ന്യൂയോര്‍ക്ക:  അമേരിക്കയിലെ മലയോരത്ത് വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍തകര്‍ന്നുവീണ് ഇന്ത്യന്‍ ദമ്പതിമാര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. അമേരിക്കയിലെ ലാസ് വെഗാസിനു സമീപമുള്ള പര്‍വതനിരകളിലാണ് അപകടം. അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തെങ്കിലും ഇന്ത്യക്കാരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

സൂര്യാസ്തമയം കാണാനായി  ലാസ്‌വെഗാസില്‍ നിന്ന് വിനോദസഞ്ചാരികളുമായിഹൂവര്‍ഡാമിലേക്ക് പോകുമ്പോഴായിരുന്നു അപകടം. മീഡ് തടാകത്തിന്റെ അതിര്‍ത്തിയോട് ചേര്‍ന്ന് 150 അടി താഴെ മലയിടുക്കിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്.

ലാസ്‌വെഗാസിലെ സന്‍ഡന്‍സ് ഹെലികോപ്‌റ്റേഴ്‌സ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കോപ്റ്ററാണ് തകര്‍ന്നത്. അപകടകാരണം സംബന്ധിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചു. മരണമടഞ്ഞ പൈലറ്റ് ലാന്‍ഡന്‍ നീല്‍ഡ്, വിനോദസഞ്ചാരികളായ ഡെല്‍വിന്‍, ടമാര ചാപ്മാന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കളെത്തി തിരിച്ചറിഞ്ഞു. മരിച്ച ഇന്ത്യക്കാരെ തിരിച്ചറിയാന്‍ ഇന്ത്യന്‍ എംബസിയുടെ സഹായം തേടിയിട്ടുണ്ട്.