ജയസൂര്യയെ നായകനാക്കി നിതീഷ് ശക്തി സംവിധാനം ചെയ്യുന്ന ‘വാദ്ധ്യാര്‍’ എന്ന ചിത്ര കഥ മോഷ്ടിച്ചതാണെന്ന് പരാതി. വടക്കന്‍ പറവൂര്‍ സ്വദേശി നഹാസ് പി.എന്‍ ആണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

നിര്‍മാതാവ് എന്‍. സുധീഷിനോടും അദ്ദേഹത്തിന്റെ സുഹൃത്ത് ഷാജിയോടും താന്‍ രണ്ട് വര്‍ഷം മുന്‍പ് പറഞ്ഞ കഥയില്‍ ചെറിയ ചില മാറ്റംവരുത്തിയാണ് വാദ്ധ്യാര്‍ ഒരുക്കിയിരിക്കുന്നതെന്നാണ് നഹാസ് ആരോപിക്കുന്നത്. ഈ ചിത്രത്തിന്റെ തിരക്കഥ 2009 ഏപ്രിലില്‍ ഇവര്‍ക്ക് അയച്ചുകൊടുത്തിരുന്നു. എന്നാല്‍ അവരുടെ ഭാഗത്തുനിന്നും മറുപടിയൊന്നും ലഭിച്ചില്ല.

വാദ്ധ്യാരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സിനിമാ മാസികകളില്‍ വായിച്ചപ്പോഴാണ് ഇക്കാര്യം മനസിലായത്. ഈ ചിത്രത്തിന്റെ സെന്‍സറിംങ് തടഞ്ഞുകൊണ്ട് ഏറണാകുളം ജില്ലാകോടതിയില്‍ നിന്നും സ്‌റ്റേ വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ജയസൂര്യയും, ആന്‍ അഗസ്റ്റിനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘വാദ്ധ്യാരു’ടെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിയ്ക്കുന്നത് നവാഗതനായ രാജേഷ് രാഘവനാണ്. മുന്‍കാല നടി മേനകയും ഈ ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നുണ്ട്.

ഇംഗഌഷിന്റെ സ്വാധീനം വര്‍ദ്ധിക്കുകയും മാതൃഭാഷയായ മലയാളത്തിന്റെ പ്രസക്തി നഷ്ടപ്പെടുകയും ചെയ്യുന്ന ആധുനിക വിദ്യാഭ്യാസ സബ്ര ദായത്തിനെതിരെ പ്രതികരിക്കുന്ന യുവ അദ്ധ്യാപകനായാണ് ജയസൂര്യ ചിത്രത്തില്‍ അഭിനയിക്കുന്നത്.