Categories

‘വെളളരിപ്രാവിന്റെ ചങ്ങാതി’ പുരോഗമിക്കുന്നു

ദിലീപും കാവ്യമാധവനും വീണ്ടും ഒരുമിക്കുന്ന ‘വെള്ളരിപ്രാവിന്റെ ചങ്ങാതി’യുടെ ചിത്രീകരണം പൊള്ളാച്ചിയില്‍ പുരോഗമിക്കുന്നു. അക്കു അക്ബര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജി.എസ് അനിലാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ പ്രമേയം ഇങ്ങനെയാണ്: 1965ല്‍ അഗസ്റ്റിന്‍ എന്ന സംവിധായകന്‍ പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരു സിനിമ ചെയ്യുന്നു. വെള്ളരിപ്രാവിന്റെ ചങ്ങാതിയെന്നായിരുന്നു സിനിമയുടെ പേര്. പ്രേംനസീറും സത്യനുമൊക്കെ തിളങ്ങിനിന്ന കാലത്താണ് ഇത് ചിത്രീകരിക്കുന്നത്. പുതുമുഖ താരങ്ങള്‍ അഭിനയിച്ച മികച്ചൊരു ലവ് സ്റ്റോറിയായിരുന്നു വെള്ളരിപ്രാവിന്റെ ചങ്ങാതി. എന്നാല്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം ചിത്രം റിലീസ് ചെയ്യാനാകുന്നില്ല. ഇതോടെ സംവിധായകന്‍ ആത്മഹത്യ ചെയ്യുകയാണ്.

കന്നിച്ചിത്രം തന്നെ സംവിധായകന്റെ ജീവനെടുത്ത പുതുമുഖ നായകനെയും നായികയെയും ‘ രാശി പ്രശ്‌നം’ ഭയന്ന് പിന്നീടാരും സിനിമയിലേക്ക് ക്ഷണിച്ചതുമില്ല.

ഏറെ താമസിയാതെ മലയാള സിനിമ കളറിലേക്ക് വളര്‍ച്ച പ്രാപിച്ചു. പുതിയ താരങ്ങളും സംവിധായകരും ഉദയം കൊണ്ടു. ആ സിനിമയെയും അതിനായി ജീവിതം ബലിയര്‍പ്പിച്ച സംവിധായകനെയും എല്ലാവരെയും മറന്നു. അമ്പതുവര്‍ഷങ്ങള്‍ക്കുശേഷം അഗസ്റ്റിന്‍ ജോസഫിന്റെ മകന്‍ ആ സിനിമയുടെ പ്രിന്റ് ചെന്നൈയിലെ ഒരു സ്റ്റുഡിയോയില്‍ നിന്ന് കണ്ടെടുക്കുകയാണ്. അച്ഛന്‍ ജീവിതം കുരുതി നല്‍കിയ ‘ വെള്ളരിപ്രാവിന്റെ ചങ്ങാതി’ തിയ്യേറ്ററുകളിലെത്തിക്കാനായി മകന്‍ ശ്രമം തുടങ്ങി. ഏറെ കഷ്ടപ്പാടുകള്‍ക്കുശേഷം അവന്‍ വിജയിക്കുന്നു.

പണ്ട് സിനിമയില്‍ അഭിയനിച്ചവരെല്ലാം അതോടെ ഇരുളില്‍ നിന്ന് പുറം ലോകത്തെത്തുകയാണ്. 46 വര്‍ഷങ്ങള്‍ക്ക് മുമ്പ് സഫലമാകാതെ പോയ ഒരു പ്രണയവും വീണ്ടും വിരിയുന്നു. ഇതാണ് വെള്ളരിപ്രാവിന്റെ കഥ എന്ന സിനിമയുടെ ഇതിവൃത്തം. സായികുമാര്‍ അഗസ്റ്റിനായും, മകനായി ഇന്ദ്രജിത്തും വേഷമിടുന്നു.

തമിഴ് നടന്‍ പ്രസന്ന, ബിജുമേനോന്‍, ഇന്ദ്രജിത്ത്, ലാല്‍ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജി എസ് അനിലാണ് തിരക്കഥയെഴുതുന്നത്. ‘ലവ് ആജ് കല്‍’ എന്ന ഹിന്ദി സിനിമയുടെ പ്രമേയവുമായി ഈ കഥയ്ക്ക് ചില സാദൃശ്യങ്ങളുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.

ദിലീപിന്റെ ക്രിസ്മസ് ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചാന്ദ്‌വി ക്രിയേഷന്‍സിന്റെ ബാനറില്‍ അരുണ്‍ ഘോഷ്, ഷിജോയ് എന്നിവര്‍ ചേര്‍ന്നാണ് ‘വെള്ളരിപ്രാവിന്റെ ചങ്ങാതി’ നിര്‍മ്മിക്കുന്നത്. വിപിന്‍ മോഹന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ സംഗീതം മോഹന്‍ സിത്താര. തൊടുപുഴ, എറണാകുളം, കന്യാകുമാരി എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാകും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.