ന്യൂദല്‍ഹി: ലണ്ടന്‍ ഒളിംപിക്‌സില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷകളായി സായ്(സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ) തിരഞ്ഞെടുത്ത താരങ്ങളുടെ പട്ടികയില്‍ കേരളത്തില്‍നിന്ന് മയൂഖ ജോണിയും ടിന്റു ലൂക്കയും. എട്ട് കായിക ഇനങ്ങളില്‍നിന്ന് 42 താരങ്ങളെയാണ് സായി ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

മെഡല്‍ സാധ്യതാ പട്ടികയിലുള്ള താരങ്ങള്‍ക്ക് പ്രത്യേക പരിശീലനവും സഹായവും പദ്ധതി ലക്ഷ്യമിടുന്നു. ഇതിന് കേന്ദ്ര കായിക മന്ത്രാലയം അനുമതി നല്‍കിക്കഴിഞ്ഞു.  അടുത്ത വര്‍ഷം ജൂലൈ 27ന് ആരംഭിക്കുന്ന ഒളിംപിക്‌സിന് 200 ദിനം ബാക്കിനില്‍ക്കെയാണു സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ താരങ്ങളുടെ പട്ടിക തയാറാക്കിയത്.

Subscribe Us:

ബെയ്ജിങ് ഒളിംപിക്‌സിലെ സ്വര്‍ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര, വെങ്കല മെഡല്‍ ജേതാവ് വിജേന്ദര്‍ സിങ്, സുശീല്‍ കുമാര്‍, ടെന്നിസ് താരങ്ങളായ ലിയാന്‍ഡര്‍ പെയ്‌സ്, മഹേഷ് ഭൂപതി, സോംദേവ് ദേവ്‌വര്‍മന്‍, ബാഡ്മിന്റന്‍ പ്രതീക്ഷകളായ സൈന നെഹ്‌വാള്‍, ജ്വാല ഗുട്ട, അശ്വിനി പൊന്നപ്പ എന്നിവര്‍ പട്ടികയിലുണ്ട്.

പരിശീലനത്തിനു സഹായം ആവശ്യമെങ്കില്‍ അറിയിക്കണമെന്നാവശ്യപ്പെട്ടു സായ് 42 താരങ്ങള്‍ക്കും കത്തയച്ചു. പ്രത്യേക പരിശീലന ക്യാംപ്, വിദേശത്തുള്‍പ്പടെയുള്ള മല്‍സര പരിചയം, ഫുഡ് സപ്ലിമെന്റ്, പരിശീലനത്തിന് ആവശ്യമായ  ശാസ്ത്രീയ സഹായങ്ങള്‍ എന്നിവയെക്കുറിച്ച് അറിയിക്കാനാണു കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Malayalam News

Kerala News In English