ന്യൂദല്‍ഹി: പ്രൊഫഷണലുകള്‍ മാത്രം ഉപയോഗിക്കുന്ന ഹാന്‍ഡ്‌സെറ്റ് എന്ന ലേബല്‍ മാറ്റാനുള്ള ശ്രമം ബ്ലാക്ക്‌ബെറി തുടങ്ങിയിട്ട് കാലം കുറച്ചാകുന്നതേയുള്ളൂ. യുവാക്കളെ പ്രധാനമായും ലക്ഷ്യമിട്ട് ഏതാനും മോഡലുകള്‍ ആ ലക്ഷ്യം മുന്നില്‍ കണ്ടു തന്നെ കമ്പനി അടുത്തിടെ ഇറക്കിയിരുന്നു. ബ്ലാക്ക്‌ബെറിയില്‍ നിന്ന് പുറത്തിറങ്ങിയ ഏറ്റവും പുതിയ മോഡലായ ബ്ലാക്ക്‌ബെറി ബോള്‍ഡ് 9900 ഇന്ത്യന്‍ വിപണിയിലെത്തിയിരിക്കുകയാണ്.

ലോകത്താകമാനം പുറത്തിറങ്ങുന്നതിന് മുമ്പേ, ഡിസൈന്‍ കൊണ്ട് സ്മാര്‍ട്‌ഫോണ്‍ പ്രേമികളുടെ ചര്‍ച്ചയായതാണ് ബ്ലാക്ക്‌ബെറി ബോള്‍ഡ് 9900. ബ്ലാക്ക്‌ബെറി ബോള്‍ഡ് 9900 ന്റെ വൈറ്റ് മോഡലാണ് ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായിരിക്കുന്നത്. ബ്ലാക്കബെറിയുടെ ഇതുവരെ പുറത്തിറങ്ങിയതില്‍ വെച്ച് ഏറ്റവും സ്ലിം ഹാന്‍ഡ്‌സെറ്റാണ് ബോള്‍ഡ് 9900. സ്മാര്‍ട് ഫോണ്‍ വാഗ്ദാനം ചെയ്യുന്ന എല്ലാ വിധ പ്രത്യേകതകളും സൗകര്യങ്ങളും ഈ മോഡല്‍ നല്‍കുന്നുണ്ട്.

ബ്ലാക്ക്‌ബെറിയുടെ ഓരേ ഹാന്‍ഡ്‌സെറ്റും എന്തെങ്കിലും പ്രത്യേകതയോടെയാണ് ഉപഭോക്താവിന്റെ കൈയ്യിലെത്താറ്. കമ്മ്യൂണിക്കേഷന്‍ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് തുടക്കം സൃഷ്ടിക്കുമെന്ന് കരുതപ്പെടുന്ന എന്‍.എഫ്.സി സാങ്കേതിക വിദ്യ ഹാന്‍ഡ്‌സെറ്റില്‍ ഉള്‍കൊള്ളിച്ചു എന്നതാണ് ബോള്‍ഡ് 9900 ന്റെ ഏറ്റവും വലിയ പ്രത്യേകത. Near Feel Communication എന്നതാണ് എന്‍.എഫ്.സിയുടെ പൂര്‍ണ്ണ രൂപം. എന്‍.എഫ്.സി ടെക്‌നോളജിയുള്ള ഉപകരണങ്ങളുമായി വിവരങ്ങള്‍ പങ്കുവെയ്ക്കാനും മൊബൈല്‍ പേയ്‌മെന്റുകള്‍ നടത്താനും സ്മാര്‍ട് പോസ്റ്ററുകള്‍ വായിക്കാനും ടാഗ് ചെയ്യാനുമൊക്കെ എന്‍.എഫ്.സിയിലൂടെ സാധിക്കും.

സ്റ്റെയിന്‍ലസ് സ്റ്റീലിലാണ് ബോള്‍ഡ് 9900 ന്റെ ബോഡി നിര്‍മ്മിച്ചിരിക്കുന്നത്. വി.ജി.എ കപ്പാസിറ്റിയുള്ള 2.8 ഇഞ്ച് ടച്ച് സ്‌ക്രീനാണ് ഫോണിന്. 1. ജിഗാ ഹെഡ്‌സ് ആണ് പ്രൊസസ്സര്‍. ബ്ലാക്ക്‌ബെറി 7 ഓപ്പറേറ്റിംഗ് സിസ്റ്റം വെബ് ബ്രൗസിംഗിന് നല്ല വേഗത നല്‍കും. ബ്ലാക്കബെറിയുടെ മറ്റെല്ലാ മോഡലുകളുടെയും പോലെ ക്യൂവര്‍ട്ടി കീ പാഡ് തന്നെയാണ് ഈ ഹാന്‍ഡ്‌സെറ്റിനും. 130 ഗ്രാം ആണ് ഫോണിന്റെ ഭാരം. മുന്നില്‍ ക്യാമറ (സെകന്‍ഡറി ക്യാമറ) ഇല്ല എന്നതു മാത്രമാണ് ഒരു പോരായ്മയായി പറയാനുള്ളത്.

5 മെഗാ പിക്‌സല്‍ ക്യാമറയും 8 ജിബി ഇന്‍ബില്‍റ്റ് മെമ്മറിയും ബോള്‍ഡ് 9900 ന് ഉണ്ട്. 32 ജിബി വരെ മെമ്മറി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. 33,360 രൂപയാണ് ബ്ലാക്ക്‌ബെറി ബോള്‍ഡ് 9900 ന്റെ വില. ബോള്‍ഡ് 9900 വിപണിയില്‍ ഒരു തരംഗമാകുമെന്നതില്‍ ഒരു സംശയവും വേണ്ട.

Malayalam News
Kerala News in English