ഡോ. ബിജു സംവിധാനം ചെയ്ത ‘വീട്ടിലേക്കുള്ള വഴി’ കേരളത്തിലെ 32 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്തു. മികച്ച പ്രാദേശിക ഭാഷാ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ ഈ ചിത്രം മനുഷ്യ സ്‌നേഹത്തിന്റെയും ഭീകരവാദത്തിന്റെയും കഥയാണ് പറയുന്നത്. ദല്‍ഹിയില്‍ നടന്ന സ്‌ഫോടനത്തില്‍ ഭാര്യയും മകനും നഷ്ടപ്പെട്ട ഒരു ജയില്‍ ഡോക്ടര്‍ക്ക് (പൃഥ്വിരാജ്) കുടുംബാംഗങ്ങളെ തേടുന്ന അഞ്ചു വയസ്സുകാരനോട് തോന്നുന്ന പിതൃതുല്ല്യമായ സ്‌നേഹവും, കുട്ടിയുടെ കൂടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കുട്ടിയുടെ പിതാവിനെ അന്വേഷിച്ചു നടത്തുന്ന യാത്രയുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

സാമൂഹിക പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ധന്യാമേരി വര്‍ഗ്ഗീസ്, മാസ്റ്റര്‍ ഗോവര്‍ധന്‍, കിരണ്‍ രാജ്, ഇര്‍ഷാദ്, ഉദയ് ചന്ദ്ര തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ളത്. ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ച ബി.സി. ജോഷി തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണവും നിര്‍വ്വഹിച്ചിരിക്കുന്നത്. സംഗീത സംവിധാനം രമേശ് നാരായണന്‍ ആണ്. സൂര്യാ സിനിമയുടെ ബാനറില്‍ ജ്യോതിര്‍ഗമയ റിലീസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

മാനുഷിക ബന്ധങ്ങളെയും അതിജീവനത്തെയും പ്രമേയമാക്കിയ ചിത്രം ഭീകരവാദത്താല്‍ രക്തപങ്കിലമായ ഇന്ത്യയുടെ സമകാലിക മുഖം കാണിച്ചു തരുന്നു. പൂര്‍ണമായും പാനാവിഷന്‍ ക്യാമറയില്‍ ചിത്രീകരിച്ച ഈ സിനിമയുടെ ക്യാമറ എം. ജി. രാധാകൃഷ്ണന്റേതാണ്. ന്യൂദല്‍ഹി, ലഡാക്ക്, കാശ്മീര്‍, അജ്മീര്‍, ജെയ്‌സല്‍മര്‍, ജോധ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രീകരണം നടത്തിയത്. മലയാള സിനിമയില്‍ പുതിയ കാല്‍വെയ്പ്പായിരുന്നു വീട്ടിലേക്കുള്ള വഴി.

2010 ഒക്ടോബര്‍ മുതല്‍ ലണ്ടന്‍ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍, ബിയോണ്ട് ഫിലിം ഫെസ്റ്റിവെല്‍ ജര്‍മനി, ഇമേജിന്‍ ഇന്ത്യാ ഫിലിം ഫെസ്റ്റിവെല്‍ മാഡ്രിഡ്, സോന്‍ബിയര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെല്‍ തുടങ്ങിയ പ്രധാന ചലച്ചിത്ര മേളകളില്‍ മത്സരിക്കുകയും നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ഡോ. ബിജുവിന്റെ മുന്‍ സിനിമകളായ സൈറ (2005), രാമന്‍ (2008) എന്നിവ കാന്‍ ചലച്ചിത്ര മേളയിലും കെയ്‌റോ ചലച്ചിത്ര മേളയിലും പ്രേക്ഷക പ്രശംസ നേടിയിരുന്നു.

ഡോ. ബിജുവിന്റെ സാഹസിക സംരഭമായിരുന്നു വീട്ടിലേക്കുള്ള വഴി. തന്റെ മൂന്നാമത്തെ സിനിമയില്‍ തീവ്രവാദി സംഘടനകള്‍ അവരുടെ ഉദ്യമങ്ങള്‍ നടപ്പിലാക്കാന്‍ കേരളത്തില്‍ നിന്ന് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന സംഭവങ്ങളിലേക്കാണ് ഡോ. ബിജു ക്യാമറ തിരിച്ചത്. ജനപ്രീതി ലക്ഷ്യമിട്ട് പ്രമുഖ കലാകാരന്മാരെ അണിനിരത്തിയെടുത്ത സിനിമയുടെ നിര്‍മാണച്ചെലവുതന്നെ വളരെക്കൂടുതലായിരുന്നു. പ്രേക്ഷകരെ കിട്ടില്ലെന്ന മുന്‍വിധിയില്‍ വിതരണക്കാര്‍ ഈ സിനിമ ഏറ്റെടുക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ലായിരുന്നു. ഡോ. ബിജുവിന്റെ അടുത്ത സിനിമയായ ‘ആകാശത്തിന്റെ നിറം’ നിര്‍മ്മാണത്തിലാണ്.