എഡിറ്റര്‍
എഡിറ്റര്‍
വിവരാവകാശപ്രകാരം സൈനികര്‍ക്കുള്ള ഭക്ഷണസാധനങ്ങളുടെ പട്ടിക ആവശ്യപ്പെട്ട മലയാളി ബി.എസ്.എഫ് ജവാനെ തടവിലാക്കി പീഡിപ്പിക്കുന്നതായി പരാതി
എഡിറ്റര്‍
Wednesday 22nd February 2017 10:36am

ആലപ്പുഴ: സൈനികര്‍ക്ക് ലഭിക്കേണ്ട ഭക്ഷണസാധനങ്ങളുടെ പട്ടിക വിവരാവകാശ നിയപ്രകാരം ആവശ്യപ്പെട്ട ബി.എസ്.എഫ് ജവാനെ തടവിലാക്കി പീഡിപ്പിക്കുന്നതായി പരാതി.

ബി.എസ്.എഫിന്റെ ബംഗാളിലെ 28 ബറ്റാലിയനില്‍ ജോലി ചെയ്യുന്ന ആര്യാട് തോമസിന്റെ മകന്‍ ഷിബിന്‍ തോമസാണ് തടവില്‍ കഴിയുന്നത്.

ഒരുവര്‍ഷം മുമ്പാണ് ഷിബിന്‍ തോമസ് വിവരാവകാശ നിയമപ്രകാരം സൈനികര്‍ക്കുള്ള ഭക്ഷണവിഭവങ്ങളുടെ പട്ടിക ആവശ്യപ്പെട്ടത്. ഇതോടെ 14 വര്‍ഷം സര്‍വിസുള്ള ഷിബിനെ ഒരുവര്‍ഷം മുമ്പ് പിരിച്ചുവിടുകയായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

തുടര്‍ന്ന് വിഷയത്തില്‍ പ്രധാനമന്ത്രിക്ക് അടക്കം പരാതി നല്‍കുകയും കോടതിയെ സമീപിക്കുകയും ചെയ്തു. ഇതിന് ശേഷം പ്രധാനമന്ത്രിയുടെ ഓഫിസ് തന്നെ ഇടപെട്ട് ഷിബിനെ തിരിച്ചെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

എന്നാല്‍ 11 മാസത്തിനുശേഷം സര്‍വിസില്‍ തിരികെ പ്രവേശിച്ചതുമുതല്‍ ഷിബിന് നേരെ പ്രതികാര സമീപനം ഉണ്ടായിരുന്നുവെന്ന് പിതാവ് തോമസ് പറഞ്ഞു. ജോലിയില്‍ തിരികെ പ്രവേശിച്ച ശേഷവും ഷിബിനെതിരെ പരാതി അന്വേഷിക്കാന്‍ മേലുദ്യോഗസ്ഥര്‍ ഒരു ഡെപ്യൂട്ടി കമാന്‍ഡന്റിനെ നിയോഗിച്ചിരുന്നു. ആദ്യം ഇദ്ദേഹം ഒരു വെള്ള പേപ്പറില്‍ ഒപ്പിട്ടുകൊടുക്കാന്‍ പറഞ്ഞു. വിസമ്മതിച്ചപ്പോള്‍ വെടിവെച്ചുകൊല്ലാനും മടിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും ഇദ്ദേഹം ആരോപിച്ചു. പിന്നീട് ഒരു റിപ്പോര്‍ട്ട് കാണിച്ച് അതില്‍ ഒപ്പിടാന്‍ പറഞ്ഞു. വായിക്കാതെ ഒപ്പിടില്ലെന്ന് പറഞ്ഞതിന്റെ പേരിലാണ് ഇപ്പോഴത്തെ പീഡനം.


Dont Miss സി.പി.ഐ.എം നേതാക്കളെ വധിക്കാനും കലാപമുണ്ടാക്കാനും ആര്‍.എസ്.എസ് പദ്ധയിട്ടു: വെളിപ്പെടുത്തലുമായി ആര്‍.എസ്.എസ് നേതാവിന്റെ വാര്‍ത്താസമ്മേളനം 


മേലുദ്യോഗസ്ഥര്‍ ഭക്ഷ്യവസ്തുക്കള്‍ മറിച്ചുവില്‍ക്കുന്നതിനെതിരെ ഷിബിന്‍ സംസാരിച്ചതാണ് അവരെ പ്രകോപിപ്പിച്ചതെന്നും തോമസ് പറഞ്ഞു.

കഴിഞ്ഞ രണ്ടുദിവസമായി ഷിബിനെ ഫോണില്‍ ലഭിച്ചിരുന്നില്ല. ഇതുസംബന്ധിച്ച് വീണ്ടും പ്രധാനമന്ത്രിയുടെ ഓഫിസില്‍ പരാതിപ്പെടുകയും സംഭവം വാര്‍ത്തയാവുകയും ചെയ്തതോടെ ചൊവ്വാഴ്ച വൈകുന്നേരം ആറോടെ രണ്ടു മിനിറ്റ് നേരത്തേക്ക് ഷിബിനെ വീട്ടുകാരുമായി സംസാരിക്കാന്‍ അനുവദിച്ചു. എന്നാല്‍, കാര്യങ്ങള്‍ പറയുന്നതിന് മുമ്പുതന്നെ ഒപ്പമുണ്ടായിരുന്നവര്‍ ഫോണ്‍ പിടിച്ചുവാങ്ങുകയായിരുന്നുവെന്ന് പിതാവ് തോമസ് പറഞ്ഞു.

പല സൈനികര്‍ക്കും കുടിവെള്ളംപോലും വിലകൊടുത്തു വാങ്ങേണ്ട അവസ്ഥയാണെന്നും ജോലിസ്ഥലത്ത് പ്രാഥമിക ആവശ്യത്തിനുപോലും സൗകര്യമില്ലെന്ന് മകന്‍ പറഞ്ഞിരുന്നതായും തോമസ് പറയുന്നു.

Advertisement