പത്തനംതിട്ട:  ശബരിമല ശ്രീകോവിലിനുള്ളില്‍ കടക്കാന്‍ ശ്രമിച്ച രാഹുല്‍ ഈശ്വറിനെ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ തടഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ അനുമതിയില്ലാതെയാണ് രാഹുല്‍ ശ്രീകോവിലിനുള്ളില്‍ കയറാന്‍ ശ്രമിച്ചത്. ഉച്ചപൂജയ്ക്കായി നട തുറന്നപ്പോഴാണ് രാഹുല്‍ ശ്രീകോവിലിലേക്ക് കടന്നത്. ശ്രീകോവിലിനുള്ളില്‍ കടക്കാന്‍ അവകാശമില്ലെന്ന് പറഞ്ഞ് ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍ തടയുകയായിരുന്നു.

എന്നാല്‍ ആചാരപരമായ കാര്യങ്ങളില്‍ തീരുമാനം എടുക്കാനുളള അവകാശം തന്ത്രിയ്ക്കാണെന്ന് തന്ത്രി കണ്ഡരര് മഹേശ്വരര് പറഞ്ഞു. രാഹുല്‍ ശ്രീകോവിലിനുള്ളില്‍ കടക്കുന്നത് തെറ്റല്ല. പൂജാദി കാര്യങ്ങളില്‍ ഇടപെടാനുള്ള അവകാശം രാഹുലിനുണ്ട്. തന്നെ ശ്രീകോവിലിനുളളില്‍ കടക്കാന്‍ അനുവദിക്കാത്തവര്‍ക്ക്് എന്തെങ്കിലും രീതിയിലുള്ള സ്ഥാപിതതാത്പര്യം ഉണ്ടാകും തന്ത്രി അനുവദിച്ചാല്‍ ശ്രീകോവിലിനുള്ളില്‍ കയറി പൂജ ചെയ്യുമെന്നും രാഹുല്‍ പറഞ്ഞു.

തന്ത്രിയുടെ മകന്റെ മകന് മാത്രമെ ശ്രീകോവിലിനുള്ളില്‍ കടക്കാന്‍ അവകാശമുള്ളൂ എന്നും മകളുടെ മകനായതിനാല്‍ അതിന് അവകാശമില്ലെന്നും ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസര്‍ എം. സതീഷ് കുമാര്‍അറിയിച്ചു.