തിരുവനന്തപുരം: സിനിമാ-സീരിയല്‍ രംഗത്തുള്ള സപ്പോര്‍ട്ടിംഗ് ആര്‍ട്ടിസ്റ്റുകള്‍ പ്രതിസന്ധിയിലാണെന്ന് ഓള്‍ കേരള സിനി ആര്‍ട്ടിസ്റ്റ് ആന്‍ഡ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍. സിനിമ-സീരിയല്‍ രംഗത്ത് പ്രധാന താരങ്ങള്‍ക്കൊപ്പം അഭിനിയിച്ചാല്‍ കിട്ടുന്നത് 150 രൂപയാണ്. ഇതു തന്നെ സമയക്ലിപ്തതയില്ലാതെയാണ്. തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്ക് ജോലി കൊടുക്കുകയും രാവിലെ ഏഴ് മുതല്‍ ഉച്ചകഴിഞ്ഞ് രണ്ട് വരെ 300 രൂപയും, രണ്ട് മുതല്‍ രാത്രി ഒമ്പത് വരെ അടുത്ത കോള്‍ഷീറ്റ് ഇനത്തില്‍ 300 രൂപയും, തുടര്‍ന്നുള്ള ജോലിക്ക് രാത്രി പത്തിന് ശേഷം ഒരു കോള്‍ ഷീറ്റ് തുക കൂടിയും നല്‍കണമെന്ന് സംഘടന ആവശ്യപ്പെട്ടു.

സംഘടനയിലെ തൊഴിലാളികള്‍ക്ക് ഷൂട്ടിംഗ് സ്ഥലത്ത് വച്ച് അപകടങ്ങള്‍ സംഭവിച്ചാല്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കുന്നില്ലെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. രാത്രിയില്‍ വനിതാ ആര്‍ട്ടിസ്റ്റുകളെ ഷൂട്ടിംഗ് കഴിഞ്ഞാല്‍ വീടുകളില്‍ എത്തിക്കാനുള്ള സൗകര്യവും ചെയ്യുന്നില്ല.

സൗത്ത് ഇന്ത്യന്‍ ഫിലിം ഫെഡറേഷന്‍ അംഗീകരിച്ച സപ്പോര്‍ട്ടിംഗ് ആര്‍ട്ടിസ്റ്റുകള്‍ക്ക് കൊടുത്തു വരുന്ന സേവന വേതന വ്യവസ്ഥ ബന്ധപ്പെട്ട ലേബര്‍ ഓഫീസ് മുഖാന്തിരം നടപ്പാക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

സംഘടനയുടെ 20-ാം വാര്‍ഷികം 17ന് തമ്പാനൂര്‍ അയ്യപ്പന്‍ കോവിലിന് സമീപമുള്ള ടി.വി.സ്മാരക ഓഡിറ്റോറിയത്തില്‍ നടക്കും. സിനി വര്‍ക്കേഴ്‌സ് വെല്‍ഫയര്‍ ഫണ്ട് സ്‌റ്റേറ്റ് അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ തൊടിയൂര്‍ രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും.