നിറഞ്ഞ തിയേറ്ററുകളില്‍ കാലങ്ങളോളം കുടുംബങ്ങളെ കരയിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത മലയാള സിനിമകള്‍ നമുക്കുണ്ടായിരുന്നു. മലയാളികള്‍ കൊണ്ടാടുന്ന പല താരങ്ങള്‍ക്കും ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിക്കൊടുത്ത സിനിമകള്‍.
പ്രേക്ഷകരുടെ ഹൃദയത്തെ തൊട്ട ഈ സിനിമകളും ദൃശ്യങ്ങളും ഹോളിവുഡ്, ബോളിവുഡ് സിനിമകളുടെ തനിപ്പകര്‍പ്പായിരുന്നുവെന്ന് കാണുമ്പോള്‍ മലയാള സിനിമാ ആസ്വാദകര്‍ നെഞ്ചത്ത് കൈവെക്കുകയാണിപ്പോള്.
മലയാള സിനിമയുടെ വസന്ത കാലത്ത് തുടങ്ങിയ കോപ്പിയടി ഒരു തടസ്സവുമില്ലാതെ ഇന്നും തുടരുന്നു. ചിലര്‍ തിരക്കഥ കോപ്പിയടിക്കുന്നു. മറ്റുചിലര്‍ സിനിമ മുഴുവനായും. ഈ കോപ്പിയടികള്‍ തിരിച്ചറിയുന്നുണ്ടെന്നറിഞ്ഞിട്ടും മടിയില്ലാതെ അതു തുടരുകയും ചെയ്യുന്നു.
കോപ്പിയടിയുടെ രൂപത്തില്‍ മലയാള സിനിമയില്‍ കടന്നുകൂടിയ മാലിന്യത്തെ അരിച്ചുമാറ്റുന്നതില് മാധ്യമങ്ങള്‍ക്കും പങ്ക് വഹിക്കാം. മലയാള സിനിമയില്‍ നടക്കുന്ന “ഈച്ചക്കോപ്പി പ്രതിഭാസം” തുറന്നുകാണിക്കാന്‍ എന്തുകൊണ്ടോ ഇത്രയും കാലം മാധ്യമങ്ങള്‍ക്കും കഴിഞ്ഞില്ല. മലയാളികള്‍ നെഞ്ചിലേറ്റിയ സിനിമകള്‍ പലതും തൊണ്ടിമുതലാണെന്ന് കാണിച്ചുകൊടുക്കുകയാണ് റിപ്പോര്‍ട്ടര്‍ ചാനലിലെ കട്ട് കോപ്പി പ്രോഗ്രാം. കട്ട് കോപ്പി പ്രൊഡ്യൂസര്‍ ബിശ്വാസ് ബാലനുമായി ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍ ജിന്‍സി ബാലകൃഷ്ണന് സംസാരിക്കുന്നു.
സിനിമയെക്കുറിച്ച് പല പ്രോഗ്രാമുകളും മലയാളം ചാനലുകളില്‍ വന്നിട്ടുണ്ട്. കട്ട്കോപ്പി പോലുള്ള ഒരുപരിപാടി ആദ്യമായാണ്?
മറ്റ് ചില ഭാഷകളില്‍ ഇതുപോലുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. മലയാളത്തില്‍ ചില ചാനലുകളില്‍ കട്ട് കോപ്പിയുടെ മൈക്രോവേര്ഷന് എന്ന് പറയാവുന്ന പരിപാടികള്‍ വന്നിട്ടുണ്ട്. പക്ഷെ കാര്യമായി റിസര്‍ച്ച് ചെയ്ത് തയ്യാറാക്കിയ ഒന്നായിരുന്നില്ല അവയൊന്നും. ഉദാഹരണം പറയുകയാണെങ്കില്‍ ഈ പറക്കും തളിക എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് “ദില്‍വാലേ ദുല്‍ഹാനിയ ലേ ജായേംഗേ” എന്ന ചിത്രത്തിന്റെതാണെന്ന് അവര്‍ കാണിച്ചിരുന്നു. സിനിമയുടെ ഏതെങ്കിലും ഭാഗങ്ങള്‍ എടുത്ത് അത് ഇന്ന ഹോളിവുഡ് സിനിമയോട് അല്ലെങ്കില്‍ ബോളിവുഡ് ഈ ഭാഗത്ത് നിന്ന് കോപ്പിചെയ്തതാണെന്ന് പറയാനാണ് അവര്‍ ശ്രമിച്ചത്. പക്ഷെ കുറച്ച് എപ്പിസോഡുകള്‍ക്ക് മുകളില്‍ ആ പരിപാടികള്‍ പോയില്ല.
എന്നാല്‍ ഒരു സിനിമയെടുത്ത് അതിന്റെ പകുതിയിലധികം കോപ്പിയടിച്ചതാണെന്ന് ഒറിജിനലിന്റെയും കോപ്പിയുടെയും ക്ലിപ്പിംഗ്സ് കാണിച്ച് വ്യക്തമാക്കുകയാണ് കട്ട് കോപ്പി ചെയ്യുന്നത്. സ്ക്രിപ്ട് ഇതില്‍ അധികം കൈകടത്തുന്നില്ല. സീനുകള്‍ തന്നെ എല്ലാം വിശദീകരിക്കും.
പരിപാടിയുടെ ആശയം എവിടെ നിന്നാണ് ലഭിച്ചത്?
എനിക്ക് സിനിമ വളരെ ഇഷ്ടമാണ്. ഞാന്‍ എം.എ കമ്മ്യൂണിക്കേഷനാണ് പഠിച്ചത്. ആ സമയത്ത് കുറേയേറെ സിനിമകള്‍ കാണാന്‍ സാധിച്ചു. പിന്നീട് കോയമ്പത്തൂരില്‍ ഒരു ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ലക്ചററായി ജോലിചെയ്തു. ആ സമയത്ത് ഫിലിം ക്ലബുകളിലും മറ്റും സജീവമായിരുന്നു. അതിനുശേഷം രണ്ട് വര്‍ഷം അഡ്വടൈസ്മെന്റ് ഫീല്‍ഡില്‍ വര്‍ക്ക് ചെയ്തു. അതും വിട്ട് അസിസ്റ്റന്റ് ഡയറക്ടറാകാന്‍ നോക്കുന്നതിനിടെയായിരുന്നു റിപ്പോര്‍ട്ടര്‍ ചാനലിലേക്ക് വിളിക്കുന്നത്.
ഞാന്‍ പൊതുവെ അധികം ടി.വി പ്രോഗ്രാമുകള്‍ കാണുന്നയാളല്ല. സിനിമ മാത്രമേ കാണാറുണ്ടായിരുന്നുള്ളൂ. എല്ലാ സിനിമകളും കാണും. തമിഴും തെലുങ്കും ഹോളിവുഡും ബോളിവുഡുമെല്ലാം.
ചാനലിലെത്തിയപ്പോള്‍ ഫിലിം ബേസ്ഡായി എന്തെങ്കിലും ചെയ്യണമെന്നാണ് ആഗ്രഹിച്ചത്. ചാനലുകളിലെ സിനിമാ പരിപാടിയെന്നത് ഒരു സിനിമയെടുത്ത് അതിലെ ചില സീനുകളും കാണിച്ച് അത് ഹിറ്റായി മുന്നേറുകയാണെന്ന് പറയുന്നതാണ്. അതുകൊണ്ടുതന്നെ സിനിമയെ അടിസ്ഥാനമാക്കിയെന്തെങ്കിലും ചെയ്യുകയാണെങ്കില്‍ വ്യത്യസ്തമായ ഒരു പരിപാടിചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു.
ആ സമയത്ത് ഇറങ്ങിയ “റേസ്”, “കോക്ക്ടെയ്ല് ” തുടങ്ങിയ മലയാള ചിത്രങ്ങള്‍ സ്റ്റാര്മൂവീസിലും മറ്റും മാസത്തില്‍ രണ്ടുതവണ ഇടുന്ന ചിത്രങ്ങളുടെ തനി കോപ്പിയായിരുന്നു. അപ്പോഴാണ് ഇത്തരം കോപ്പിയടികള്‍ പൊളിച്ചുകൊടുക്കുന്ന ഒരുപരിപാടി ചെയ്യാമെന്ന ആശയം വരുന്നത്.
ഓരോ എപ്പിസോഡും ഞങ്ങള്‍ക്കൊരു പുതിയ അനുഭവമാണ്. ശരിക്കും കട്ട് കോപ്പി ചെയ്യാന്‍ ഒരു സിനിമ എഡിറ്റ് ചെയ്യുന്നതുപോലെ ശ്രമകരമായ പണിയാണ്. ഇപ്പോള്‍ 23 എപ്പിസോഡുകള്‍ കഴിഞ്ഞു. അജേഷ് ശിവ, സുനില്‍, അജേഷ് എം എന്നിവരാണ് എഡിറ്റര്‍മാര്‍.
സിനിമാ പ്രവര്‍ത്തകര്‍ എങ്ങനെയാണ് കട്ട്കോപ്പിയോട് പ്രതികരിച്ചത് ?
ചിലര്‍ നന്നായെന്ന് പറയും. ചിലര്‍ വിളിച്ച് ചീത്തപറയും. ഏതായാലും സന്തോഷം. ചീത്തവിളിക്കുമ്പോള്‍ കൊടുത്തത് കൊണ്ടുവെന്നും നന്നായെന്ന് പറയുമ്പോള്‍ ഞങ്ങള്‍ മാത്രമല്ല കട്ട് കോപ്പി കാണുന്നതെന്ന സന്തോഷവും.
പ്രേക്ഷകരുടെ ഭാഗത്തുനിന്നുള്ള അഭിപ്രായമെന്താണ്?
കട്ട് കോപ്പിചെയ്യുന്നത് ഞാനാണെന്ന് ചുരുക്കം ചില ആളുകള്‍ക്കേ അറിയൂ. അക്കാരണം കൊണ്ടാവാം പ്രേക്ഷകരില്‍ നിന്നും എനിക്ക് നേരിട്ട് അധികം ഫീഡ് ബാക്ക് ലഭിച്ചിട്ടില്ല.
ഇന്ന് മിക്ക കോപ്പിയടികളും പ്രേക്ഷകര്‍ തന്നെ കണ്ടുപിടിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയകളാണ് പ്രേക്ഷകര്‍ പ്രതികരിക്കുന്ന സ്ഥലം. അറബിയും ഒട്ടകവും പി. മാധവന്‍നായരും എന്ന ചിത്രത്തിലെ പാട്ടിറങ്ങി രണ്ടാംദിവസം തന്നെ അത് കോപ്പിയടിച്ചതാണെന്ന് ഫേയ്സ് ബുക്കില്‍ പോസ്റ്റ് വന്നു. പിന്നെ ഇപ്പോള്‍ സ്റ്റാര്മൂവീസിലും മറ്റ് കാണിക്കുന്ന സിനിമകയുടെ ഒപ്പം സബ്ടൈറ്റില്‍ ഇടാന്‍ തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ കാലത്തെ പ്രേക്ഷകരെ പെട്ടെന്നങ്ങ് പറ്റിക്കാന്‍ കഴിയില്ല.
മലയാളത്തിലെ തലമുതിര്‍ന്ന സംവിധായകരുടേയും തിരക്കഥ കൃത്തുക്കളുടേയും സിനിമകള്‍ കട്ട് കോപ്പി പൊളിച്ചുകൊടുത്തിട്ടുണ്ട്. അവരുടെ പ്രതികരണം എങ്ങനെയായിരുന്നു?
പുതുതായി ഇറങ്ങിയ സിനിമയുടെ റിവ്യൂയില്‍ അത് മോശമാണെന്ന് പറയുന്നതുപോലെയല്ല കട്ട് കോപ്പിയുടെ കാര്യം. റിവ്യൂയില്‍ സിനിമ കണ്ടയാള്‍ തുറന്ന് പ്രതികരിക്കുകയാണ്. അദ്ദേഹത്തിന്റെ റിവ്യൂ ആ സിനിമയെക്കുറിച്ചുള്ള അയാളുടെ അഭിപ്രായമാണ്. സിനിമ നന്നായാലും മോശമായാലും ഒന്ന് രണ്ട് ആഴ്ചകള്‍കൊണ്ട് പ്രേക്ഷകന് ബോക്സ് ഓഫീസില്‍ മറുപടി നല്‍കും. അതുകൊണ്ടുതന്നെ സിനിമ കൊള്ളില്ലെന്ന് പറഞ്ഞാല്‍ അത് ചെയ്തവര്‍ അധികം റിയാക്ട് ചെയ്യില്ല.
വര്‍ഷങ്ങളായി സ്വന്തം എന്ന് പറഞ്ഞ് സംവിധായകനും തിരക്കഥാ കൃത്തും അഭിമാനിച്ച് നടന്ന സിനിമ കോപ്പിയടിയാണെന്ന് കാണിച്ച് കൊടുക്കുന്നത് എന്തായാലും അത് ചെയ്തവരെ പ്രകോപിപ്പിക്കും. അവര്‍ പ്രതികരിക്കും. സ്വാഭാവികം. കട്ട് കോപ്പി സിനിമയ്ക്കെതിരല്ല. നല്ല സിനിമയ്ക്കുവേണ്ടിയുള്ളതാണ്.
ജനപ്രിയ സിനിമകള്‍ കോപ്പിയടിയാണെന്ന് പറയുമ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത് മലയാള സിനിമയുടെ അസ്തിത്വമാണ് ?
രണ്ട് തരത്തില്‍ ഇതിനെ കാണാം. ഒരുവിഭാഗക്കാര്‍ പറയുന്നത് കോപ്പിയടിച്ചതാണെങ്കിലും അത് നമ്മളെ എന്റെര്‍ടൈന്‍ ചെയ്യിക്കുന്നില്ലേ എന്നാണ്. ഒറിജിനലിനേക്കാള്‍ അത് നമ്മളെ എന്റെര്‍ടൈന്‍ ചെയ്യിച്ചിട്ടുണ്ടെന്നും പറയും.
രാപകലില്ലാതെ കഠിനാദ്ധ്വാനം ചെയ്ത് സ്ക്രിപ്റ്റ് തയ്യാറാക്കി അതില്‍ ഉറക്കമിളച്ച് അധ്വാനിച്ചാണ് ഒരു സിനിമ ഉണ്ടാക്കുന്നത്. ഇത് കടയില്‍ ചെന്ന് 20 രൂപയുടെ ഡിവിഡി വാങ്ങി തിരക്കിട്ടൊരു തിരക്കഥയുണ്ടാക്കി അത് സിനിമയാക്കി പണംവാരുകയാണ് ഇവിടെ പലസംവിധായകരും ചെയ്യുന്നത്.
രണ്ടാമത്തെ വിഭാഗക്കാര്‍ പറയുന്നത് മലയാള സിനിമയിലെ ജീര്‍ണതകള്‍ പുറത്തുകൊണ്ടുവരാന്‍ ഇത്തരം പരിപാടികള്‍ വേണമെന്നാണ്. സൂപ്പര്‍സ്റ്റാറുകളുടേയും തലമുതിര്‍ന്ന സംവിധായകരുടേയും ഫ്യൂഡലിസമാണ് ഇവിടെ നടക്കുന്നത്.
അടുത്തിടെ പുറത്തിറങ്ങിയ കൃഷ്ണനും രാധയും എന്ന സിനിമയെ സിനിമയെന്ന് വിളിക്കാന്‍ കഴിയില്ലെങ്കിലും അത് ചെയ്യാന്‍ സന്തോഷ് പണ്ഡിറ്റ് ഒരു ഏഫേര്‍ട്ട് എടുത്തിട്ടുണ്ട്. സന്തോഷ് പണ്ഡിറ്റിനെ മണ്ടനെന്ന് വിളിക്കുന്നവരാണ് യഥാര്‍ത്ഥത്തില്‍ മണ്ടന്മാര്. മലയാളത്തിലെ സിനിമയെടുത്ത് മുടിഞ്ഞവര്ക്ക് സന്തോഷ് പഠിപ്പിച്ചുകൊടുത്ത ഒരു പാഠമുണ്ട് ഒരു സിനിയെടുക്കാന്‍ വേണ്ടതിന്റെ പകുതി പണമേ അതിനുവേണ്ടി ചിലവാക്കേണ്ടതുള്ളൂ. ഇത് മനസിലാക്കിയിരുന്നെങ്കില്‍ പത്തും നൂറും കോടി രൂപചിലവാക്കി തല്ലിപ്പൊളി പടമെടുത്ത് ചിലവാക്കിയ കാശിന്റെ കാല്‍ഭാഗം പോലും തിരിച്ചുപിടിക്കാനാവാതെ വേദനിക്കുന്ന പ്രൊഡ്യൂസര്മാരുണ്ടാവുമായിരുന്നില്ല.
മലയാള സിനിമയില്‍ ഇപ്പോഴുള്ള യുവനിരയില്‍ പ്രതീക്ഷയുണ്ടോ?
സലിം അഹമ്മദില്‍ നല്ല പ്രതീക്ഷയുണ്ട്. ബുദ്ധിജീവി നാട്യമില്ലാത്ത കോമേഴ്സ്യല്‍ മസാലയില്ലാത്ത ആത്മാവിനെ തൊടുന്ന ചലച്ചിത്രഭാഷ. നല്ല സിനിമ എന്നതിനേക്കാള്‍ നന്മയുള്ള സിനിമയാണ് സലിം അഹമ്മദ് ചെയ്തത്.
മലര്‍വാടി ആര്‍ട്സ് ക്ലബ്ല്, അപൂര്‍വ്വരാഗം, സോള്‍ട്ട് & പെപ്പര്‍ എന്നീ ചിത്രങ്ങള്‍ പുറത്തിറങ്ങിയപ്പോള്‍ മലയാള സിനിമയിലെ നവതരംഗം, മാറ്റത്തിന്റെ അലകള്‍ എന്നൊക്കെയാണ് പലരും വിശേഷിപ്പച്ചത്. അതിനോട് യോജിക്കുന്നില്ല. ബയോസ്കോപ്പിയും ടി. ഡി ദാസനും മികച്ച ചലച്ചിത്ര നിര്‍മിതികളായിരുന്നു. ഒറിജിനാലിറ്റി പ്രശ്നമുണ്ടെങ്കിലും ചാപ്പാകുരിശ് മലയാളത്തില്‍ വന്ന നല്ല വര്‍ക്കാണ്. പാതിവെന്തതാണെങ്കിലും ആദിമധ്യാന്തത്തിന്റെ സംവിധായകന്റെ മനസില്‍ അസാധ്യമായ സിനിമയുണ്ട്.
ഹോളിവുഡ് സിനിമകള്‍ കണ്ട് അത് അപ്പടി പകര്‍ത്തി സിനിമ ചെയ്യുകയാണ് പല നവാഗതരും. മലയാളികള്‍ക്ക് വേണ്ടത് മലയാളത്തിന്റെ മണമുള്ള സിനിമകളാണ്. തമിഴില്‍ അവരുടെ സംസ്കാരവുമായി ഇഴുകിചേര്‍ന്ന് നില്ക്കുന്ന നിരവധി സിനിമ വരുന്നുണ്ട്. പരുത്തിവീരന്, മൈന, സുബ്രഹ്മണ്യപുരം തുടങ്ങിയവ ഇക്കൂട്ടത്തില്‍പ്പെടുന്നു.
പത്മനാരാജനും ഭരതനുമൊക്കെ ഹോളിവുഡ് പടങ്ങളുടെ ദൃശ്യഭാഷയും ആഖ്യാനരീതികളും മലയാളത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ഉദാഹരണം കൗബോയ് ചിത്രങ്ങങ്ങളുടെ സ്വാധീനം ഭരതന്റെ താഴ്വാരത്തിനുണ്ട്. അതൊരിക്കലും അമല്നീരദിനെയും വി.കെ പ്രകാശിനെയും പോലുള്ള സംവിധായകര്‍ ചെയ്യുന്നതുപോലെ ഫോട്ടോകോപ്പിയല്ല. ലോകസിനിമകളില്‍ നിന്നും ചില പ്രേരണകള്‍ ഉള്‍ക്കൊണ്ട് സിനിമചെയ്താല്‍ അതിനെ കോപ്പിയെന്ന് പറയാനാവില്ല. ബ്ലെസിയെപ്പോലുള്ള സംവിധായകര്‍ ലോകസിനിമകള്‍ റഫറന്‍സായി ഉപയോഗിക്കാറുണ്ട്. അതിനെയും കോപ്പിയടിയായി കാണാന്‍ പറ്റില്ല.
