വയലിന്‍ എന്ന ചിത്രത്തിനുശേഷം ആസിഫ് അലിയെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്യുന്ന ഉന്നം പൂര്‍ത്തിയായി. പെട്ടെന്ന് പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഒരു സംഘം ആളുകള്‍ ഒരു കുറ്റകൃത്യം ആസൂത്രണം ചെയ്യുന്നതും അതിന്റെ പരിണതഫലങ്ങളുമാണ് ഉന്നം പറയുന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് അധോലോകത്ത് വിവിധ മേഘലകളില്‍ പ്രവര്‍ത്തിച്ച സുഹൃത്തുക്കള്‍, സണ്ണി കളപ്പുരയ്ക്കല്‍, ബാലകൃഷ്ണന്‍, മുരുകന്‍. ഇവര്‍ ഇപ്പോള്‍ കൊച്ചിയിലുണ്ട്. കുടുബസമേതം സ്വസ്ഥമായി ജീവിക്കുകയാണ്. സംഭവബഹുലമായ ഭൂതകാലത്തെമറന്ന് സ്വസ്ഥമായി ജീവിക്കുന്ന ഇവര്‍ക്കിടയിലേക്ക് പുതിയൊരു ദൗത്യം കടന്നുവരുന്നു. സുഹൃത്തായ ബാലകൃഷ്ണനാണ് ഏല്‍പ്പിക്കുന്നകത്. വളരെ എളുപ്പമായിരുന്നു കര്‍മ്മ പദ്ധതി. പക്ഷെ വിചാരിച്ചത് പേലെ ആയിരുന്നില കാര്യങ്ങല്‍. ദൗത്യം നിറവേറ്റാനുള്ള യാത്രയില്‍ അവര്‍ക്കിടയില്‍ പല നഷ്ടങ്ങളും സംഭവിക്കുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് സിബി മലയില്‍ സസ്പന്‍സ് നിലനിര്‍ത്തിക്കൊണ്ട് ഉന്നത്തിലൂടെ പറയുന്നത്.

സണ്ണി കളപ്പുരയ്ക്കലിനെയാണ് ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സണ്ണി പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഭാര്യയുടെ ഓര്‍മ്മകളില്‍ കഴിയുന്ന സണ്ണി അനാഥനായ അലോഷ്യയെ സണ്ണി സ്വന്തം മകനെപ്പോലെയാണ് വളര്‍ത്തുന്നത്. ആസിഫ് അലിയാണ് അലേഷ്യയായി അഭിനയിക്കുന്നത്. അലോഷ്യയുടെ കാമുകി ജനിഫറിനെ റീമാ കല്ലിങ്കല്‍ അവതരിപ്പിക്കുന്നു. സമ്പന്നതയുടെ നടുവില്‍ ജീവിക്കുന്ന ജനിഫറിര്‍ പ്രണയം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ ശ്രമിക്കുന്നു. ബാലകൃഷ്ണനായി ശ്രീനിവാസനും മുരുകനായി നെടുമുടി വേണുവും വേഷമിടുന്നു. മര്‍ഡര്‍2 എന്ന ഹിന്ദി ചിത്രത്തിലൂടെ ശ്രദ്ധയനായ പ്രശാന്ത് നാരായണന്‍ ഒരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സ്വാതി ഭാസ്‌കറിന്റെയാണ് തിരക്കഥ. ക്യാമറ അജയന്‍ വിന്‍സന്റ്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് ജോണ്‍ പി വര്‍ക്കിയാണ്. ഡേവിഡ് കാച്ചപ്പള്ളിയാണ് ചിത്രം നിര്‍മിക്കുന്നത്.