എഡിറ്റര്‍
എഡിറ്റര്‍
ജഗതി ഇപ്പോഴും ആശുപത്രിയില്‍; പാതിവഴിയില്‍ ചിലസിനിമകളും
എഡിറ്റര്‍
Thursday 3rd May 2012 11:14am

ഒരിക്കലും മാറ്റിനിര്‍ത്താന്‍ കഴിയാത്ത വിധത്തില്‍ സിനിമയുമായി അടുത്തതാണ് ജഗതിയുടെ ജീവിതം. മലയാള സിനിമയ്ക്ക് ജഗതി എത്രമാത്രം വിലപ്പെട്ടതായിരുന്നെന്ന് നമ്മള്‍ പൂര്‍ണമായി മനസിലാക്കിയത് ഗുരുതരാവസ്ഥയില്‍ അദ്ദേഹം ആശുപത്രിയില്‍ കഴിയുന്ന സമയത്താണ്. ജഗതിയില്ലാത്ത മലയാള സിനിമ, സിനിമയെ ഇഷ്ടപ്പെടുന്ന ആര്‍ക്കും അങ്ങിനെയൊന്ന് ചിന്തിക്കാനാവില്ല. അപ്പോള്‍ ജഗതിയുടെ അടിസ്ഥാനത്തില്‍ മുടങ്ങിക്കിടക്കുന്ന നിരവധി ചിത്രങ്ങളുടെ കാര്യമോ, അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ കാര്യമോ?

മാര്‍ച്ച് 10ന് പുലര്‍ച്ചെ കാലിക്കറ്റ് സര്‍വകലാശാലയ്ക്കു സമീപം ജഗതി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ അദ്ദേഹം ഉടനെ മടങ്ങിവരണേയെന്ന പ്രാര്‍ത്ഥനയായിരുന്നു എല്ലാവരുടെയും മനസില്‍. നേര്‍ച്ചയും, പ്രാര്‍ത്ഥനയുമായി ആശുപത്രിയില്‍ നിന്നു വരുന്ന വാര്‍ത്തകള്‍ നമ്മള്‍ ശ്രദ്ധിച്ചുകൊണ്ടേയിരുന്നു. ഇപ്പോള്‍ അപകടം സംഭവിച്ച് രണ്ട് മാസമാകാറായി. ജഗതി ആശുപത്രിക്കിടക്കയില്‍ നിന്നും എഴുന്നേറ്റിട്ടില്ല. അദ്ദേഹം കരാര്‍ ചെയ്ത ചില ചിത്രങ്ങളുടെയും സ്ഥിതി ഇതാണ്.

എല്ലാവര്‍ഷത്തെയും പോലെ ജഗതിക്ക് 2012ഉം തിരക്കേറിയ വര്‍ഷമായിരുന്നു. ഗ്രാന്റ്മാസ്റ്റര്‍, സ്പിരിറ്റ്, തിരുവമ്പാടി തമ്പാന്‍, യാത്ര തുടരുന്നു തുടങ്ങി ഈ വര്‍ഷം പുറത്തിറങ്ങാന്‍ പോകുന്ന നിരവധി ചിത്രങ്ങള്‍ ആ അഭിനയപ്രതിഭയുടെ സാന്നിധ്യം പ്രതീക്ഷിച്ചിരുന്നു. ജഗതിയ്ക്ക് പകരം വയ്ക്കാന്‍ മറ്റൊരു നടന്‍ ഇല്ലാത്തതില്‍ പല സിനിമകളില്‍ നിന്നും അദ്ദേഹത്തിനുവേണ്ടി മാറ്റിവെച്ച കഥാപാത്രത്തെ ഉപേക്ഷിച്ചു. ചില ചിത്രങ്ങളില്‍ മറ്റ് നടന്‍മാര്‍ക്ക് യോജിക്കുന്ന തരത്തില്‍ ആ കഥാപാത്രത്തെ പൊളിച്ചെഴുതി. ചിത്രീകരണം പൂര്‍ത്തിയായവ മിമിക്രിക്കാരുടെ സഹായത്തോടെ മുന്നോട്ടുപോയി. ലെനിന്‍ രാജേന്ദ്രനെപ്പോലുള്ള ചിലര്‍ ഇനിയെന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ്.

