എഡിറ്റര്‍
എഡിറ്റര്‍
ഇനി സര്‍ക്കാര്‍ ജോലി കിട്ടാന്‍ മലയാളം അറിയണം
എഡിറ്റര്‍
Tuesday 2nd October 2012 12:52am

തിരുവനന്തപുരം: സര്‍ക്കാര്‍ തസ്തികകളില്‍ ജോലി ലഭിക്കണമെങ്കില്‍ ഇനിമുതല്‍ മലയാള ഭാഷ വശമുണ്ടായിരിക്കണം. മലയാളഭാഷാ പരിജ്ഞാനം കേരളത്തില്‍ സര്‍ക്കാര്‍ ജോലിക്കുള്ള അനിവാര്യ യോഗ്യതയാക്കണമെന്ന് സംസ്ഥാന സാംസ്‌കാരിക നയം ശുപാര്‍ശ ചെയ്യുന്നു.

Ads By Google

എന്‍ജിനീയറിങ്, മെഡിസിന്‍, ഐ.ടി. എന്നിങ്ങനെ പൊതുപരീക്ഷയിലൂടെ പ്രവേശനം നടത്തുന്ന കോഴ്‌സുകള്‍ക്ക് മലയാളത്തിലും ചോദ്യങ്ങള്‍ ലഭ്യമാക്കണം. മാതൃഭാഷയിലും ഉത്തരമെഴുതാന്‍ അനുവദിക്കുകയും വേണം. പി.ടി.തോമസ് എം.പി. അധ്യക്ഷനായ സമിതി രൂപം നല്‍കിയ കരട് സാംസ്‌കാരിക നയം സര്‍ക്കാരിന്റെ പരിഗണനയിലാണ്.

വിദേശികള്‍ക്ക് മലയാളം പഠിക്കാന്‍ സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തും. വൈദേശിക എഴുത്തുകാരെ ആകര്‍ഷിച്ച് മലയാളം പഠിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും. മലയാളഭാഷയ്ക്ക് മികച്ച സംഭാവന നല്‍കുന്ന വിദേശികള്‍ക്ക് ഗുണ്ടര്‍ട്ടിന്റെ പേരില്‍ പുരസ്‌കാരം നല്‍കും. ലിപി പരിഷ്‌കരണം പോലെ ഐ.ടി.യുടെ വികാസത്തിന് അനുസൃതമായി ഭാഷ നവീകരിക്കും.

അക്കാദമികമായ എല്ലാ മേഖലകളിലും മലയാളത്തിന് പ്രവേശനം നല്‍കണം. ഭരണഭാഷയും കോടതിഭാഷയും പൂര്‍ണമായും മലയാളത്തിലാക്കണം. സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തുന്ന സെമിനാറുകള്‍, പ്രസിദ്ധീകരണങ്ങള്‍ എന്നിവയെല്ലാം മാതൃഭാഷയിലായിരിക്കണം.

സിവില്‍ സര്‍വീസില്‍ നിന്ന് ഓരോ സംസ്ഥാനത്തും നിയമിക്കപ്പെടുന്നവര്‍ തദ്ദേശഭാഷ പഠിക്കണമെന്ന് നിര്‍ബന്ധമുള്ളപോലെയായിരിക്കണം സര്‍ക്കാര്‍ ജോലിക്കുള്ള മലയാളത്തിലെ അറിവ്.

ചെറിയ ക്ലാസുകള്‍ മുതല്‍ തന്നെ സാംസ്‌കാരികാവബോധം വളര്‍ത്താന്‍ തക്ക പാഠങ്ങള്‍ ഉള്‍പ്പെടുത്തണം. പ്രീ പ്രൈമറി,പ്രൈമറി തലത്തിലുള്ള അധ്യാപകര്‍ക്ക് കൈപുസ്തകമായി സാംസ്‌കാരിക പാഠങ്ങള്‍ നല്‍കണം. സ്‌കൂളുകളില്‍ കലാ, കരകൗശലരംഗങ്ങളില്‍ പരിശീലനം നല്‍കാന്‍ അധ്യാപകരെ നിയമിക്കും.

വൈവിധ്യമാര്‍ന്ന സാംസ്‌കാരിക സവിശേഷതകളെ തുല്യമായി ആദരിക്കുന്ന സാംസ്‌കാരിക നയമാണ് തങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതെന്ന് സമിതി പറയുന്നു. എം.എല്‍.എ മാരായ പാലോട് രവി, സി.പി.മുഹമ്മദ്, അബ്ദുസമദ് സമദാനി, തോമസ് ഉണ്ണിയാടന്‍, സാഹിത്യ അക്കാദമി സെക്രട്ടറി ആര്‍.ഗോപാലകൃഷ്ണന്‍, ജോര്‍ജ് ഓണക്കൂര്‍, ടി.പി.രാജീവന്‍, എം.ആര്‍. തമ്പാന്‍ എന്നിവരടങ്ങിയ സമതിതിയാണ് സാംസ്‌കാരിക നയത്തിന് രൂപം നല്‍കിയത്.

Advertisement