Categories

അബ്ദുറഹ്മാന്‍ സാഹിബിന്റെ മരണം; വീരപുത്രന്‍ വിവാദത്തില്‍

malayalam film veeraputhran in controversyകോഴിക്കോട്: പി.ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത വീരപുരുഷന്‍ സിനിമ വിവാദമാകുന്നു. സ്വാതന്ത്ര്യ സമര നായകന്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ ജീവിത കഥ പറയുന്ന സിനിമക്കെതിരെ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഹമീദ് ചേന്ദമംഗല്ലൂര്‍ രംഗത്തെത്തിയിട്ടുണ്ട്.

അബ്ദുറഹ്മാന്‍ സാഹിബിന്റെ മരണത്തെക്കുറിച്ചാണ് വിവാദം. സാഹിബ് മരിച്ചതല്ല, കൊല്ലപ്പെട്ടതാണെന്ന സൂചനയുള്ളതാണ് സിനിമ. കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരില്‍നിന്ന് പ്രസംഗം കഴിഞ്ഞ് പുഴ കടന്ന് ചേന്ദമംഗലൂരിലെത്തി ഹമീദിന്റെ പിതാവും മണാശ്ശേരി അംശം അധികാരിയുമായ കളത്തിങ്ങല്‍ എ.എം. അബ്ദുസ്സലാം അധികാരിയുടെ വീട്ടില്‍നിന്ന് ഭക്ഷണം കഴിച്ചശേഷം തിരിച്ചുപോകുമ്പോള്‍ വിഷബാധയേറ്റ് സാഹിബ് മരിച്ചെന്നാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്.

1978ല്‍ പി.പി. ഉമ്മര്‍കോയ, എന്‍.പി. മുഹമ്മദ്, എസ്.കെ. പൊറ്റെക്കാട്ട്, കെ.എ. കൊടുങ്ങല്ലൂര്‍ എന്നിവര്‍ ചേര്‍ന്നെഴുതുകയും അബ്ദുറഹ്മാന്‍ സാഹിബ് സ്മാരക ട്രസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്ത ജീവചരിത്രത്തിലും മറ്റു ചരിത്രഗ്രന്ഥങ്ങളിലും മരണം ഹൃദയാഘാതം മൂലമാണെന്നാണ് പറയുന്നത്. അബ്ദുസ്സലാം അധികാരിയുടെ വീട്ടില്‍നിന്ന് ഭക്ഷണം കഴിച്ച് കാറിനടുത്തേക്ക് നടന്നുപോകവെ പൊറ്റശ്ശേരിയില്‍വെച്ചാണ് സാഹിബ് മരിക്കുന്നത്. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുകയും ജീവിക്കുകയും ചെയ്തവരാണ് ജീവചരിത്രം എഴുതിയ നാലുപേരുമെന്ന് ഹമീദ് പറയുന്നു. അവര്‍ക്കറിയാത്ത വിവരം പി.ടി. കുഞ്ഞുമുഹമ്മദിന് എവിടെനിന്നുകിട്ടിയെന്ന് അദ്ദേഹം ചോദിക്കുന്നു.

വിഷം അകത്തുചെന്നാല്‍ ചുരുങ്ങിയത് അഞ്ചു മണിക്കൂറെങ്കിലും കഴിഞ്ഞേ മരണം സംഭവിക്കൂ എന്നത് ശാസ്ത്രസത്യമാണ്. ഭക്ഷണം കഴിച്ചശേഷം 15 മിനിറ്റിനകമാണ് അബ്ദുറഹ്മാന്‍ സാഹിബ് മരിക്കുന്നത്. മാത്രമല്ല, കോഴിക്കോട്ടെത്തിച്ച അബ്ദുറഹ്മാന്‍ സാഹിബിനെ പരിശോധിച്ച ഡോ. നാരായണന്‍നായര്‍ പറയുന്നത് സാഹിബിന്‍േറത് ക്ലേശകരമല്ലാത്തതും സുഖകരവുമായ മരണമാണെന്നാണ് ഹമീദ് പറഞ്ഞു.