മോഹന്‍ലാല്‍-ജഗതി കൂട്ടുകെട്ട് മലയാളത്തില്‍ ഏറെ ശ്രദ്ധനേടിയതാണ്. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഗ്രാന്റ്മാസ്റ്റര്‍ എന്ന ചിത്രമാണ് ജഗതിയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്. ഈ ചിത്രത്തിലെ പണിപൂര്‍ത്തിയായശേഷമായിരുന്നു ജഗതിക്ക് അപകടം സംഭവിച്ചത്. ഇതിലെ ശബ്ദവും അദ്ദേഹത്തിന്റേതുതന്നെയാണ്. അപകടത്തിന് രണ്ട് ദിവസം മുമ്പ് ജഗതി പൂര്‍ത്തിയാക്കിയ ഏഴാം സൂര്യനും തിയ്യേറ്ററുകളിലെത്തുന്നതില്‍ തടസമുണ്ടാവില്ല. ഇതിന് പുറമേ ജഗതി പൂര്‍ത്തിയാക്കിയ യാത്ര തുടരുന്നുവെന്ന ചിത്രവും റിലീസാവാനുണ്ട്. വൈഢൂര്യം, ആകസ്മികം, ഗൃഹനാഥന്‍, പറുദീസ, സ്ട്രീറ്റ്‌ലൈറ്റ് എന്നീ ചിത്രങ്ങളും ജഗതി പൂര്‍ത്തിയാക്കിയിരുന്നു.

തിരുവമ്പാടി തമ്പാന്‍, മിസ്റ്റര്‍ മരുമകന്‍, കൗബോയ്, ഡയമണ്ട് നെക്ലേസ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു അപകടം സംഭവിച്ചത്. ഡയമണ്ട് നെക്ലേസിന്റെ നാല് ദിവസത്തെ ഷൂട്ടിംഗ് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്.  അപകടത്തെത്തുടര്‍ന്ന് ജഗതിയുടെ കഥാപാത്രത്തെ രണ്ടാക്കി ബാക്കി ഭാഗം മണിയന്‍പിള്ള രാജു അഭിനയിച്ചു.

തിരുവമ്പാടി തമ്പാന്റെ സെറ്റില്‍ നിന്നും മടങ്ങുമ്പോഴായിരുന്നു അപകടം. ഇതോടെ ജഗതിയുള്‍പ്പെട്ട ബാക്കി ഭാഗം ചിത്രീകരിക്കുന്നതു പ്രതിസന്ധിയിലായി. ജഗതി ഉള്‍പ്പെടുന്ന പ്രധാന ഗാനരംഗം ഉപേക്ഷിച്ചു. ജഗതിയുടെ ഭാഗത്തെ ഡബ്ബിംഗ് ജോലികള്‍ മിമിക്രി ആര്‍ട്ടിസ്റ്റിനെക്കൊണ്ട് ചെയ്യിക്കുകയും ചെയ്തു.

കൗബോയിക്കും ഇനി നാലു ദിവസത്തെ ഷൂട്ട് ബാക്കിയുണ്ട്. പകരം ആരെ വയ്ക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. തമിഴ്‌നടന്‍ വിവേകിനാണു സാധ്യത. ഷൂട്ടിംഗ് അടുത്ത മാസം പുനരാരംഭിക്കും. ജഗതിക്കു പകരം പുതിയ നടനെ വച്ചാല്‍ സ്‌ക്രിപ്റ്റ് മാറ്റിയെഴുതേണ്ടിവരും. അതോടെ കഥയും മാറണമെന്നതാണു പ്രതിസന്ധി രൂക്ഷമാക്കുന്നത്.

പല കാരണങ്ങളാലും ഷൂട്ടിംഗ് നീണ്ടു പോയ മിസ്റ്റര്‍മരുമകന്‍ ഈ സിനിമയുടെ ചിത്രീകരണത്തെയാണ് അപകടം ഏറെയും ബാധിച്ചത്. കഴിഞ്ഞ മാസം 25 ന് എല്ലാ താരങ്ങളുടേയും ഡേറ്റ് വാങ്ങി ഷൂട്ടിംഗ് നടത്താനിരിക്കുമ്പോഴാണ് അപകടം. മറ്റൊരു മാര്‍ഗവുമില്ലാതെ വന്നതോടെ ജഗതിയുടെ കഥാപാത്രം ബാബുരാജിനു നല്‍കി അതുവരെ ചിത്രീകരിച്ചതൊക്കെയും റീ ഷൂട്ട് ചെയ്യാനാണു തീരുമാനം.

ഫ്രൈഡേ, സ്പിരിറ്റ്, ഇടവപ്പാതി തുടങ്ങിയ ചിത്രങ്ങളില്‍ ജഗതിയെ മുന്നില്‍കണ്ടായിരുന്നു തിരക്കഥ തയ്യാറാക്കിയിരുന്നത്. ജഗതിയുടെ അസാന്നിധ്യം എങ്ങനെ പരിഹരിക്കുമെന്ന ആലോചനയിലാണ് ഈ ചിത്രങ്ങളുടെ അണിയറ പ്രവര്‍ത്തകര്‍.

Malayalam News

Kerala News in English

Advertisement