കാന്‍ബറ : ആസ്‌ട്രേലിയന്‍ ടീമിനെതിരെ കളിക്കാന്‍ നല്ല ഫോം മാത്രം പോരെന്ന് ഇന്ത്യന്‍ ക്രിക്കറ്റര്‍ രാഹുല്‍ ദ്രാവിഡ്. ബാറ്റ്‌സ്മാന്‍ നല്ല ഫോമിലാണെങ്കിലും ആസ്‌ട്രേലിയയ്‌ക്കെതിരെ റണ്‍സ് നേടാന്‍ ബുദ്ധിമുട്ടാണ്. നല്ല പരിശീലനം ഉണ്ടെങ്കില്‍ മാത്രമേ  ആസ്‌ട്രേലിയയ്‌ക്കെതിരെ പിടിച്ചു നില്‍ക്കാന്‍ കഴിയുകയുള്ളു. അതുകൊണ്ടുതന്നെ അവര്‍ക്കെതിരെ എടുക്കാന്‍ കഴിയുന്ന ഒറ്റ റണ്‍സുപോലും വിട്ടുകളയാറില്ല.

നമ്മള്‍ നല്ല ഫോമിലാണെങ്കില്‍ അത് നമുക്ക് ആത്മവിശ്വാസം നല്‍കും. പക്ഷേ അതുകൊണ്ടു മാത്രം റണ്‍സ് അടിച്ചെടുക്കാന്‍ കഴിയണമെന്നില്ല. സച്ചിനു പോലും ആസ്‌ട്രേലിയയ്‌ക്കെതിരെ അനായാസമായി റണ്‍സ് അടിച്ചു കൂട്ടാന്‍ കഴിയാറില്ല. സ്ഥിരതയോടെ കളിച്ചാല്‍ മാത്രമേ അവര്‍ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയുള്ളു.

കളിയുടെ തുടക്കം നന്നായാല്‍ മാത്രമേ ആത്മവിശ്വാസം ഉണ്ടാവുള്ളു. അങ്ങനെ വരുമ്പോള്‍  കളി  വിജയിപ്പിക്കാന്‍ കഴിയും. ഒരിക്കലും ഒരാളുടെ പ്രകടനത്തിന്റെ ബലത്തില്‍ കളി ജയിക്കുകയെന്നത് പ്രയാസമാണ്. ടീമിന്റെ മൊത്തം പെര്‍ഫോമന്‍സ് കളിയില്‍ പ്രധാനമാണ്. ഇന്ത്യന്‍ ടീമിലെ ഏഴോ എട്ടോ കളിക്കാര്‍ സ്ഥിരത നിലനിര്‍ത്തിയാല്‍ ആസ്‌ട്രേലിയയ്‌ക്കെതിരെ മികച്ച വിജയം നേടാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

Malayalam News

Kerala News In English