Categories

പോലീസ് മര്‍ദ്ദനം: ദളിത് യുവാവ് തൂങ്ങിമരിച്ചു

വിതുര: പൊലീസ് മര്‍ദ്ദനത്തില്‍ മനംനൊന്ത് ദളിത് യുവാവ് തൂങ്ങി മരിച്ചു. വിതുര സ്വദേശി സിനു (26) ആണ് തൂങ്ങിമരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വിതുര പൊലീസ് സ്‌റ്റേഷനിലേക്ക് പ്രകടനം നടത്തി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഡി.വൈ.എസ്.പി ഉള്‍പ്പെടെ പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

ആര്‍.ഡി.ഒ എത്തിയശേഷമേ പോസ്റ്റ്‌മോര്‍ട്ടം നടത്താനാകൂ എന്ന നിലപാടിലാണ് നാട്ടുകാര്‍. വിതുര പഞ്ചായത്തില്‍ ഇന്ന് രാവിലെ മുതല്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.

വിതുര തേവിയോട് കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിന് സമീപമാണ് സീനുവിന്റെ വീടും ചായക്കടയും. ദീപാവലിയായതിനാല്‍ രാത്രി 7 മണിയോടെ വീടിനു മുന്നില്‍ പട്ടക്കം പൊട്ടിക്കുകയായിരുന്നു സീനു. ഈ സമയം അതുവഴി പോകുകയായിരുന്ന എസ്.ഐ പടക്കം പൊട്ടിക്കുന്നത് കണ്ട് ജീപ്പ് നിര്‍ത്തി ആക്രോശിച്ചു. ഇതിനെ സീനു ചോദ്യം ചെയ്തതോടെ അയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.

തുടര്‍ന്ന് സ്‌റ്റേഷനില്‍ വച്ച് എസ്.ഐ യുടെ നേതൃത്വത്തില്‍ പൊലീസുകാര്‍ സീനുവിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇതില്‍ മനംനൊന്താണ് ഇയാള്‍ ആത്മഹത്യ ചെയ്തത് എന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ബുധനാഴ്ച രാവിലെ സിനുവിനെ സ്‌റ്റേഷനില്‍ നിന്ന് വിട്ടയച്ചിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ ഇയാള്‍ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു. തന്നെ പോലീസ് മര്‍ദ്ദിച്ചതായി സീനു കൂട്ടുകാരോട് പറഞ്ഞിരുന്നതായി അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.