ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍ നടന്ന ഭീകരാക്രമണക്കേസില്‍ ആറ് പ്രതികള്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഭീകരാക്രമണത്തില്‍ ഡല്‍ഹി ഐ.ഐ.ടി.യിലെ മാത്തമാറ്റിക്‌സ് വിഭാഗം മുന്‍ പ്രൊഫസര്‍ എം.സി. പുരി വെടിയേറ്റ് മരിക്കുകയും മറ്റ് നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഭീകരസംഘടനയായ ലഷ്‌കര്‍ഇതൊയ്ബയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന  മുഹമ്മദ് റസൂര്‍ റഹ്മാന്‍ ,അഫ്‌സര്‍ പാഷ,മൊഹബൂബ് ഇബ്രാഹിം,നൂറുള്ളവാന്‍,മുഹമ്മദ് ഇര്‍ഫാന്‍,നസിമുദ്ദീന്‍ എ്്ന്നിവരെയാണ് രണ്ടാം ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി എസ്.ജി. രേവങ്കര്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

കേസില്‍ ഉള്‍പ്പെട്ടിരുന്ന ബാംഗ്ലൂര്‍ കൊടുഗൊണ്ടനഹള്ളിയിലെ ചാന്ദ് പാഷയെ (53) കോടതി കഴിഞ്ഞദിവസം കുറ്റവിമുക്തനാക്കിയിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 121 (രാജ്യത്തിനെതിരെയുള്ള യുദ്ധപ്രഖ്യാപനം), 120 ബി (ക്രിമിനല്‍ ഗൂഢാലോചന) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ.

2005 ഡിസംബര്‍ 28നാണ് ആക്രമണമുണ്ടായത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സസില്‍ രാത്രി ഏഴിനോടെ നാഷണല്‍ സയന്‍സ് സെമിനാര്‍ കോംപ്ലക്‌സില്‍ നിന്ന് പ്രൊഫ. പുരി അടക്കമുള്ള പ്രതിനിധികള്‍ സതീഷ് ധവാന്‍ ഓഡിറ്റോറിയത്തിലേക്ക് നടന്നുപോകുമ്പോഴായിരുന്നു ആക്രമണം.  അക്രമികള്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് വെടിവെപ്പ് നടത്തിയത്.

Malayalam News

Kerala News In English