എഡിറ്റര്‍
എഡിറ്റര്‍
ബഡിയായി ബാലചന്ദ്രമേനോന്‍ വീണ്ടും വരുന്നു
എഡിറ്റര്‍
Tuesday 8th January 2013 11:15am

മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ബാലചന്ദ്രമേനോന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് വരികയാണ്. നവാഗതനായ രാജ് പ്രഭാവതി മേനോന്‍ കഥ, തിരക്കഥ, സംവിധാനം ചെയ്യുന്ന ബഡി എന്ന ചിത്രത്തിലൂടെയാണ് ബാലചന്ദ്രമേനോന്‍ വീണ്ടും എത്തുന്നത്.

Ads By Google

കാലത്തിന്റെയും പ്രായത്തിന്റെയും മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് കൂടുതല്‍ ഊര്‍ജസ്വലനായി റിട്ടയേര്‍ഡ് ഡി.ജി.പി ശങ്കരന്‍ നമ്പൂതിരിപ്പാട് എന്ന ശക്തവും ശ്രദ്ധേയവുമായ കഥാപാത്രത്തെയാണ് ബാലചന്ദ്രമേനോന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ഗ്രീനി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ അഗസ്റ്റിന്‍ ജാക്‌സണ്‍ നിര്‍മിക്കുന്ന ബഡി ഊട്ടിയില്‍ ചിത്രീകരണം ആരംഭിച്ചു. അനൂപ് മേനോന്‍, ബാബു ആന്റണി, അരുണ്‍, മിഥുന്‍ മുരളി, ജോസൂട്ടി, നീരജ് മാധവ്, തമിഴ് നടന്‍ ആദി, ഭൂമിക ചൗള, ആശ ശരത്, ലക്ഷ്മിപ്രിയ, സ്വര്‍ണ തോമസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ഏതന്‍ ഗ്രാമത്തില്‍ ജീവിക്കുന്ന മാണിക്കുഞ്ഞ് താടിക്കാരന് ആരുമില്ല എങ്കിലും ജീവിതം ആഘോഷമാക്കിയാണ് ഓരോ നിമിഷവും മുന്നോട്ടു കൊണ്ടുപോകുന്നത്.

വലിയൊരു സുഹൃത്ത് വലയം മാണിക്കുഞ്ഞിനുണ്ട്. ജീവിതയാത്രയ്ക്കിടയില്‍ പരിചയപ്പെട്ട നാല്‌പേര്‍ ഇപ്പോള്‍ മാണിക്കുഞ്ഞ് താടിക്കാരന്റെ കൂടെയുണ്ട്.

തീവ്രമായ സൗഹൃദത്തിന്റെ കഥപറയുന്ന ചിത്രത്തില്‍ വിഷ്ണു എന്ന കഥാപാത്രത്തിന്റെ കടന്നുവരവാണ് ചിത്രത്തിന്റെ കഥാഗതി മാറ്റിമറിക്കുന്നത്. മകനെന്ന അവകാശവാദത്തില്‍ കടന്നുവരുന്ന വിഷ്ണുവിനെ ഒരു സുഹൃത്ത് എന്ന നിലയില്‍ കൂടുതല്‍ ഇഷ്ടപ്പെടാന്‍ തുടങ്ങിയതോടെ മാണിക്കുഞ്ഞിലുണ്ടാകുന്ന മാറ്റങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. അനൂപ് മേനോനാണ് മാണിക്കുഞ്ഞ് താടിക്കാരനായി പ്രത്യക്ഷപ്പെടുന്നത്.

പ്രകാശ് കുട്ടിയാണ് ക്യാമറാമാന്‍. റഫീഖ് അഹമ്മദ്, സന്തോഷ് വര്‍മ്മ, അനൂപ് മേനോന്‍ എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് നവനീത് സുന്ദര്‍ ആണ്. പ്രൊഡ. കണ്‍ട്രോളര്‍- സേതു മണ്ണാര്‍ക്കാട്, കല- സിറിള്‍ കുരുവിള, മേക്കപ്- റോണക്‌സ് സേവ്യര്‍, സ്റ്റില്‍സ്- ജിജേഷ് വാഡി.

Advertisement