മലയാളനാട്. ഒരുപക്ഷെ ഈ വാക്കിന്റെറ മനോഹാരിത കൂടുതല്‍ മനസിലാവുന്നത് കേരളത്തിന് പുറത്തായിരിക്കുമ്പോളാണ്. ഒരു പ്രവാസി ആയിരിക്കുംബോളാണ്. കേരളത്തിനു വെളിയില്‍ താമസിക്കുന്ന ഞങ്ങളിലേക്ക് മലയാള നാടിന്റെ മധുരിക്കുന്ന ഓര്‍മ്മ പലപ്പോളായി കടന്നുവരും.

സിറ്റിയിലെ കോണ്‍ക്രീറ്റ് ചുമരുകള്‍ക്കിടയില്‍ നില്‍ക്കുമ്പോള്‍ പച്ചയണിഞ്ഞു നില്‍ക്കുന്ന ഗ്രാമങ്ങളുടെ രൂപത്തില്‍, ഫ്രൂട്‌സ് മാര്‍ക്കറ്റില്‍ നിന്നും പത്ത് രൂപയ്ക്ക് അഞ്ചു ചുള ചക്കപഴം വാങ്ങി കഴിക്കുമ്പോള്‍ വീട്ടു പറമ്പിലെ വരിക്ക ചക്കയുടെ രൂപത്തില്‍, ദാവണിയുടുത്ത് അമ്പലത്തില്‍ പോവുന്ന കന്നഡ പെണ്‍കുട്ടികളെ കാണുമ്പോള്‍ സെറ്റ് സാരിയുടുത്ത് മുടിയില്‍ തുളസി കതിരും ചൂടി നില്‍ക്കുന്ന മലയാളി സുന്ദരിമാരുടെ രൂപത്തില്‍…

നാടിനെകുറിച്ചുള്ള ഈ മറക്കാനാവാത്ത ഓര്‍മ്മ തന്നെയാണ് മലയാളി കൂട്ടായ്മകള്‍ ഉണ്ടാവുന്നതിനുള്ള കാരണം. അങ്ങനെ ആഗോള മലയാളികള്‍ക്കായി ഉണ്ടാക്കിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വെബ് കമ്മ്യൂണിറ്റിയാണ് ‘മലയാളനാട്’. ആഗോള മലയാളികളുടെ ഉമ്മറകോലായ. ലോകത്താകമാനം മെമ്പര്‍മാരുള്ള ഈ കമ്മ്യൂണിറ്റിയുടെ ബംഗ്ലൂരിലെ മെമ്പര്‍മാര്‍ കഴിഞ്ഞ ദിവസം ലാല്‍ബാഗില്‍ വെച്ച് ഒത്തുചെരുകയുണ്ടായി. ചര്‍ച്ചകളും തമാശകളും എല്ലാമായി ഒരുദിവസം…

ബാംഗ്ലൂരില്‍ റിട്ടയര്‍മെന്റ് ജീവിതം നയിക്കുന്ന സതീശന്‍ മാഷിനാണ് ചര്‍ച്ചയുടെ കാര്‍മികത്വം. എണ്‍പതുകളിലെ വിജനമായ ബാംഗ്ലൂരിനെ കുറിച്ച്, നാച്വറല്‍ എയര്‍ കണ്ടീഷനായിരുന്ന ബംഗ്ലൂരിനെ കുറിച്ച് , ഇന്നത്തെ ബാംഗ്ലൂരിലെ ചൂടിനെകുറിച്ചു, നേത്ര ദാനത്തിന്റെ ആവശ്യകതയെ കുറിച്ച് , മഹത്വത്തെ കുറിച്ച് അങ്ങനെ വാക്കുകള്‍ മാഷിന്റെ അനുഭവത്തിലൂടെ കടന്ന് പോവുന്നു…