അതേസമയം തന്റെ സിനിമയ്‌ക്കെതിരെ നിരന്തരം ആരോപണങ്ങള്‍ അഴിച്ചുവിടുകയാണെങ്കില്‍ ഹമീദ് ചേന്ദമംഗല്ലൂരിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മദ് വ്യക്തമാക്കി. ഹമീദ് പറയുന്നപോലെ ചരിത്രവസ്തുതകളെ വളച്ചൊടിക്കുകയോ ഹമീദിന്റെ മാതാപിതാക്കളെ കൊലപാതകികളായി സിനിമയില്‍ ചിത്രീകരിക്കുകയയോ ചെയ്തിട്ടില്ല. എന്നിട്ടും ആരോപണവുമായി ഹമീദ് ചേന്ദമംഗല്ലൂര്‍ രംഗത്തുവന്നതിനുപിന്നില്‍ ദുരൂഹതയുണ്ടെന്നും കുഞ്ഞുമുഹമ്മദ് പറഞ്ഞു.

3 Responses to “അബ്ദുറഹ്മാന്‍ സാഹിബിന്റെ മരണം; വീരപുത്രന്‍ വിവാദത്തില്‍”

 1. Raman

  ” വിഷം അകത്തുചെന്നാല്‍ ചുരുങ്ങിയത് അഞ്ചു മണിക്കൂറെങ്കിലും കഴിഞ്ഞേ മരണം സംഭവിക്കൂ എന്നത് ശാസ്ത്രസത്യമാണ്. ”
  ഇതു ഏതു ശാസ്ത്രത്തിലെ സത്യമാണ് ?

 2. Abdul Raheem

  സാഹിബിന്റെ മരണത്തിലെ ദുരൂഹത ചേന്ദമംഗല്ലൂര്‍ ഭാഗത്ത് വളരെ കാലം മുതല്‍ക്കെ ഉള്ളതാണ്. അന്നത്തെ ബ്രിട്ടിഷ് ഭരണാധികാരിയുടെ കീഴിലുള്ള അധികാരിയും ജന്മിയുമായിരുന്ന അവുസ്സലാം അധികാരി(അങ്ങനെയാണ് അബ്ദുസ്സലാം അധികാരിയെ വിളിച്ചിരുന്നത്)യുടെ കൂടെ ഭക്ഷണം കഴിച്ച ശേഷം ആരോഗ്യവാനായ സാഹിബ് പെട്ടെന്നു വീണു മരിക്കുകയാണ് ഉണ്ടായത്. അന്നു തന്നെ അത് പലരു പറഞ്ഞിരുന്നെങ്കിലും ജന്മിയെ എതിര്‍ക്കാനുള്ള ധൈര്യം ആര്‍ക്കും ഉണ്ടായിരുന്നില്ല.
  ഇപ്പോള്‍ ഹമീദ് ചേന്ദമംഗല്ലൂര്‍ പിതാവിന്റെ പേരു സംരക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നതില്‍ പുതുമയൊന്നും ഇല്ല.

 3. Faisal Pottassery

  അഞ്ച് മണിക്കൂര്‍ കഴിഞ്ഞാലെ മരിക്കൂ എന്നുള്ളത് ഹമീദിന്റെ മാത്രം ശാസ്ത്രമാണ്. ശാസ്ത്രം മൊത്തതില്‍ ഹമീദിന്റെ കൈയിലാണല്ലോ. ആവിഷ്കാര സ്വാതന്ത്യത്തെ കുറിച്ച് ഘോര ഘോരമ്പ്ര്സംഗിക്കുന്ന ഈ സാംസ്കാരിക ജന്മിക്ക് വക തിരിവ് നഷ്ടമായോ ?????

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.