ജ്ഞാനപീഠ ജേതാവ് ഒ എന്‍ വി കുറുപ്പിന്റെ കുഞ്ഞേടത്തി എന്ന കവിത പ്രസാദ് നൂറനാട് ഹ്രസ്വചലച്ചിത്രമാക്കുന്നു.

‘കുഞ്ഞേടത്തിയെത്തന്നെയല്ലോ
ഉണ്ണിക്കെന്നെന്നുമേറെയിഷ്ടം
പൊന്നെപ്പോലെത്തെ നെറ്റിയിലുണ്ടല്ലോ
മഞ്ഞള്‍ വരക്കുറി ചാന്തുപൊട്ടും’

എന്തിനും ഏതിനും കുഞ്ഞേടത്തിയുടെ വിരല്‍തുമ്പില്‍ പിടിച്ച് ഉണ്ണിയുടെ കുഞ്ഞു മനസിലെ സംശയങ്ങള്‍ക്ക് ഉത്തരങ്ങള്‍ നല്‍കി ഒരു ഗ്രാമത്തിന്റെ പരിശുദ്ധിയില്‍ കഴിയുന്ന കുഞ്ഞേടത്തിയുടെയും ഉണ്ണിയുടെയും ജീവിതത്തിലെ പ്രധാന മുഹൂര്‍ത്തങ്ങളാണ് ഇതില്‍ ചിത്രീകരിച്ചിരിക്കുന്നത്. കനോണ്‍ 5 ഡി ക്യാമറയില്‍ ചിത്രീകരിച്ച കുഞ്ഞേടത്തി 30 മിനിറ്റ് ദൈര്‍ഘ്യത്തിലാണ് എഡിറ്റ് ചെയ്യുന്നത്.

ശ്രീലക്ഷ്മി ക്രിയേഷന്‍സിന്റെ ബാനറില്‍ ബിജു കല്ലുമല നിര്‍മിച്ച് ടെലിവിഷന്‍ രംഗത്തെ ശ്രദ്ധേയനായ പ്രസാദ് നൂറനാടാണ് ചിത്രം സംവിധാനംചെയ്യുന്നത്. തിരക്കഥ, സംഭാഷണം അനില്‍ മുഖത്തല, ക്യാമറ രാജീവ് വിജയ്, എഡിറ്റിംഗ് ഹാഷിം, സംഗീതം ചന്തുമിത്ര, മാമ്പഴം റിയാലിറ്റി ഷോയിലൂടെ ജനശ്രദ്ധ നേടിയ ലക്ഷ്മിദാസാണ് വരികള്‍ ആലപിക്കുന്നത്. കലാസംവിധാനം അനില്‍ ശ്രീരാഗം, വസ്ത്രാലങ്കാരം മനു, മാധവന്‍, ചമയം മോഹന്‍ദാസ്, സഹസംവിധാനം സജീന്ദ്രന്‍ താമരശ്ശേരിയില്‍, ശോഭാ നമ്പൂതിരി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ബിജുധനന്‍.

കുഞ്ഞേടത്തിയെ ഡിമ്പിള്‍ റോസും ഉണ്ണിക്കുട്ടനെ നടി ബീനാ ആന്റണിയുടെ മകന്‍ ആരോമലും അവതരിപ്പിക്കുന്നു. പൂജപ്പുര രാധാകൃഷ്ണന്‍, മാവേലിക്കര രാമചന്ദ്രന്‍, മനു നായര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.