എഡിറ്റര്‍
എഡിറ്റര്‍
മിശ്രവിവാഹിതരായതിന്റെ പേരില്‍ ഹോട്ടലില്‍ മുറി നിഷേധിച്ചെന്ന് ദമ്പതികള്‍; ഹിന്ദുവും മുസ്‌ലീമും അയതിനാലാണ് ഇറക്കിവിട്ടതെന്ന് സമ്മതിച്ച് ഹോട്ടല്‍ജീവനക്കാരന്‍
എഡിറ്റര്‍
Wednesday 5th July 2017 9:30am

 

ബംഗളുരു: മിശ്രവിവാഹിതരായ മലയാളി ദമ്പതികള്‍ക്ക് ബംഗളുരുവില്‍ ഹോട്ടല്‍മുറി നിഷേധിച്ചതായി പരാതി. തിരുവനന്തപുരം സ്വദേശിയും ആമി ബുക്‌സില്‍ എഡിറ്ററുമായ ഷഫീക്ക് സുബൈദ ഹക്കീമിനെയും ഭാര്യയും ഗവേഷകയുമായ ദിവ്യ ഡി.വിയെയുമാണ് ഹോട്ടല്‍ ജീവനക്കാര്‍ അധിക്ഷേപിച്ച് ഇറക്കിവിട്ടത്.

ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ബംഗളുരു നിയമസര്‍വ്വകലാശാലയില്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇവര്‍.

രാവിലെ ഏഴുണിയോടെ ബംഗളുരു സുധന നഗര്‍, അന്നിപുര റോഡില്‍ ബി.എം.ടി.സി ബസ്റ്റാന്റിനു സമീപത്തെ ഒലിവ് റെസിഡന്‍സി എന്ന ഹോട്ടലിലാണ് ഇരുവരും മുറിയെടുക്കാന്‍ ചെന്നത്. ജീവനക്കാര്‍ ഇവരോട് പേരു ചോദിക്കുകയും തിരിച്ചറിയല്‍ രേഖ ആവശ്യപ്പെടുകയും ചെയ്തു. ഇത് കൊടുത്തപ്പോള്‍ അയാള്‍ ഞെട്ടിയെന്നും തങ്ങളെ രൂക്ഷമായി നോക്കിയെന്നും ഷഫീഖ് പറയുന്നു.

തങ്ങള്‍ ഭാര്യഭര്‍ത്താക്കന്മാരാണ് എന്നു പറഞ്ഞിട്ടുപോലും ഇതു കേള്‍ക്കാന്‍ അയാള്‍ കൂട്ടാക്കിയില്ലെന്നും മുസ്‌ലീമിനും ഹിന്ദുവിനും കൂടി മുറിയില്ല എന്ന കാര്യം ആവര്‍ത്തിക്കുകയാണ് ചെയ്തതെന്നും ഷഫീക്ക് പറഞ്ഞതായി നാരദാന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നു.


Must Read: ‘ഞാന്‍ മുസ്‌ലീമാണ്, അതുകൊണ്ട് കൊല്ലപ്പെടുമെന്ന ഭയമാണ്’ ബുര്‍ഖ ധരിച്ച് യാത്രചെയ്തതിന് പിടിയിലായ എഞ്ചിനിയര്‍ പറയുന്നു


ഇതോടെ ഇവര്‍ക്കിടയില്‍ തര്‍ക്കമുടലെടുക്കുകയും ഷഫീക്ക് പൊലീസിനെ വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഹോട്ടല്‍ ജീവനക്കാര്‍ അതിനു തയ്യാറായില്ല. തുടര്‍ന്ന് ഹോട്ടലില്‍ കൊണ്ടുവിട്ട ഓട്ടോക്കാരനോട് കാര്യം പറഞ്ഞപ്പോള്‍ അയാള്‍ പരിഭ്രമിച്ചെന്നും തങ്ങളെ മറ്റൊരു ഹോട്ടലിലേക്കു കൊണ്ടുപോകുകയാണുണ്ടായതെന്നും ഷഫീഖ് പറയുന്നു.

ഷഫീക്കിനും ദിവ്യയ്ക്കും മുറി നിഷേധിച്ചകാര്യം ഹോട്ടല്‍ ജീവനക്കാരും സ്ഥിരീകരിച്ചതായി ദന്യൂസ്മിനിറ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു. താനാണ് ദമ്പതികള്‍ക്ക് മുറി തരില്ലെന്ന് പറഞ്ഞതെന്ന് റിസപ്ഷനിസ്റ്റ് സമ്മതിച്ചതായും ഹിന്ദുവും മുസ്‌ലീമും ആയതിനാലാണ് ഇവര്‍ക്ക് മുറി നിഷേധിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചതായും ന്യൂസ്മിനിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

‘ അദ്ദേഹത്തിന്റെ ഐഡിയില്‍ ഷഫീക്ക് എന്നാണുള്ളത്. അവരുടേത് ദിവ്യ. അതുകൊണ്ടാണ് എനിക്കു സംശയം തോന്നിയത്. അവര്‍ക്ക് മുറിതരില്ലെന്ന് പറഞ്ഞ് ഞാന്‍ അവരെ തിരിച്ചയച്ചു.’ റിസപ്ഷനിസ്റ്റിനെ ഉദ്ധരിച്ച് ന്യൂസ്മിനിറ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു.

‘ഒരുമിച്ചുവരുന്ന മുസ്‌ലീങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കും ഞങ്ങള്‍ മുറി നല്‍കാറില്ല. കാരണം അവര്‍ മുറിയ്ക്കുള്ളിലേക്ക് കടന്ന് തൂങ്ങിയാലോ… എന്തിനാ വെറുതെ പ്രശ്‌നത്തിന് നില്‍ക്കുന്നത്’ എന്നും റിസപ്ഷനിസ്റ്റ് പറയുന്നു.

എന്തിനാണ് ഇങ്ങനെ പേടിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ഇത്തരം സംഭവങ്ങള്‍ മറ്റു ലോഡ്ജുകളില്‍ നടന്നിട്ടുണ്ടെന്നും അതുകൊണ്ടാണ് ഭയക്കുന്നതെന്നും അദ്ദേഹം പറയുന്നു.

‘അവര്‍ ഹിന്ദു മുസ്‌ലിം ദമ്പതികളായതിനാല്‍ അവര്‍ ആത്മഹത്യ ചെയ്യും എന്നല്ല ഞാന്‍ പറയുന്നത്. പക്ഷെ സാധാരണയായി ഗ്രാമങ്ങളില്‍ ഇങ്ങനെ സംഭവിക്കാറുണ്ട്. ഞാന്‍ ഗ്രാമത്തിലാണ് വളര്‍ന്നത്. അവിടെ ഹിന്ദുക്കള്‍ക്ക് മുസ്‌ലിം സ്ത്രീകളേയോ മുസ്‌ലീങ്ങള്‍ ഹിന്ദുസ്ത്രീകളേയോ വിവാഹം ചെയ്യാറില്ല.’ എന്നും അദ്ദേഹം പറയുന്നു.

‘അവരുടെ പക്കല്‍ അധികമൊന്നും ലഗേജ് ഉണ്ടായിരുന്നില്ല. ഒാരോ ബാഗ് മാത്രമാണ് ഉണ്ടായിരുന്നത്. വലിയ സ്യൂട്ട്‌കേസുകളൊന്നും തന്നെയുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഞാന്‍ സംശയിച്ചത്. അവര്‍ക്ക് മുറി നല്‍കാതിരുന്നത്.’ എന്നും അദ്ദേഹം ന്യൂസ്മിനിറ്റിനോടു വിശദീകരിക്കുന്നു.

തൊഴിലാളിയാണ് തങ്ങളോട് ഇടപെട്ടതെങ്കിലും വംശീയതയുടെ രോഗഗ്രസ്തമായ മനസ് ഇന്ത്യന്‍ ഹിന്ദുത്വത്തിന്റേതാണെന്ന് ഷഫീഖ് ഫേസ്ബുക്കില്‍ കുറിക്കുന്നു.

‘ഒരു പാവം തൊഴിലാളിയുടെതാണു ഇന്നു രാവിലത്തെ ഇടപെടല്‍. എന്നാല്‍ ആ ബോധമൊ? വംശീയതയുടെ രോഗഗ്രസ്തമായ മനസ് ആ തൊഴിലാളിയുടെതല്ല ഇന്ത്യന്‍ ഹിന്ദുത്വത്തിന്റേതാണു, പലരും കാണാത്ത, കാണാന്‍ മടിക്കുന്ന ഹിന്ദുത്വത്തിന്റേത്.’ അദ്ദേഹം പറയുന്നു.

Advertisement