ബീജിംഗ് : ഉത്തരകൊറിയയില്‍ സമാധാനപരമായ അധികാരകൈമാറ്റത്തിന് ചൈന ശ്രമം തുടങ്ങി. ഉത്തരകൊറിയന്‍ നേതാവ് കിംഗ് ജോംഗ് ഇല്ലിന്റെ മരണത്തോടെ അദ്ദേഹത്തിന്റെ മൂന്നാമത്തെ പുത്രനും പിന്‍ഗാമിയുമായ കിംഗ് ജോംഗ് ഉന്‍ രാജ്യത്തിന്റെ അധികാരം ഏറ്റെടുക്കാനാണ് സാധ്യത.

കൊറിയയുടെ ഇപ്പോഴത്തെ അധികാര ശൂന്യത പരിഹരിക്കാനാണ് ചൈന ശ്രമിക്കുന്നത്. രാജ്യത്ത് അസന്തുലിതാവസ്ഥ സൃഷ്ടിക്കാതിരിക്കാന്‍ അയല്‍രാജ്യങ്ങളായ ജപ്പാനും ദക്ഷിണകൊറിയയും ശ്രമിക്കണമെന്നും ചൈന ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തരകൊറിയയില്‍ സമാധാനാന്തരീക്ഷം സൃഷ്ടിക്കാന്‍ അമേരിക്ക പോലുള്ള രാജ്യങ്ങളുടെ സഹായവും ചൈന ആവശ്യപ്പെട്ടിട്ടുണ്ട്.

ചൈനീസ് വിദേശകാര്യ മന്ത്രി യാംഗ്ജിയെച്ചി റഷ്യ,ജപ്പാന്‍ സ്ഥാനപതികളുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. കിങ് ജോംഗ് ഇല്ലിന്റെ പുത്രനായ ഉന്നിന് ഭരണത്തിലുള്ള പരിചയക്കുറവാണ് രാജ്യത്ത് അനിശ്ചിതാവസ്ഥയ്ക്ക് ഇടയാക്കിയതെന്നാണ് ചൈനയുടെ നിലപാട്. കിമ്മിന്റെ മരണത്തോടെ ഉത്തരകൊറിയ രാജ്യത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കിമ്മിന്റെ മരണത്തില്‍ ചൈനീസ് പ്രസിഡന്റ് ഹു ജിന്താവോ ഉത്തരകൊറിയന്‍ എംബസിയിലെത്തി തങ്ങളുടെ അനുശോചനം അറിയിച്ചിരുന്നു.

Malayalam News

Kerala News In English