ന്യൂദല്‍ഹി: പ്രക്ഷേപണക്കരാറില്‍ 2000 കോടി രൂപയോളം ബാങ്ക് ഗ്യാരണ്ടി നല്‍കുന്നതില്‍ വീഴ്ച വരുത്തിയ നിംബസുമായുള്ള കരാര്‍ ബി.സി.സി.ഐ റദ്ദാക്കി. കഴിഞ്ഞ ദിവസം ചേര്‍ന്ന ബി.സി.സി.ഐയുടെ അടിയന്തിര വര്‍ക്കിംഗ് കമ്മിറ്റിയാണ് ഈ തീരുമാനം കൈക്കൊണ്ടത്. നിംബസുമായുള്ള കാലാവധി അവസാനിക്കാന്‍ ഒരു വര്‍ഷം ബാക്കിയിരിക്കെയാണ് കരാര്‍ റദ്ദാക്കാന്‍ ബി.സി.സി.ഐ തീരുമാനിച്ചത്.

പ്രതിഫലം നല്‍കുന്നതില്‍ നിംബസ് തുടര്‍ച്ചയായി വീഴ്ച വരുത്തിയതായി ബി.സി.സി.ഐ ചൂണ്ടിക്കാട്ടി. 88 കോടി രൂപയോളം നിംബസ് ബി.സി.സി.ഐയക്ക് നല്‍കാനുണ്ട്. 2009 ഒക്ടോബറിലാണ് നാലുവര്‍ഷത്തെ കരാറില്‍ ഇവര്‍ ഒപ്പിട്ടത്. ക്രിക്കറ്റ് മത്സരത്തിന്റെ ഇടവേളയില്‍ ഹോക്കി ലോകസീരീസിന്റെ പ്രചാരണം നടത്തിയതിലും ബി.സി.സി.ഐ അതൃപ്തരാണ്.ഒരു മത്സരത്തിന് 31.5 കോടി രൂപയാണ് നിംബസ് ബി.സി.സി.ഐക്ക് നല്‍കേണ്ടത്.

Subscribe Us:

റേഡിയോ സംപ്രേഷണത്തിലും നിംബസുമായി ഇവര്‍ ഇടഞ്ഞു നില്‍ക്കുകയാണ്. ബി.സി.സി.ഐയ്ക്ക് ആള്‍ ഇന്ത്യ റേഡിയോയുമായുള്ള ബന്ധത്തില്‍ നിംബസ് അതൃപ്തി അറിയിച്ചിട്ടുണ്ട്. എന്നാല്‍ കരാര്‍ റദ്ദാക്കല്‍ തീരുമാനത്തെക്കുറിച്ച് ഒന്നുമറിയില്ലെന്ന് നിംബസ് സി.ഇ.ഒ യാനിക് കൊളോക്കൊ വ്യക്തമാക്കി.