ഭരതനും പത്മരാജനും എം.ടിയൊക്കെ ചെയ്ത ഹിറ്റ് പടങ്ങള്‍ തിരഞ്ഞെടുത്ത് അത് റീമേക്ക് ചെയ്യുകയാണ് ഇന്ന് പലരും ചെയ്യുന്നത്. അതിലൊന്നും ഇവരുടെ പ്രതിഭയില്ല. ഈ റീമേക്ക് ചെയ്ത ചിത്രങ്ങള്‍ എടുത്താല്‍ നമുക്ക് മനസിലാവും മിക്കവും എ പടങ്ങളെന്ന് വിളിക്കപ്പെടുന്നവയാണ്. രതിനിര്‍വേദം, അവളുടെ രാവുകള്‍, ചട്ടക്കാരി തുടങ്ങിയ സ്ത്രീകഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള എ പടങ്ങളാണ് അവര്‍ റീമേക്ക് ചെയ്യാന്‍ തിരഞ്ഞെടുക്കുന്നത്. ബ്ലൂടൂത്തും പോണ് സൈറ്റുകളുമൊന്നുമില്ലാത്ത കാലത്ത് യുവാക്കളെ ഇത്തരം ചിത്രങ്ങള്‍ ത്രസിപ്പിച്ചിരുന്നു. ആ അനുഭവങ്ങള്‍ ഒരിക്കല്‍കൂടി ഉണ്ടാവുമെന്ന് പ്രതീക്ഷിച്ച് തിയ്യേറ്ററുകളിലെത്തുന്നവരെ മുന്നില്‍കണ്ടാണ് ഇത്തരം ചിത്രങ്ങളെടുക്കുന്നത്.
പഴയകാലത്തെ സിനിമയോടുള്ള ആരാധന മൂത്താണ് അവര്‍ ഈ ചിത്രങ്ങള്‍ റീമേക്ക് ചെയ്യുന്നതെങ്കില്‍ ഭരത്ഗോപിയും നെടുമുടിവേണുവുമൊക്കെ നായകവേഷം ചെയ്ത ചിത്രങ്ങള്‍ റീമേക്ക് ചെയ്യാനുള്ള ധൈര്യം കാണിക്കട്ടെ. ആ റേയ്ഞ്ചിലുള്ള നടന്മാരെ യുവാക്കളില്‍ നിന്ന് കണ്ടെത്താനൊന്നും ഇവര്‍ക്കാവില്ല. അതുകൊണ്ടുതന്നെ ഫീമെയ്ല്‍ സ്കിന്‍ ഷോ ഓറിയന്റഡായുള്ള ചിത്രങ്ങള്‍ റീമേക്ക് ചെയ്യാനേ ഇവര്‍ ശ്രമിക്കൂ.
അല്ലെങ്കില്‍ പിന്നെ ഡേര്‍ട്ടി പിക്ചേര് ചെയ്തതുപോലെ ചെയ്യണം. സിനിമയെന്നാല്‍ എന്റെര്ടൈന്മെന്റ് മാത്രമാണെന്ന് ആ ചിത്രത്തിലെ മുഖ്യകഥാപാത്രം ഇടയ്ക്കിടെ ആവര്‍ത്തിക്കുന്നുണ്ട്. ആ സിനിമയുടെ ഉദ്ദേശവും അത്രതന്നെ.
ക്രിയേറ്റിവിറ്റി ഇല്ലാത്തതുകൊണ്ടാണോഇത്തരം കോപ്പിയടികളുണ്ടാവുന്നത്?
പ്രൊഡക്ടിവിറ്റി ക്രിയേറ്റിവിറ്റി എന്നൊക്കെ പറയുന്നത് “വീണ്ടും ചില വീട്ടുകാര്യങ്ങളില്‍” പറയുന്നതുപോലെ ഹെയര്‍ മസാജര്‍ കൊണ്ട് ഉണ്ടാക്കാന്‍ കഴിയുന്നതല്ലല്ലോ. സ്വന്തം കഴിവില്‍ വിശ്വാസമില്ലാതെ വരുമ്പോഴാണ്, എളുപ്പപ്പണി നോക്കുന്നത്. പ്രേക്ഷകര്‍ക്ക് ഇതൊന്നും തിരിച്ചറിയാനുള്ള ബോധമില്ല എന്ന തെറ്റിദ്ധാരണയില്‍ നിന്നാണു കോപ്പിയടി ഉണ്ടാകുന്നത്. ഇളവങ്കോട് ദേശം എന്ന ചിത്രം പൊളിഞ്ഞ സമയത്ത് കെ.ജി ജോര്‍ജ് ” ഈ കാലഘട്ടത്തിന്റെ സിനിമ എടുക്കാന്‍ എനിക്കാവില്ല” എന്ന് പറഞ്ഞ് നിര്‍ത്തിയെന്ന് കേട്ടിട്ടുണ്ട്. അതിന്റെ പകുതി ധൈര്യം ഇപ്പോഴത്തെ സംവിധായകര്‍ കാണിക്കണമായിരുന്നു. നല്ല തിരക്കഥ കിട്ടിയാല്‍ നല്ല പടം ചെയ്യാമെന്നൊക്കെയുള്ള ക്ലീഷേ ഡയലോഗുകള്‍ മാത്രമാണ് ഈ സംവിധായകരില്‍ നിന്നുണ്ടാവുന്നത്.
