Administrator
Administrator
വീരപുത്രന്‍ തിയ്യേറ്ററുകളില്‍
Administrator
Friday 14th October 2011 10:54am
Friday 14th October 2011 10:54am

മലബാറിന്റെ സ്വാതന്ത്ര്യസമര ചരിത്രം പ്രമേയമാക്കി പി.ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന വീരപുത്രന്‍ തിയ്യേറ്ററുകളിലെത്തി.

മലബാറിന്റെയും കേരളത്തിന്റെയും ചരിത്രവും വര്‍ത്തമാനവും നിര്‍ണയിക്കുന്നതില്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ വഹിച്ച പങ്ക് സൂക്ഷ്മമായി പഠിച്ചും ഏറെ ഗൃഹപാഠംചെയ്താണ് പി ടി കുഞ്ഞുമുഹമ്മദ് സാഹസികമായ ഈ ചലച്ചിത്രസംരംഭത്തിന് തയ്യാറായത്. മുഹമ്മദ് അബ്ദുറഹ്മാന്റെ രാഷ്ട്രീയ ജീവിതത്തിന്റെയും വ്യക്തിജീവിതത്തിന്റെയും സൂക്ഷ്മതലങ്ങള്‍ കണ്ടറിഞ്ഞാണ് ചിത്രത്തിനുവേണ്ടി തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

മലബാറിനെ പിടിച്ചുലച്ച കലാപത്തിന് നാന്ദിയായ 1921ലെ ഒറ്റപ്പാലം കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് രാഷ്ട്രീയത്തില്‍ കടന്നുവന്ന ഇരുപത്തിരണ്ടുകാരനായ മുഹമ്മദ് അബ്ദുറഹ്മാന്റെ 23വര്‍ഷം മാത്രം നീണ്ടുനിന്ന രാഷ്ട്രീയജീവിതമാണ് വീരപുത്രനില്‍ പി ടി കുഞ്ഞുമുഹമ്മദ് പകര്‍ത്തുന്നത്. കൃത്യമായി പറഞ്ഞാല്‍ 1921 മുതല്‍ 1945 വരെയുള്ള വര്‍ഷങ്ങളില്‍ അദ്ദേഹം ബ്രിട്ടീഷ് വാഴ്ചക്കും മുസ്ലിം സമുദായത്തിലെ യാഥാസ്ഥിതികത്വത്തിനും എതിരെ മുഹമ്മദ് അബ്ദുറഹ്മാന്‍ നടത്തിയ പോരാട്ടങ്ങളും അദ്ദേഹം അനുഭവിച്ച വ്യഥകളും വ്യസനങ്ങളും പീഡനങ്ങളുമെല്ലാം സിനിമയിലുണ്ട്.

മുഹമ്മദ് അബ്ദുറഹ്മാനൊപ്പം പ്രവര്‍ത്തിച്ച കെ.പി കേശവമേനോന്‍ , കൃഷ്ണപിള്ള, ഇ.എം.എസ്, മൊയ്തുമൗലവി, ശാരദ കൃഷ്ണന്‍ , കൃഷ്ണന്‍ വക്കീല്‍ എം പി നാരായണമേനോന്‍ , മാധവന്‍ നായര്‍ , വൈക്കം മുഹമ്മദ് ബഷീര്‍ , ഖിലാഫത്ത് പോരാളികളെ പ്രചോദിപ്പിച്ച ആലി മുസ്ല്യാര്‍ , വടക്കേ വീട്ടില്‍ മൊയ്തീന്‍ എന്നിവരടക്കം അക്കാലത്തെ രാഷ്ട്രീയനേതാക്കളെ വീരപുത്രനില്‍ അവതരിപ്പിക്കുന്നു.

കോഴിക്കോട്ടെയും പൊള്ളാച്ചിയിലെയും ഷെഡ്യൂളുകള്‍ പൂര്‍ത്തിയായി. മൊത്തം 55 ദിവസമാണ് ഷൂട്ടിങ്ങിന് വേണ്ടിവന്നത് പി ടി പറഞ്ഞു. നരേന്‍ ആണ് മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ വേഷത്തില്‍ . സാഹിബിന്റെ ഭാര്യ കുഞ്ഞിബീവാത്തുവായി റെയ്മ സെന്നും. സായികുമാര്‍ , സിദ്ദീഖ്, വി കെ ശ്രീരാമന്‍ , കലാഭവന്‍ മണി, ലക്ഷ്മി ഗോപാലസ്വാമി, ദേവന്‍ , അശോകന്‍ , റിസ ബാവ, മാമുക്കോയ, മാള അരവിന്ദന്‍ , മധുപാല്‍ , സുധീഷ് തുടങ്ങിയവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നു.

എം ജെ രാധാകൃഷ്ണനാണ് ഛായാഗ്രഹണം. മോയിന്‍കുട്ടി വൈദ്യര്‍ഇടശ്ശേരി, അംശി നാരായണപിള്ള, റഫീഖ് അഹമ്മദ് എന്നിവരുടെ കവിതകള്‍ക്ക് രമേശ് നാരായണ്‍ സംഗീതം നല്‍കുന്നു. യേശുദാസ്, ശങ്കര്‍ മഹാദേവന്‍ , ശ്രേയ ഘോഷാല്‍ , എം ജി ശ്രീകുമാര്‍ എന്നിവരാണ് പാടുന്നത്. ചമയം പട്ടണം റഷീദ്. ഐ.ടി.എല്‍ പ്രൊഡക്ഷന്‍സാണ് നിര്‍മാതാക്കള്‍ .