കൊല്ലം : മാരക രോഗങ്ങളില്‍ നിന്ന് കുഞ്ഞുങ്ങളെ രക്ഷപ്പെടുത്താന്‍ സംസ്ഥാനത്ത് പുതുതായി പെന്റാവലന്റ് വാക്‌സിനേഷന്‍ നടപ്പാക്കുന്നു. ജനിച്ചയുടന്‍ കുഞ്ഞുങ്ങള്‍ക്ക് എളുപ്പം ബാധിക്കാന്‍ സാധ്യതയുള്ള ഡിഫ്തീരിയ ,വില്ലന്‍ചുമ,ടെറ്റനസ്,ഹെപ്പറ്റൈറ്റിസ് ബി,ഹീമോഫില്ലസ് ഇന്‍ഫഌവന്‍സ എന്നീ 5 മാരകരോഗങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും മുക്തിനേടുന്നതിന് വേണ്ടിയാണ് പെന്റാവലന്റ് വാക്‌സിനേഷന്‍ നടപ്പാക്കുന്നത്.

ഒറ്റക്കുത്തിവെപ്പിലൂടെ അഞ്ച് രോഗങ്ങളെയും പ്രതിരോധിക്കുന്നതാണ് ഈ വാക്‌സിന്‍. കേന്ദ്ര സര്‍ക്കാറാണ് ഇത് സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്നത്. കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് ആദ്യം വാക്‌സിനേഷന്‍ നടപ്പാക്കുന്നത്. കേരളത്തില്‍ ഇത് നാളെ മുതല്‍ തുടങ്ങും. സ്വകാര്യമേഖലയില്‍ ഈ വാക്‌സിന്‍ നല്‍കി വരുന്നുണ്ടെങ്കിലും സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് നടപ്പാക്കുന്നത് ഇത് ആദ്യമായാണ്.

ഒരു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കാണ് ഈ കുത്തിവെപ്പ്. പ്രതിരോധ ചികിത്സാ പരിപാടിയില്‍ നിലവിലുള്ള ഹെപ്പറ്റൈറ്റിസ് ബി, ഡി പി ടി എന്നിവയ്ക്ക് പകരമായാണ് പെന്റാവലന്റ് വാക്‌സിന്‍ നല്‍കുന്നത്. മൂന്ന് ഡോസുകളായാണ് വാക്‌സിന്‍ നല്‍കേണ്ടത്. ആദ്യ ഡോസ് ആറ് ആഴ്ചയിലും പിന്നീട് യഥാക്രമം പത്ത് പതിനാല്് ആഴ്ച പൂര്‍ത്തിയായതിനുശേഷവും നല്‍കും. പെന്റാവലന്റ് വാക്‌സിന്‍ നല്‍കുന്നതിലൂടെ കുഞ്ഞിന് കുത്തിവെപ്പുകളുടെ എണ്ണം കുറയ്ക്കാന്‍ സാധിക്കും. ഇന്ത്യയിലെ ഗുരുതരമായ ശിശുമരണ നിരക്ക് കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാര്‍ പെന്റാവലന്റ് വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചത്.

എന്നാല്‍ നാളെ മുതല്‍ നല്‍കാന്‍ പോകുന്ന വാക്‌സിനെതിരെ വ്യാപക എതിര്‍പ്പുകളാണ് ഉയരുന്നത്. ഡോ.കെ.എസ് പ്രകാശം അനുസ്മരണ സമിതിയാണ് എതിര്‍പ്പുമായി രംഗത്തെത്തിയത്. ശ്രീലങ്ക അടക്കമുള്ള രാജ്യങ്ങളില്‍ പെന്റാവലന്റ് വാക്‌സിനേഷന്‍ നടത്തിയപ്പോള്‍ ധാരാളം ശിശുമരണങ്ങള്‍ നടന്നതായി സമിതി അറിയിച്ചു. ഇത്തരത്തിലുള്ള മരുന്നാണ് വ്യക്തമായ പഠനങ്ങള്‍ കൂടാതെ നല്‍കാന്‍ പോകുന്നതെന്നും സമിതി അറിയിച്ചു. എന്നാല്‍ വാക്‌സിന്‍ തികച്ചും വിശ്വസനീയമാണെന്ന് അഡീഷണല്‍ ഡി.എം.ഒ അപ്പുണ്ണി  പറഞ്ഞു. നിലവില്‍ അഞ്ച് വാക്‌സിനേഷനുകളിലൂടെ ശിശുക്കള്‍ക്ക് നല്‍കി വരുന്ന മരുന്നുകള്‍ ഒറ്റക്കുത്തിവെപ്പിലൂടെ ലഭിക്കാന്‍ സഹായകരമാകുമെന്നാണ് ഇവര്‍ പറയുന്നത്