എഡിറ്റര്‍
എഡിറ്റര്‍
റാഗിങ്: പൊള്ളലേറ്റ് മലയാളി വിദ്യാര്‍ഥി ബാംഗ്ലൂരില്‍ മരിച്ചു
എഡിറ്റര്‍
Friday 30th March 2012 9:18am

ബാംഗ്ലൂര്‍: കോളേജ് ഹോസ്റ്റലില്‍ ദുരൂഹസാഹചര്യത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാളി എഞ്ചിനിയറിംഗ് വിദ്യാര്‍ഥി അജ്മല്‍ മരിച്ചു. കണ്ണൂര്‍ കാപ്പാട് മബ്‌റൂഹില്‍ ഹാരിസ്‌സൗദത്ത് ദമ്പതിമാരുടെ മകനാണ് അജ്മല്‍. വ്യാഴാഴ്ച രാത്രി 11.30ഓടെ മരണം. ചിക്കബല്ലാപ്പുരില്‍ കോളേജ് ഹോസ്റ്റലില്‍വെച്ച് റാഗിങ്ങിനെത്തുടര്‍ന്നാണ് അജ്മലിന് പൊള്ളലേറ്റതെന്ന ആരോപണമുണ്ട്.

കോളേജ് ഹോസ്റ്റലിലെ കുളിമുറിയില്‍ കയറിയപ്പോള്‍ തീപിടിക്കുകയാണുണ്ടായത്. ഒരാഴ്ച മുമ്പാണ് സംഭവം നടന്നത്. ശരീരത്തിന്റെ പകുതിയിലധികം ഭാഗം പൊള്ളലേറ്റ അജ്മല്‍ ബാംഗ്ലൂരിലെ വിക്ടോറിയ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.

അജ്മല്‍ റാഗിങ്ങിനിരയായതായി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാല് മലയാളി സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മേല്‍ക്കൂരയില്ലാത്ത കുളിമുറിയുടെ പുറത്തുനിന്ന് തീവയ്ക്കുകയായിരുന്നുവെന്നു പരാതിയില്‍ പറയുന്നു.

ആറുമാസം മുന്‍പ് കോഴ്‌സിനുചേര്‍ന്നതുമുതല്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ പണത്തിനും മറ്റുമായി അജ്മലിനെ പീഡിപ്പിക്കാറുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ആഴ്ചകള്‍ക്ക് മുമ്പ് മാതാവിന്റെ നാലരപവന്‍ മാല ആരുമറിയാതെ എടുത്തുവിറ്റാണ് അജ്മല്‍ പണം നല്‍കിയതെന്നും ഇക്കാര്യം പിന്നീട് അജ്മല്‍ തന്നെയാണു പറഞ്ഞതെന്നും ബന്ധുക്കള്‍ അറിയിച്ചിരുന്നു.

അതേസമയം റാഗിങ് നടന്നതായി പരാതി ലഭിച്ചിട്ടില്ലെന്നു കോളജ് മാനേജ്‌മെന്റ് പറയുന്നു. ആത്മഹത്യാ ശ്രമമാണെന്നും ആരോപണമുയര്‍ന്നെങ്കിലും അജ്മല്‍ ഇതു നിഷേധിച്ചിരുന്നു. കേസില്‍ ചിക്കാബെല്ലാപൂര്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Advertisement