ഇസ്‌ലാമബാദ്: ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് പാകിസ്താന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി രാജിവെക്കുമെന്ന വാര്‍ത്തകള്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി നിഷേധിച്ചു. ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് സര്‍ദാരിയെ ദുബായിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന വാര്‍ത്തകളോട് ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ആസിഫ് അലി സര്‍ദാരിക്ക് ഹൃദയാഘാതമുണ്ടായിട്ടില്ല. ഹൃദയസംബന്ധമായ ചില അസുഖങ്ങള്‍ക്ക് അദ്ദേഹം ചികിത്സ തേടുന്നുണ്ട്. അതാല്ലാതെ മറ്റൊരു പ്ര്ശ്‌നവും അദ്ദേഹത്തിനില്ല. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുകയാണ്. ഡോക്ടര്‍മാര്‍ രണ്ടാഴ്ച വിശ്രമം നിര്‍ദേശിച്ചിരിക്കുന്നതിനാല്‍ നാട്ടിലേക്ക് മടങ്ങാന്‍ വൈകും. പ്രസിഡന്റ് സ്ഥാന്ം രാജി വെയ്‌ക്കേണ്ട യാതൊരവസ്ഥയും ഇല്ല.

Subscribe Us:

അബോട്ടബാദ് സംഭവത്തിന് ശേഷം സൈനിക അട്ടിമറി ഭയന്ന് സര്‍ദാരി അമേരിക്കന്‍ സഹായം തേടിയെന്ന വിവാദത്തിനിടെയാണ് സര്‍ദാരി രാജി വെയ്ക്കാന്‍ പോകുന്നെന്ന വാര്‍ത്തയും പ്രചരിച്ചത്. എന്നാല്‍ അഭ്യൂഹം ഉണ്ടായ ഉടന്‍ തന്നെ പ്രധാനമന്ത്രി ഗിലാനി വാര്‍ത്ത തെററാണെന്ന വിശദീകരണവുമായി വരുകയായിരുന്നു