ഓപറേഷന്‍ ഗ്രീന്‍ഹണ്ട് മാവോവാദികള്‍ക്ക് തുണയാകുന്നു
Dool Talk
ഓപറേഷന്‍ ഗ്രീന്‍ഹണ്ട് മാവോവാദികള്‍ക്ക് തുണയാകുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 31st May 2010, 5:18 pm



ന്തവാഡെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മാവോവാദികളുമായി ചര്‍ച്ചക്ക് മുന്‍കൈയ്യെടുത്തിരിക്കയാണ് കേന്ദ്ര സര്‍ക്കാര്‍. 72 മണിക്കൂര്‍ അക്രമം നിര്‍ത്തിയാല്‍ ചര്‍ച്ചക്ക് ഒരുക്കമാണെന്നാണ് ആഭ്യന്തരമന്ത്രി പി ചിദംബരം മാവോവാദികള്‍ക്ക് കൈമാറിയ കത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. മാവോവാദികളുമായുള്ള ചര്‍ച്ചക്ക് സര്‍ക്കാര്‍ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേശിനോടാണ് സഹായം തേടിയത്. മാവോവാദികളുമായി അദ്ദേഹം ചര്‍ച്ച നടത്തുകയും ചെയ്തു.

സര്‍ക്കാര്‍ ചര്‍ച്ചക്ക് സന്നദ്ധമാണെങ്കില്‍ അക്രമം നിര്‍ത്താന്‍ തയ്യാറാണെന്ന് നേരത്തെ മാവോവാദികള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മാവോവാദികള്‍ ആയുധം പൂര്‍ണമായി താഴെ വെച്ചാലേ അത്തരമൊരു ചര്‍ച്ച സാധ്യമാകൂവെന്നായിരുന്നു ചിദംബരത്തിന്റെ മറുപടി. തങ്ങളുടെ നേരെ തോക്കു ചൂണ്ടി നില്‍ക്കുന്ന സര്‍ക്കാറിന് മുന്നില്‍ ആയുധം താഴെ വെക്കുന്നത് ആത്മഹത്യാപരമാണെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിലപാടിനോടുള്ള മാവോവാദികളുടെ പ്രതികരണം.

കേന്ദ്ര സര്‍ക്കാര്‍ നിര്‍ണായ നീക്കം നടത്തിയ സാഹചര്യത്തില്‍ ചര്‍ച്ചക്ക് ഇടനിലക്കാരനായ സ്വാമി അഗ്നിവേശുമായി doolnews.com  സീനിയര്‍ സബ് എഡിറ്റര്‍ സരിത കെ വേണു നടത്തിയ അഭിമുഖം.

ചര്‍ച്ചക്ക്  സന്നദ്ധമാണെന്നറിയിച്ചുകൊണ്ടുള്ള സര്‍ക്കാറിന്റെ കത്ത് താങ്കളാണ് മാവോവാദികള്‍ക്ക് കൈമാറിയത്. കേന്ദ്ര സര്‍ക്കാര്‍ താങ്കളെ ഏല്‍പിച്ച ദൗത്യം?.

സര്‍ക്കാര്‍ ചര്‍ച്ചാ നിര്‍ദേശം വെക്കുന്നതിന് തൊട്ട് മുമ്പ് ഞാന്‍ മാവോവാദികളുമായി സംസാരിക്കുന്നുണ്ട്. റായപൂരില്‍ നിന്ന് ദാന്തേവാഡയിലേക്ക് അഞ്ചു ദിവസത്തെ യാത്രയായിരുന്നു. അവിടെ മാവോവാദി നേതാക്കളുമായി സംസാരിച്ച ശേഷം മെയ് 10 നാണ് ഞങ്ങള്‍ തിരികെ വന്നത്. തുടര്‍ന്നാണ് സര്‍ക്കാര്‍ ചര്‍ച്ചാ നിര്‍ദേശം മുന്നോട്ട് വെക്കുന്നത്.

ചര്‍ച്ചയ്ക്ക് മധ്യസ്ഥം വഹിക്കുന്നതിന്റെ ഭാഗമായി മാവോവാദികള്‍ക്ക് കൈമാറാനുള്ള കത്ത് ആഭ്യന്തരമന്ത്രി പി ചിദംബരം മെയ് 11ന് തന്നെ ഏല്‍പ്പിച്ചു. ചര്‍ച്ചയ്ക്കുള്ള നീക്കം വളരെ രഹസ്യമായി നടത്താനായിരുന്നു പദ്ധതി. മെയ് 18 വരെ കത്തിന്റെ ഉള്ളടക്കം രഹസ്യസഭാവമുള്ളതുമായിരുന്നു. എന്നാല്‍ 18ന് മന്ത്രി ചിദംബരം തന്നെ അതിലെ ഉള്ളടക്കം ഒരു സ്വകാര്യ ചാനലുമായി പങ്കുവച്ചതോടെ അതിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെട്ടു. ആ സമയത്ത് കത്ത് ഞാന്‍ മാവോവാദികള്‍ക്ക് കൈമാറിയിരുന്നില്ല.ശേഷമാണ് കത്ത് കൈമാറുന്നത്.

എന്തായിരുന്നു കത്തിലെ ഉള്ളടക്കം ?

72 മണിക്കൂര്‍ ആയുധം നിലത്തുവയ്ക്കുകയാണെങ്കില്‍ മാവോയിസ്റ്റുകളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നാണ് കത്തില്‍ പറയുന്നത്.

