മലയാള സിനിമയില്‍ നവതരംഗം സൃഷ്ടിച്ച ട്രാഫിക് സിനിമ ബോളിവുഡിലും റീമേക്കിനൊരുങ്ങുന്നു. ആഗസ്‌റ്റോടുകൂടി ചിത്രീകരണമാരംഭിക്കുന്ന ചിത്രം വരുന്ന ജനുവരിയില്‍ റിലീസ് ചെയ്യുമെന്നാണ് സൂചന.

ബോളിവുഡിലെ മുന്‍നിര താരങ്ങളായ നാനാ പടേക്കര്‍, പരേഷ് റവാള്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷം ലഭിക്കാനായി കാത്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ കഥയെ മുന്നോട്ടു നയിക്കുന്ന ശ്രീനിവാസന്റെ കഥാപാത്രത്തെ ആരു ചെയ്യും എന്നറിയാന്‍ സിനിമാലോകം ഉറ്റുനോക്കുകയാണ്. അതേസമയം മനോജ് ബാജ്‌പേയിയായിരിക്കും ആ വേഷം ചെയ്യുക എന്നും വാര്‍ത്തയുണ്ട്.

സിനിമാതാരം സിദ്ധാര്‍ത്ഥായി പ്രേക്ഷകര്‍ക്കു മുന്നിലെത്തിയ റഹ്മാനു പകരം സണ്ണി ഡിയോളാണ് ആ വേഷത്തിലെത്തുക. സായ് കുമാര്‍ ചെയ്ത വേഷം തെന്നിന്ത്യന്‍ താരം പ്രകാശ് രാജ് ചെയ്യും.

എന്നാല്‍ ചിത്രത്തിലെ താരനിരയെക്കുറിച്ച് സംവിധായകനായ രാജേഷ് പിള്ള പ്രതികരണമൊന്നും അറിയിച്ചിട്ടില്ല.