ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയെ ആശുപത്രിയില്‍ നിന്ന്  ഡിസ്ചാര്‍ജ് ചെയ്തു. സര്‍ദാരിയെ ഇന്നു ഡിസ്ചാര്‍ജ് ചെയ്യുമെന്നാണ് ഡോക്ടര്‍മാര്‍ നേരത്തെ അറിയിച്ചിരുന്നെങ്കിലും  ഇന്നലെ  തന്നെ അദ്ദേഹം ആശുപത്രി വിട്ടതായാണു റിപ്പോര്‍ട്ടുകള്‍.  ഹൃദയസംബന്ധമായ അസുഖം ബാധിച്ച് കഴിഞ്ഞ കുറേ നാളായി അദ്ദേഹം ചികിത്സയിലായിരുന്നു.

ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും ഇനിയും വിശ്രമം വേണമെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ദുബായിലെ അമേരിക്കന്‍ ഹോസ്പിറ്റലിന്റെ മെഡിക്കല്‍ ബുള്ളറ്റിന്‍ അനുസരിച്ച് അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്നു പ്രസിഡന്റിന്റെ ഔദ്യോഗിക വക്താവ് ഇന്നലെ വ്യക്തമാക്കിയിരുന്നു. അദ്ദേഹം പാക്കിസ്ഥാനിലേക്കു എന്നുമടങ്ങും എന്നത് തീരുമാനിച്ചിട്ടില്ല.

എന്നാല്‍ ഈ മാസം 27ന് ഭാര്യ ബേനസീറിന്റെ ചരമ വാര്‍ഷികച്ചടങ്ങില്‍ പങ്കെടുക്കേണ്ടതുള്ളതുകൊണ്ട് സര്‍ദാരി അതിനു മുന്‍പ് മടങ്ങുമെന്നു പാക്ക് മതകാര്യ മന്ത്രി ഖുര്‍ഷിദ് ഷാ കഴിഞ്ഞദിവസം അറിയിച്ചിട്ടുണ്ട്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് പാകിസ്താന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി രാജിവെക്കുമെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി വാര്‍ത്ത് നിഷേധിക്കുകയായിരുന്നു.