ബിനുവിന്റെ സഹായ നിധിയിലേക്ക് ഒരു ലക്ഷത്തി അറുപതിനായിരം രൂപ സമാഹരിച്ചത് പോലെ മലയാള നാടിലെ അംഗങ്ങളില്‍ നിന്നും ചെറിയ തോതിലുള്ള സംഭാവനകള്‍ സ്വീകരിച്ച് പൊതു സഹായ നിധിയുണ്ടാക്കി അത് ഏറ്റവും അര്‍ഹത പെട്ടവരുടെ ചികിത്സ ചെലവിനും വിദ്യാഭ്യാസ ചെലവിനും വേണ്ടി ചെലവഴിക്കണം എന്ന് ജയന്റെ അഭിപ്രായം. ഇരട്ട കുട്ടികള്‍ ആയത് കൊണ്ട് ഒരു സ്ഥലത്തും സമയത്തിനെത്താന്‍ കഴിയുന്നില്ലെന്ന് വൈകി വന്ന സാബുവിന്റെ തരികിട നമ്പര്‍. ചര്‍ച്ചകള്‍ ലക്കും ലഗാനും ഇല്ലാതെ പോവുന്നു.

വയസില്‍ കുറവാണെങ്കിലും ഉയരം കൊണ്ട് ഞങ്ങളെല്ലാവരെക്കാളും മൂത്തതായ നിധിന്‍ മലയാള നാടിലെ അനുഭവത്തെ കുറിച്ച് പറയുന്നു. ഷൈജുവും ഷാന്ടനും ബിന്‍സും ഈ കമ്മ്യൂണിറ്റിയില്‍ പുതുതായെത്തിയതാണ്. ബാംഗ്ലൂര്‍ ഗ്രാമികയുടെ(മലയാള നാടിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ പലഭാഗങ്ങളില്‍ ആയി നടത്തുന്ന സോഷ്യല്‍ കള്‍്ച്ചറല്‍ പ്രോഗ്രാം ആണ് ഗ്രാമിക) ഭാഗമായി രക്തദാന ക്യാമ്പ് നടത്തണമെന്നും മലയാള നാടില്‍ കലാസാംസ്‌കാരിക പരിപാടികള്‍ കൂടുതല്‍ വേണമെന്നുമാണ് സെബിന്റെ ചര്‍ച്ച വിഷയം.

കെട്ടഴിച്ച വിട്ട പട്ടം പോലെയാണ് മലയാള നാടിലെ ചര്‍ച്ചകള്‍. അത് ഫേസ്ബുക്കിലായാലും മുഖാമുഖമായാലും.ശ്രീജിത്തും ഹര്‍്ഷനും ചര്‍ച്ചകളില്‍ വെട്ടലുകളും തിരുത്തുകളും നടത്തുന്നു. ഇന്റര്‍നെറ്റില്‍ മാത്രം കണ്ടു പരിചയമുള്ള പല സുഹൃത്തുകളെയും നേരില്‍ കണ്ടതിന്റെ സന്തോഷമുണ്ട് എല്ലാവര്‍ക്കും.

രണ്ടു മാസത്തിനുള്ളില്‍ ബാംഗ്ലൂര്‍ ഗ്രാമിക നടത്തണമെന്നും പരിപാടികളുടെ അജണ്ട കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനിക്കാമെന്നും മാഷിന്റെ അഭിപ്രായം സ്വീകരിച്ചു കൊണ്ട് പൂന്തോട്ടങ്ങളുടെ നഗരമായ ബാംഗ്ലൂരിലെ ഏറ്റവും വലിയ പൂന്തോട്ടമായ ലാല്‍ഭാഗിലെ പുല്‍ത്തകിടിയില്‍ ഫോട്ടോസെഷനു ശേഷം പിരിയാതെ ഞങ്ങള്‍ പിരിഞ്ഞു. നിറചിരിയോടെ, പുതിയ സുഹൃത്തുക്കളെ കിട്ടിയ സന്തോഷത്തോടെ, സമൂഹത്തിനു വേണ്ടി ഒരുപാടു ചെയ്യാനുണ്ട്, പറയാനുണ്ട് എന്ന പ്രഖ്യാപനത്തോടെ.