന്നും അതിനാല്‍ ഇനി തമിഴില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുമെന്നും  അവര്‍ പറഞ്ഞു.

അതുപോലെ ബദ്‌ലപുര്‍ ബോയ്സിന് ശേഷം ബോളിവുഡിലും ധാരാളം അവസരങ്ങള്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് ഈ യുവനടി.

ബദ്‌ലപുര്‍ ബോയ്സിന്റെ  ലൊക്കേഷന്‍ രാജസ്ഥാനിലാണ്. അടുത്തമാസം ആദ്യം ചിത്രീകരണം തുടങ്ങുമെന്നാണറിയുന്നത്.