പത്തനംതിട്ട :തമിഴ്‌നാട്ടില്‍ നിന്നും സന്നിധാനത്തെത്തുന്ന അയ്യപ്പഭക്തന്‍മാരുടെ എണ്ണത്തില്‍ കുറവ്. മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന അക്രമങ്ങളും അഭിപ്രായവ്യത്യാസങ്ങളുമാണ് ശബരിമലയിലേക്ക് വരുന്ന അയ്യപ്പ ഭക്തന്‍മാരുടെ എണ്ണം കുറയാന്‍ കാരണമാവുന്നത്. മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ട് നിരവധി കള്ളക്കഥകള്‍ തമിഴ്‌നാട്ടില്‍ പ്രചരിക്കുന്നുണ്ട്.

കുമളി വഴി വരുന്ന അയ്യപ്പഭക്തന്‍മാരെ കേരളത്തില്‍വെച്ച് ആക്രമിക്കും എന്ന തെറ്റിദ്ധാരണയാണ് അയ്യപ്പഭക്തന്‍മാരെ  കേരളത്തിലേക്ക് വരുന്നതില്‍ നിന്നും പിന്‍വലിക്കുന്നത്. കുമളിയില്‍ നിന്നും വരുന്ന അയ്യ്പ്പഭകത്ന്‍മാര്‍ക്ക് കേരളത്തിലുള്ളവര്‍ അവര്‍ അര്‍ഹിക്കുന്ന പരിഗണനയും സഹായവും ചെയ്തുകൊടുക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ അയ്യപ്പഭക്തന്‍മാരെ അക്രമിക്കും എന്ന വാര്‍ത്തയാണ് തമിഴ് നാട്ടില്‍ പ്രചരിക്കുന്നതെന്ന് കുമളിയിലെ അയ്യപ്പഭക്തര്‍ പറയുന്നു.

Subscribe Us:

കുമളി ചെക്ക്‌പോസ്റ്റില്‍ മണിക്കൂറുകളോളം വാഹനങ്ങള്‍ തടയുന്നതും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും മറ്റും അയ്യപ്പഭക്തന്‍മാര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ആളുകള്‍ തമ്മില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ മുല്ലപ്പെരിയാര്‍ വിഷയം വലിയൊരു കാരണമാകുമെന്നും അയ്യപ്പഭക്തന്‍മാര്‍ അഭിപ്രായപ്പെട്ടു. എത്രയും പെട്ടന്ന് പ്രശ്‌നം പരിഹരിച്ച് പഴയപോലെ ദര്‍ശനത്തിനായി ശബരിമലയില്‍ എത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് തമിഴ്‌നാട്ടിലെ അ്യ്യപ്പഭക്തന്‍മാര്‍.