ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേന്ദ്രം അടിയന്തരനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ ഡി.എം.കെയുടെ ഏകദിന ഉപവാസം തുടങ്ങി. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ 2006 ലെ സുപ്രിംകോടതി വിധി നടപ്പാക്കുക, അണക്കെട്ടിന്റെ സുരക്ഷ കേന്ദ്രസേനയെ ഏല്‍പ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉപവാസം. തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ ജില്ലാ ആസ്ഥാനങ്ങളിലും കോര്‍പറേഷന്‍, നഗരസഭ ഓഫീസുകള്‍ക്കു മുന്നിലുമാണ് ഉപവാസസമരം.

Subscribe Us:

കേരളത്തെയും കേന്ദ്രത്തെയും ജയലളിതയെയും പ്രതിക്കൂട്ടില്‍ നിര്‍ത്തിയാണ് കരുണാനിധി സംസാരിച്ചത്. ജയലളിതാ സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണെന്നും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിന് വേണ്ടി ജയലളിത ഒന്നും ചെയ്യുന്നില്ലെന്നും അവര്‍ ആരോപിച്ചു. കേരളീയര്‍ തമിഴരെ ആക്രമിക്കുകയാണ് അതിനെതിരെ പോലീസ് സംവിധാനം ശക്തമാക്കണം. ജയലളിത രാഷ്ട്രീയമുതലെടുപ്പ് നടത്തുകയാണ്. പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്രം ഉടന്‍ തന്നെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.

പാര്‍ട്ടിയിലെ  മുഴുവന്‍ പ്രവര്‍ത്തകരും സമരത്തില്‍ പങ്കെടുക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ എം. കരുണാനിധി നിര്‍ദേശം നല്‍കിയ സാഹചര്യത്തില്‍ ലക്ഷക്കണക്കിനു പേരാണു സമരത്തില്‍ പങ്കെടുക്കുന്നത്.    അനാരോഗ്യം മൂലം കരുണാനിധി സമരത്തില്‍ പങ്കെടുക്കുന്നില്ല. കഴിഞ്ഞദിവസം ചേര്‍ന്ന ഡിഎംകെയുടെ അടിയന്തര പ്രവര്‍ത്തകസമിതി യോഗമാണ് സമരത്തിന് ആഹ്വാനം ചെയ്തത്.
തേനി, മധുര, ദിണ്ഡുക്കല്‍, ശിവഗംഗ, രാമനാഥപുരം ജില്ലകളില്‍ വ്യാഴാഴ്ച നടത്താനിരുന്ന  മനുഷ്യച്ചങ്ങല ബുധനാഴ്ചത്തേക്ക് മാറ്റി. ജലനിരപ്പ് 142 അടിയാക്കണമെന്നാവശ്യപ്പെട്ടും പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ ശ്രദ്ധക്ഷണിക്കാനുമാണ് സമരമെന്ന് കരുണാനിധി പറഞ്ഞു. വൈകുന്നേരം 6 മണിക്ക് ഉപവാസം അവസാനിപ്പിക്കും