നല്ല ഹോളിവുഡ് ചിത്രത്തില്‍ നിന്ന് കോപ്പിയടിച്ച് സിനിമചെയ്യണമെന്ന് സൂപ്പര്‍സ്റ്റാറുകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചില തിരക്കഥാകൃത്തുകള്‍ ഇവരുടെ പേരുകള്‍ ഉദ്ധരിച്ച് പറഞ്ഞിട്ടുണ്ട്. അത് ശരിയാണെന്ന് വിശ്വസിക്കുകയേ ചെയ്യാന്‍ കഴിയൂ. പല പ്രമുഖ സംവിധായകരുടെയും ഇതുപോലുള്ള സിനിമകള്‍ കണ്ടപ്പോള്‍ ഞാന്‍ ആദ്യം കരുതിയിട്ടുണ്ട് അവരെ തിരക്കഥാകൃകത്തുള് പറ്റിച്ചതാണെന്ന്. എന്നാല്‍ ഒറിജിനല്‍ സിനിമയിലെ കഥാപാത്രങ്ങളുടെ രൂപഭാവം പോലും കോപ്പിയടിച്ചാണ് ഇവര്‍ സിനിമ ചെയ്തിട്ടുള്ളതെന്ന് ശരിക്കുനോക്കിയാല്‍ മനസിലാവും. ഒറിജിനലില്‍ തടിയുള്ള ഒരാളാണ് കഥാപാത്രം ചെയ്തതെങ്കിലും ഇവിടെയും അതേ ആകാരമുള്ള ഒരാളെ തിരഞ്ഞെടുക്കും. സിനിമയിലെ കോപ്പിയടിയുടെ ആചാര്യാനാണ് പ്രിയദര്ശന്. മികച്ച കോപ്പിയടിക്കാരനുള്ള ലൈഫ് ടൈം എച്ചീവ്മെന്റ് അവാര്‍ഡുണ്ടെങ്കില്‍ അത് തീര്‍ച്ചയായും നല്‍കേണ്ടത് പ്രിയദര്‍ശനാണ്. പക്ഷേ കൃത്യം സാധനം പറിച്ചുനടാന്‍ പ്രിയദര്‍ശനുള്ള അസാധാരണ കഴിവ് നമ്മുടെ മറ്റു കോപ്പിയടി സംവിധായകര്‍ക്കില്ല. എത്രകോപ്പിയടിച്ചാലും പ്രിയദര്‍ശനില്‍ പ്രതിഭയുണ്ട്. കാഞ്ചീവരം എടുത്ത് പ്രിയന് അത് തെളിയിച്ചതാണ്.
ഏറെ വിവാദങ്ങള്‍ കൊണ്ടു ശ്രദ്ധനേടിയതാണ് ഇത്തവണത്തെ ഫിലിം ഫെസ്റ്റിവെല്‍ . ഫെസ്റ്റിവെലിനെക്കുറിച്ചുള്ള അഭിപ്രായം?
ഇവിടുത്തെ കൊടികെട്ടിയ ഫിലിംഫെസ്റ്റിവെലുകളെല്ലാം രാഷ്ട്രീയ കയ്യാങ്കളി മാത്രമാണ്. ഇതിലും ഭേദപ്പെട്ട സാധ്യതകള്‍ ഇന്റര്‍നെറ്റിനും ഡിവിഡി ലൈബ്രറികളും നല്‍കുന്നുണ്ട്. ഗ്രാമങ്ങളിലെയും കോളേജുകളിലെയും ഫിലിം ഫെസ്റ്റുവലുകളിലും സിനിമയുണ്ട്.
പോക്കിരിരാജകള്‍ തുലയട്ടെ…
‘സിനിമ എനിക്ക് രാഷ്ട്രീയ പ്രവര്‍ത്തനമാണ്’
മോഹന്‍ലാല്‍ മോശം നടന്, ഏപ്രില്‍ ഫൂളിന് മോശം സിനിമക്കുള്ള മൂന്ന് ‘പുരസ്കാരങ്ങള്‍’
കൊച്ച ബാംബയില്‍ നിന്നൊരു സുവിശേഷം
സിനിമയറിയാത്ത സിനിമാക്കാരന് മന്ത്രി
