കൊട്ടിയം : മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധം ആളിപ്പടര്‍ന്ന സാഹചര്യത്തില്‍ തേനിയില്‍ നിന്ന് പച്ചക്കറിയുമായി വന്ന കൊല്ലം സ്വദേശിയുടെ ലോറിയ്ക്ക് നേരെ ആക്രമണം നടന്നു. അര്‍ദ്ധരാത്രി  മാരക ആയുധങ്ങളുമായി വന്ന സംഘമാണ് ആക്രമണത്തിന് പിന്നില്‍.  അക്രമികള്‍ ലോറി ഡ്രൈവറുടെ ചെവി മുറിക്കുകയും ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു.

കൊല്ലം പാളയത്തോടുള്ള പച്ചക്കറി വ്യാപാരകേന്ദ്രത്തിലെ ലോറി ഡ്രൈവര്‍ ഇടുക്കി ശാന്തന്‍പാറ ഉടുമ്പന്‍ ചോല എം.ആര്‍ .എ ഭവനില്‍ അയ്യപ്പന്‍ ആണ് ചെവി കഷണങ്ങളായി മുറിഞ്ഞ നിലയില്‍ കൊല്ലം മെഡിക്കല്‍കോളേജ് മെഡിസിറ്റി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്. അപകടം നടന്ന ഉടനെ തമിഴ്‌നാട്ടിലെ ആശുപത്രിയില്‍ ചികിത്സയ്ക്കായി ചെന്നെങ്കിലും മുല്ലപ്പെരിയാര്‍ വിഷയത്തിലായതിനാല്‍ ചികിത്സ നല്‍കിയില്ല.

ചിന്നമന്നൂര്‍ മാര്‍ക്കറ്റില്‍ നിന്ന് പച്ചക്കറികള്‍ കയറ്റി വരികെയാണ് ഓടപ്പെട്ടിയില്‍ വെച്ച് വടികളും ആയുധങ്ങളുമായെത്തിയ നൂറോളം വരുന്ന സംഘം ലോറി ആക്രമിച്ചത്. അക്രമികളോട് തമിഴില്‍ സംസാരിച്ചു നോക്കിയെങ്കിലും ഫലമുണ്ടായില്ലെന്ന് അയ്യപ്പന്‍ പറഞ്ഞു.