കത്തിനെക്കുറിച്ചുള്ള മാവോവാദികളുടെ പ്രതികരണം?.

കത്ത് ഇപ്പോള്‍ സി പി ഐ (മാവോവാദി) നേതൃത്വത്തിന്റെ കൈയിലാണ്. മെയ് 20 മാവേവാദികളുടെ മധ്യസ്ഥര്‍ക്ക് കൈമാറിയ കത്തിനെക്കുറിച്ച് മാവോവാദികള്‍ ഇരുവരെ പ്രതികരിച്ചിച്ചിട്ടില്ല. സംഘടനാതലത്തില്‍ അവര്‍ ചര്‍ച്ചനടത്തികൊണ്ടിരിക്കുകയാണ്. അവര്‍ സര്‍ക്കാരുമായി ചര്‍ച്ചക്ക് തയ്യാറാണെന്നാണ് എനിക്ക് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്. നമുക്കു കാത്തിരിക്കാം.

മാവോവാദികളുടെ സായുധ അക്രമണങ്ങളെ താങ്കള്‍ ന്യായീകരിക്കുന്നുണ്ടോ? സര്‍ക്കാര്‍ നടത്തുന്ന ഗ്രീന്‍ ഹണ്ടിനെ എങ്ങിനെ കാണുന്നു?

സായുധ ആക്രമണങ്ങളെ തീര്‍ച്ചയായും അനുകൂലിക്കുന്നില്ല. രണ്ടു വിഭാഗവും അക്രമം അവസാനിപ്പിക്കണം. അവരുടെ രാഷ്ടീയം എന്തായാലും ശരി, അക്രമത്തിന്റെ പാത മാവോവാദികള്‍ ഉപേക്ഷിക്കണമെന്നാണ് എനിക്കു പറയാനുള്ളത്. രാജ്യം നേരിടുന്ന ആഭ്യന്തരവും വൈദേശികവുമായ വെല്ലുവിളികളെ നേരിടുക എന്നത് സര്‍ക്കാറിന്റെ ഉത്തരവാദിത്തം തന്നെയാണ്. പക്ഷെ ഒാപ്പറേഷന്‍ ഗ്രീന്‍ ഹണ്ടു പോലുള്ള നരവേട്ട സര്‍ക്കാര്‍ നിര്‍ത്തിവയ്ക്കണം. കാരണം ഇത് മാവോവാദികളുടെ ചെറുത്തിനില്‍പ്പിന് ആക്കം കൂട്ടുന്നതാണ്. അത് കൂടുതല്‍ അക്രമങ്ങള്‍ക്ക് പാതയൊരുക്കുകയാണെന്നാണ് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചത്. രണ്ടു ഭാഗത്തുനിന്നും ചര്‍ച്ച നടത്തി പ്രശ്‌നപരിഹം നേടുകയാണ് വേണ്ടത്.

മാവോവാദികള്‍ ഉന്നയിക്കുന്ന അടിസ്ഥാനപ്രശ്‌നങ്ങളെക്കുറിച്ച്?

മാവോവാദികളെ എതിര്‍ക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അതില്‍ തര്‍ക്കമില്ല. എന്നാല്‍ സര്‍ക്കാരിന്റെ വിവിധ വികസന പദ്ധതികളെ നാം വര്‍ഷങ്ങളായി എതിര്‍ത്തുകൊണ്ടിരിക്കുകയാണ്. ടാറ്റയും പോസ്‌ക്കോയും പോലുള്ള കുത്തക മുതലാളികള്‍ രാജ്യത്തെ ചൂഷണം ചെയ്യുകയാണ്. നമ്മുടെ ഭൂമിയും, വിഭവങ്ങളും അവര്‍ തട്ടിയെടുക്കുന്നു. പാവങ്ങളില്‍ പാവങ്ങളാണ് സര്‍ക്കാരിന്റെ വികസന പദ്ധതികളുടെ ഇരയാവുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. ഒറീസ മുഖ്യമന്ത്രി പോസ്‌കോയ്ക്ക് 5000 ഏക്കര്‍ ഭൂമി വിട്ടുകൊടുക്കാനുള്ള എം ഒ യു ഒപ്പിട്ടുകഴിഞ്ഞു. ഇതൊന്നും അംഗീകരിക്കാനാവുന്ന കാര്യമല്ലലോ.

അപ്പോള്‍ താങ്കള്‍ മാവോവാദികളുടെ പക്ഷം പിടിക്കുകയാണോ?

കഴിഞ്ഞ 30 വര്‍ഷമായി മനുഷ്യവകാശ ധ്വംസനങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുകയാണ് ഞങ്ങള്‍ . ജനാധിപത്യരീതിയിലാണ് പാവങ്ങള്‍ക്ക് വേണ്ടി പൊരുതുന്നത്. ആയുധത്തിന്റെ ഭാഷയിലല്ല. ജനാധിപത്യരീതിയില്‍ ഒരു കാര്യം നേടിയെടുക്കുക എന്നത് സുദീര്‍ഘവും, പീഡനം നിറഞ്ഞതുമാണ്. അതിനു കാത്തിരിക്കേണ്ടിവരും. അത് ആരുടെയും ജീവിനെടുക്കുന്നില്ലല്ലോ. മാവോവാദികള്‍ ആയുധത്തിന്റെ പാതയിലാണെന്നുമാത്രം. ഞാന്‍ ജനാധിപത്യത്തിന്റെ പാതയിലും.