പാക്കിസ്ഥാന്‍:  ദുബൈയില്‍ ചികിത്സയിലായിരുന്ന പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി പാക്കിസ്ഥാനില്‍ തിരിച്ചെത്തി. ഞായറാഴ്ച രാത്രി പ്രത്യേക വിമാനത്തിലാണ് സര്‍ദാരി പാക് തുറമുഖ നഗരമായ കറാച്ചിയിലെ വിമാനത്താവളത്തില്‍ എത്തിയത്.

ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദുബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സര്‍ദാരി ചികിത്സ കഴിഞ്ഞിട്ടും പാക്കിസ്ഥാനില്‍ തിരിച്ചെത്താത്തത് വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.   എന്നാല്‍  ചികിത്സ കഴിഞ്ഞ് താന്‍ താമസിയാതെ ഇസ്ലാമാബാദില്‍ തിരിച്ചെത്തുമെന്നും താന്‍ തന്നെ പ്രസിഡന്റ് പദവിയില്‍ തുടരുമെന്നും സര്‍ദാരി കഴിഞ്ഞദിസവം വ്യക്തമാക്കിയിരുന്നു.

ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും ഇനിയും വിശ്രമം വേണമെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ദുബായിലെ അമേരിക്കന്‍ ഹോസ്പിറ്റലിന്റെ മെഡിക്കല്‍ ബുള്ളറ്റിന്‍ അനുസരിച്ച് അദ്ദേഹത്തിന്റെ നില തൃപ്തികരമാണ്.

സര്‍ദാരിയുടെ അസാന്നിധ്യത്തെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളെക്കുറിച്ച് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയും പട്ടാള മേധാവി പര്‍വേസ് കയാനിയും കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു.ഈ മാസം ആറാം തീയതിയാണ് സര്‍ദാരി ദുബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്.

Malayalam News

Kerala News In English