കൈറോ : ഈജിപ്തില്‍ തെരഞ്ഞെടുപ്പിനുള്ള രണ്ടാം റൗണ്ട് പൂര്‍ത്തിയായതോടെ പാര്‍ട്ടികള്‍ തമ്മില്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന് നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി. പാര്‍ട്ടികളെയും വ്യക്തികളെയും തിരഞ്ഞെടുക്കാനുള്ള ആദ്യഘട്ടത്തില്‍ ബ്രദര്‍ഹുഡ് 40 ശതമാനത്തിലേറെ പാര്‍ട്ടി വോട്ടുകള്‍ നേടിയിട്ടുണ്ടെന്നാണ് കണക്ക്. ബ്രദര്‍ഹുഡ് മുന്നിലെത്തിയതില്‍ അല്‍നൂല്‍ അസ്വസ്ഥരാണ്. എന്നാല്‍ സര്‍ക്കാറുണ്ടാക്കാന്‍ അല്‍നൂലുമായി ചേരാന്‍ ബ്രദര്‍ഹുഡിന് താത്പര്യമില്ല.

പലയിടങ്ങളിലും പരമാവധി വോട്ടുകള്‍ നേടിയെടുക്കുന്നതിന്റെ ഭാഗമായി ഇരുപാര്‍ട്ടികളും തമ്മില്‍ സംഘര്‍ഷം പതിവായിരിക്കുകയാണ്. ഒന്നാം ഘട്ടത്തിന്റെ രണ്ടാം റൗണ്ടില്‍ വോട്ടുകള്‍ നേടുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനത്തില്‍ അലക്‌സാന്‍ഡ്രയില്‍ ഇരുപാര്‍ട്ടികളിലെയും പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി. തെക്കന്‍ അസ്സിയൂത്ത് മേഖലയിലും സംഘര്‍ഷം ഉണ്ടായി.

ബ്രദര്‍ഹുഡ് തങ്ങളുടെ പ്രചരണ പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്തുകയാണെന്ന്് അല്‍നൂല്‍ കുറ്റപ്പെടുത്തി. എന്നാല്‍ അടിസ്ഥാനരഹിതമായ ആരോപണം നടത്തി അല്‍നൂല്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ബ്രദര്‍ഹുഡ് പറയുന്നത്. തങ്ങളുടെ പാര്‍ട്ടി നേതാക്കള്‍ക്ക് വധഭീഷണിയുണ്ടെന്ന് ഇരുപാര്‍ട്ടിയിലെയും നേതാക്കള്‍ ആരോപിച്ചു.എന്നാല്‍ ഇരുപാര്‍ട്ടികളും രാജ്യത്തിന് ഗുണമില്ലാത്ത മത്സരമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ നബീല്‍ അബ്ദുള്‍ ഫഹത്ത് പറഞ്ഞു. ഭരണപങ്കാളിത്തത്തിനായുള്ള ഇവരുടെ അടിപിടി രാജ്യത്തിന് ദോഷം മാത്രമേ ചെയ്യുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

അല്‍നൂല്‍ പാര്‍ട്ടി സൗദി മാതൃകയിലുള്ള ഭരണകൂടം വേണമെന്ന് പറയുമ്പോള്‍ പാശ്്ചാത്യരെ തൃപ്തിപ്പെടുത്തുന്ന ഭരണകൂടം വേണമെന്ന തീരുമാനമാണ്. ഇതെല്ലാം കൂടിയാവുമ്പോള്‍ ഏതുനിമിഷവും തഹ്രീര്‍ചത്വരം സംഘര്‍ഷഭരിതമാവുമെന്നതില്‍ സംശയമില്ല.