കൈറോ : ഈജിപ്തില്‍ പ്രക്ഷോഭത്തിനിടെ സ്ത്രീകള്‍ക്കെതിരെ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് വന്‍ പ്രതിഷേധറാലി. വനിതാ പ്രക്ഷോഭകരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിക്കുന്ന ചിത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് വനിതാ പ്രക്ഷോഭകര്‍ തെരുവിലിറങ്ങിയത്.

ആറു ദിവസമായി തുടരുന്ന ഏറ്റുമുട്ടലില്‍ നിരവധി സ്ത്രീകളെ സൈന്യം അറസ്റ്റ് ചെയ്യുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തതായി ആരോപണമുണ്ട്. പ്രക്ഷോഭത്തിനിടെ സ്ത്രീകളുടെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ഇവരെ നിലത്തിട്ട് ചവിട്ടുകയും ചെയ്യുന്നതിന്റെയും ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുകയും ചെയ്തിരുന്നു.

അതിനിടെ സംഭവത്തില്‍ ഈജിപ്ത് ഭരണകൂടം  ദു:ഖം പ്രകടിപ്പിച്ചു. വനിതകള്‍ക്കെതിരെയുള്ള ആക്രമണം ഭരണകൂടത്തിന്റെ നിലപാടല്ലെന്നും ഇതേക്കുറിച്ച് അന്വേഷിക്കുമെന്നും സുപ്രീം കൗണ്‍സില്‍ അറിയിച്ചു. ഇതേസമയം കൈറോയിലും സമീപപ്രദേശങ്ങളിലും പ്രക്ഷോഭകരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.

ദിവസങ്ങളായി തുടരുന്ന ഏറ്റുമുട്ടലില്‍ പതിനാലു പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.  അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ സ്ത്രീകള്‍ക്കെതിരായ ആക്രമണം എത്രയും പെട്ടെന്ന്‌ അവസാനിപ്പിക്കണമെന്ന് ഈജിപ്ത് സൈനികഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Malayalam News

Kerala News In English