കല്‍പറ്റ: 2006 ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ക്രിക്കറ്റ് മത്സരത്തിനിടെ  ഫാസ്റ്റ് ബോളര്‍ ആന്ദ്രെ നെല്ലിനെതിരെ സിക്‌സര്‍ നേടിയതിനുശേഷം താന്‍ ക്രീസില്‍നിന്നിറങ്ങി ഡാന്‍സ് ചെയ്തതല്ലെന്നും നെല്ലിനെ തല്ലാന്‍ ഒരുങ്ങിയതാണെന്നും ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്.

വയനാട് മുട്ടില്‍ ഡബ്‌ള്യുഎംഒ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍  കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ നവീകരിച്ച ക്രിക്കറ്റ് മൈതാനം ഉദ്ഘാടനം ചെയ്തതിനുശേഷമാണ് ശ്രീശാന്ത് വിവാദ നൃത്തത്തെ കുറിച്ച് പ്രതികരിച്ചത്.

എന്നെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ളതായിരുന്നു നെല്ലിന്റെ പെരുമാറ്റം. ക്രീസിലെത്തിയപ്പോഴും മോശം വാക്കുകള്‍ പ്രയോഗിച്ചു. വംശീയമായി അധിക്ഷേപിച്ചു. സിക്‌സര്‍ നേടിയശേഷം ക്രീസില്‍ നിന്നിറങ്ങിയതു നെല്ലിനെ തല്ലാന്‍ വേണ്ടിത്തന്നെയായിരുന്നു. ടിവി റീപ്ലേകള്‍ ശ്രദ്ധിച്ചാല്‍ അതു മനസിലാകും.

നെല്ലിനെ സിക്‌സറിനു പറത്തിയശേഷം ഓടി ക്രീസിന്റെ മറുവശത്തെത്തി ബാറ്റ് ഉയര്‍ത്തി ചുഴറ്റിയ ശ്രീശാന്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചാനലുകള്‍ ഇതു തുടരെ കാണിക്കുകയും ചെയ്തു. തന്നെ തുടരെ പ്രകോപിപ്പിച്ച ആന്ദ്രെ നെല്ലിനോടുള്ള ദേഷ്യം തീര്‍ത്തതാണെന്നു ശ്രീ വിശദീകരിച്ചു. ഇതേ മത്സരത്തില്‍, ക്രിക്കറ്റ് ചട്ടങ്ങള്‍ ലംഘിച്ചതിനു ശ്രീശാന്തിന് മാച്ച് ഫീയുടെ 30 ശതമാനം ഐസിസി പിഴയടിച്ചിരുന്നു.

Malayalam News

Kerala News In English