പാലക്കാട് : പാലക്കാട് കോളക്കമ്പനിയിലേക്ക് മാര്‍ച്ച് നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായ പ്ലാച്ചിമട സമരസമിതി ഐക്യദാര്‍ഡ്യ സമിതി പ്രവര്‍ത്തകര്‍ നിരാഹാരം തുടങ്ങി. ഇവരെ പാലക്കാട് ജയിലില്‍ നിന്നും തൃശൂര്‍ വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയിരുന്നു. 20 ഓളം സമരപ്രവര്‍ത്തകരെ ഇന്നലെയാണ് വിയ്യൂരിലേക്ക് മാറ്റിയത്.

നിരാഹാരം തുടങ്ങിയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ ജയിലിലെത്തി സമരക്കാരുമായി സംസാരിച്ചു.

കേരള സര്‍ക്കാര്‍ പാസാക്കിയ പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്‍ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച കമ്പനിക്കു മുന്നിലേക്ക് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രസിഡന്റിന്റെ ഒപ്പിനായി കേന്ദ്രത്തില്‍ സമര്‍പ്പിച്ച ബില്‍ വീണ്ടും നിയമസാധുത പരിശോധിക്കാനായി കേരളത്തിലേക്ക് തിരിച്ചയച്ചിരുന്നു. ഇതില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാതിരുന്നതാണ് സമരക്കാരെ പ്രകോപിപിച്ചത്.

സമരക്കാരുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് വിവിധ ജില്ലകളില്‍ പ്രതിഷേധ പരിപാടികള്‍ നടക്കുന്നുണ്ട്. കേരള നിയമസഭയുടെ നിയമനിര്‍മ്മാണാധികാരം ചോദ്യം ചെയ്തുകൊണ്ടുള്ള കോള കമ്പനിയുടെ നിലപാടിന് രാഷ്ട്രീയക്കാര്‍ പിന്തുണയ്ക്കുകയാണെന്നും സമരക്കാര്‍ ആരോപിച്ചു.

Malayalam News

Kerala News In English